കേജ്‌രിവാളിന് ജാമ്യമില്ല, ഹർജി തള്ളി കോടതി; ജയിലിൽ തുടരണം

Wednesday 05 June 2024 4:45 PM IST

ന്യൂഡൽഹി:ഇടക്കാല ജാമ്യം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് കേജ്‌രിവാൾ സമർപ്പിച്ച ഹർജി ഡൽഹി റൗസ് അവന്യൂ കോടതി തള്ളി. ഇതോടെ കേജ്‌രിവാളിന് തിഹാർ ജയിലിൽ ഇനിയും തുടരേണ്ടിവരും.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജൂൺ ഒന്നുവരെ സുപ്രീംകോടതി അനുവദിച്ച ജാമ്യം ഒരാഴ്ച കൂടി നീട്ടിനൽകണമെന്നാവശ്യപ്പെട്ട് കേജ്‌രിവാൾ ആദ്യം സുപ്രീം കോടതിയെയും സുപ്രീം കോടതി രജിസ്ട്രിയെയും പിന്നീട് വിചാരണക്കോടതിയെയും സമീപിക്കുകയായിരുന്നു. ജൂൺ രണ്ടിന് വിചാരണക്കോടതി ഹർജി പരിഗണിച്ചെങ്കിലും വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരന്നു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേജ്‌രിവാൾ ജാമ്യത്തിന് അപേക്ഷിച്ചത്.

മദ്യനയക്കേസിൽ സുപ്രീംകോടതി അനുവദിച്ച ഇടക്കാല ജാമ്യത്തിന്റെ കാലാവധി അവസാനിച്ചതോടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ജൂൺ രണ്ടിന് തീഹാർ ജയിലിൽ കീഴടങ്ങി. മഹാത്മാഗാന്ധി അന്ത്യവിശ്രമം കൊള്ളുന്ന രാജ്ഘട്ടിലും കണോട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിലും പ്രാർത്ഥിച്ചശേഷം ആംആദ്മി പാർട്ടി ആസ്ഥാനത്തെത്തി പ്രവർത്തകരെ അഭിസംബോധന ചെയ്‌തശേഷം വൈകിട്ട് അഞ്ചിനാണ് ജയിലിലെത്തിയത്. തുടർന്ന് വീഡിയോ കോൺഫറൻസ് മുഖേന റൗസ് അവന്യു കോടതി ജഡ്‌ജി മുൻപാകെ ഹാജരാക്കി. ജൂൺ അഞ്ചുവരെ കോടതി അദ്ദേഹത്തെ റിമാൻഡ് ചെയ്യുകയായിരുന്നു.