ദേശീയ പാതയിൽ അപകടക്കെണി.... സുരക്ഷയൊരുക്കാൻ ഈ ക്രാഷ് ബാരിയർക്കാവില്ല !

Thursday 06 June 2024 12:07 AM IST

മുണ്ടക്കയം ഈസ്റ്റ് : മിന്നിച്ച് കിടക്കുന്ന മുണ്ടക്കയം - കുട്ടിക്കാനം റോഡിലെ കൊടുവളവുകളിൽ വീശിയെടുത്ത് വരുന്ന വാഹനയാത്രക്കാർ സൂക്ഷിക്കണം. നിങ്ങളെ രക്ഷിക്കാൻ ഈ ക്രാഷ് ബാരിയറുകൾക്കാവില്ല. വാഹനം ഏത് നിമിഷവും കൊക്കയിലേക്ക് പതിക്കാം. 10 വർഷത്തിലധികം പഴക്കം ചെന്ന ക്രാഷ് ബാരിയറുകളിൽ പലതും തുരുമ്പെടുത്ത് നാശത്തിന്റെ വക്കിലാണ്. ചെറുവാഹനങ്ങൾ വന്നു തട്ടിയാൽ പോലും തകർന്നു പോകുന്ന അവസ്ഥ. ക്രാഷ് ബാരിയറുകൾ സ്ഥാപിച്ചിരിക്കുന്ന ഭൂരിപക്ഷം തൂണുകളും ഇളകി നിൽക്കുകയാണ്. മണ്ണുമായി ബന്ധം വേർപെട്ട് നിൽക്കുന്നതിനാൽ വാഹനങ്ങൾ മുട്ടിയാൽ ഇളകി മാറും. ആഴ്ചകൾക്കു മുൻപ് പുല്ലുപാറയ്ക്ക് സമീപം രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ കാർ ക്രാഷ് ബാരിയറിൽ ഇടിച്ചു കാർ കൊക്കയിലേക്കു പതിക്കുകയായിരുന്നു. 600 അടി താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്. പരിക്കേറ്റവർ ഇപ്പോഴും ചികിത്സയിലാണ്. അപകടത്തിൽ തകർന്ന ബാരിയറുകൾ ചില സ്ഥലങ്ങളിൽ റോഡിലേക്ക് വീണുകിടക്കുകയാണ്.വീതി കുറഞ്ഞ ദേശീയപാതയിൽ ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്.

ടാർ വീപ്പകൾ നിരത്തി വച്ചാൽ എന്ത് സുരക്ഷ

ക്രാഷ് ബാരിയർ തകർന്നു കിടക്കുന്ന സ്ഥലങ്ങളിൽ ഇവ പുനഃസ്ഥാപിക്കുന്നതിന് പകരം വച്ചിരിക്കുന്നത് ടാർ വീപ്പകളാണ്. കൂടാതെ അപകട മുന്നറിയിപ്പിനായി റിബൺ വലിച്ചു കെട്ടിയിരിക്കുകയാണ്. 17 കിലോമീറ്റർ ദൂരത്ത് നിരവധി ഇടങ്ങളിലാണ് ഇത്തരത്തിൽ ക്രാഷ് ബാരിയർ ഇല്ലാതെ കിടക്കുന്നത്. ഇതാകട്ടെ എല്ലാം കുത്തനെയുള്ള ഇറക്കങ്ങൾ, കൊടുംവളവുകൾ എന്നിവ നിറഞ്ഞ സ്ഥലങ്ങൾ. രാത്രി മൂടൽമഞ്ഞ് കൂടിയാകുന്നതോടെ ഇവിടെ അപകടസാദ്ധ്യത വർദ്ധിക്കുകയാണ്. ക്രാഷ് ബാരിയറുകൾനവീകരിച്ച് സുരക്ഷ ശക്തമാക്കണമെന്നാണ് ആവശ്യം.

നിർമ്മാണത്തിൽ അപാകത

യാതൊരുവിധ ബലപ്പെടുത്തലും നടത്താതെയാണ് മിക്ക സ്ഥലങ്ങളിലും ബാരിയറുകൾ സ്ഥാപിച്ചിരിക്കുന്നത്. വാഹനം ഇടിക്കുമ്പോൾ ചുവടിളകി ക്രാഷ് ബാരിറയുകൾ ഉൾപ്പെടെയാണ് താഴേക്ക് പതിക്കുന്നത്. നിർമാണത്തിലെ അപാകതയാണ് ഇവ വേഗത്തിൽ തകരാൻ ഇടയാക്കിയതെന്നാണ് ആക്ഷേപം.

കഴിഞ്ഞ ഒരു മാസം : 20 അപകടം

''മഴ ശക്തമായതോടെ അടിയന്തരമായി പുതിയ ക്രാഷ് ബാരിയറുകൾ സ്ഥാപിച്ച് അപകടഭീഷണി ഒഴിവാക്കണം. രാത്രികാലങ്ങളിൽ വഴി പരിചയമില്ലാതെ എത്തുന്ന യാത്രക്കാരാണ് അപകടത്തിൽപ്പെടുന്നതിലേറെയും. അമിതവേഗതയിലെത്തുന്നവർ വശങ്ങളിലേക്ക് വെട്ടിക്കുമ്പോൾ വാഹനം കൊക്കയിലേക്ക് പതിക്കും.

-സതീശൻ, മുണ്ടക്കയം

Advertisement
Advertisement