'കണ്ടത് സിപിഎം- ബിജെപി ഡീൽ, ജനവിരുദ്ധ  സർക്കാരിന്റെ  മുഖത്തേറ്റ  പ്രഹരമാണ്  യുഡിഎഫിന്  അനുകൂലമായ  ജനവിധി'

Wednesday 05 June 2024 5:26 PM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ ജനങ്ങൾ എത്രമാത്രം വെറുക്കുന്നു എന്നതിന്റെ പ്രതിഫലനം തിരഞ്ഞെടുപ്പ് ഫലത്തിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജനവിരുദ്ധ സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണ് യുഡിഎഫിന് അനുകൂലമായ ജനവിധിയെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ വീഴ്ചകളും ജനദ്രോഹ നടപടികളും തുറന്നുകാട്ടുന്നതിൽ യുഡിഎഫ് ജയിച്ചെന്നും വി ഡി സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

'കേരളത്തിൽ എൽഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് സമ്മതിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ അതിന്റെ കാരണങ്ങളെക്കുറിച്ച് മിണ്ടുന്നില്ല. മാദ്ധ്യമങ്ങളുടെ മുന്നിൽ വരാനോ ചോദ്യങ്ങളെ നേരിടാനോ മുഖ്യമന്ത്രി തയാറല്ല. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ അധിക്ഷേപിക്കുകയും വ്യാജ പ്രചാരണം നടത്തി വർഗീയത ഇളക്കിവിടാനുമാണ് മുഖ്യമന്ത്രി ശ്രമിച്ചത്. കോൺഗ്രസ് മുക്ത ഭാരതത്തിന് ശ്രമിച്ച ബിജെപിക്കൊപ്പം കോൺഗ്രസ് മുക്ത കേരളത്തിന് ശ്രമിച്ച മുഖ്യമന്ത്രിയുടെ ദുഷ്‌പ്രചരണത്തിന് കിട്ടിയ കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലം.

കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങൾ മരവിപ്പിക്കുന്നതിന് തൃശൂർ സീറ്റ് ബിജെപിക്ക് നൽകിയതിന്റെ സൂത്രധാരനും മുഖ്യമന്ത്രിയാണ്. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ യുഡിഎഫ് പറഞ്ഞ ആശങ്ക ഇപ്പോൾ സത്യമായി. തൃശൂരിലെ സിപിഎം കോട്ടകളിൽ വ്യാപകമായ വോട്ടു ചോർച്ചയുണ്ടായി. രഹസ്യ ധാരണയ്ക്കപ്പുറം പരസ്യമായ സിപിഎം- ബിജെപി ഡീലാണ് ഈ തിരഞ്ഞെടുപ്പിൽ കണ്ടത്. തൃശൂരിലെ ബിജെപിയുടെ വിജയം ഗൗരവമായി കാണണമെന്ന് ഇപ്പോൾ പറയുന്ന മുഖ്യമന്ത്രി ആദ്യം ആത്മപരിശോധന നടത്തുകയാണ് വേണ്ടത്'- വി ഡി സതീശൻ പ്രതികരിച്ചു.

Advertisement
Advertisement