പാലായിലും ചാഴികാടൻ പിന്നിൽ (ഡെക്ക്) തട്ടകത്തിലെ തിരിച്ചടിയ്ക്ക് മറുപടിയില്ലാതെ ജോസ്

Thursday 06 June 2024 12:29 AM IST

പാലാ : കേരള കോൺഗ്രസ് എമ്മിന്റെ തട്ടകമായ പാലാ മണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും, നഗരസഭയിലും തോമസ് ചാഴികാടൻ പിന്നിലായതിന്റെ ഞെട്ടലിലാണ് ഇടത് ക്യാമ്പും, പ്രത്യേകിച്ച് ജോസ് വിഭാഗം. ഇടത് വോട്ടുകളടക്കം കൂട്ടത്തോടെ ഫ്രാൻസിസ് ജോർജിന് ലഭിച്ചെന്നാണ് ഫലം വ്യക്തമാക്കുന്നത്. പാലാ നഗരസഭ, കരൂർ, കൊഴുവനാൽ,മീനച്ചിൽ, എലിക്കുളം, തലനാട്, കടനാട് പഞ്ചായത്തുകൾ ഭരിക്കുന്നത് ഇടത് മുന്നണിയാണ്. ഇതിൽ മീനച്ചിൽ, പാലാ നഗരസഭ, കരൂർ എന്നിവിടങ്ങളിൽ ഭരണം കൈയാളുന്നത് മാണിഗ്രൂപ്പ് പ്രതിനിധികളാണ്. കരൂരിൽ മാത്രമാണ് ചാഴികാടന് ലീഡ് കിട്ടിയത്. കടനാട് പഞ്ചായത്തിലാണ് ഫ്രാൻസിസ് ജോർജിന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം , 2147 വോട്ട്. പാലാ നഗരസഭ : 1458, മീനച്ചിൽ : 585, എലിക്കുളം : 1323, കൊഴുവനാൽ : 312 , തലനാട് : 194 എന്നിവിടങ്ങളിലും യു.ഡി.എഫ് സ്ഥാനാർത്ഥി ലീഡ് നേടി.

വില്ലനായത് പ്രാദേശിക തർക്കം

കടനാട്ടിൽ സി.പി.എമ്മും, കേരള കോൺഗ്രസ് എമ്മും തമ്മിൽ അഭിപ്രായ ഭിന്നത രൂക്ഷമാണ്. പാലാ നഗരസഭയിൽ ചെയർമാൻ സ്ഥാനം, എയർപോഡ് മോഷണം എന്നിവയെ ചൊല്ലി തർക്കം പതിവാണ്. മീനച്ചിൽ പഞ്ചായത്തിൽ സി.പി.എമ്മിലെ മുതിർന്ന നേതാവും പഞ്ചായത്ത് ഭരിക്കുന്ന മാണിഗ്രൂപ്പ് നേതൃത്വവും തമ്മിൽ ശീതസമരത്തിലാണ്. പ്രാദേശികതലത്തിൽ പരിഹരിക്കേണ്ട ചെറിയ പ്രശ്നങ്ങൾ പോലും വലുതാക്കിയത് നേതാക്കളുടെ ഇടപെടൽ ഇല്ലാത്തതിനാലാണ്. തിരഞ്ഞെടുപ്പിലെ വൻതോൽവിയ്ക്ക് പിന്നാലെ ഇക്കാര്യം ഗൗരവമായി പരിശോധിക്കുമെന്നാണ് ഇരുപാർട്ടികളിലെയും നേതാക്കൾ പറയുന്നത്.

പതറിനിന്ന അണികളെ ഒപ്പം കൂട്ടിയില്ല

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലംമുതൽ രാഷ്ട്രീയം മറന്ന് മാണി സി.കാപ്പനെ അനുകൂലിച്ച ഇടതുമുന്നണി പ്രവർത്തകരെ തിരികെ കൊണ്ടുവരാൻ കഴിയാത്തതും തിരിച്ചടിയായി. ഇതോടൊപ്പം ഭരണവിരുദ്ധ വികാരവും, ചില നേതാക്കന്മാരോടുള്ള എതിർപ്പും ,തുഷാറിന്റെ സാന്നിദ്ധ്യവും കൂടിയായപ്പോൾ ഇടത് പതനം പൂർത്തിയായി. ഈ പോരായ്മകളെല്ലാം മികവുകളാക്കി ചിട്ടയായ പ്രവർത്തനം യു.ഡി.എഫ് കാഴ്ചവച്ചപ്പോൾ ഭൂരിപക്ഷവും വർദ്ധിച്ചു.

Advertisement
Advertisement