12 ലിറ്റര്‍ പെട്രോളില്‍ 840 കിലോമീറ്റര്‍ വരെ ഓടാം, ഹമ്പോ എന്തൊരു മൈലേജ്

Wednesday 05 June 2024 8:12 PM IST

പെട്രോള്‍ വില കുതിക്കുന്നത് കാരണം കുടുംബ ബഡ്ജറ്റുകള്‍ പോലും താളം തെറ്റാന്‍ തുടങ്ങിയിട്ട് കാലം ഒരുപാടായി. എന്നാല്‍ വേഗതയുടെ ഈ കാലഘട്ടത്തില്‍ ഒരു വാഹനമെങ്കിലും സ്വന്തമായി ഇല്ലാതെ മുന്നോട്ട് പോകാന്‍ കഴിയുകയും ഇല്ല. ശമ്പളം കിട്ടുന്നതില്‍ നല്ലൊരു പങ്കും പെട്രോളിന് വേണ്ടി ചിലവാക്കാതെ ലാഭിക്കണമെന്ന് ചിന്തിക്കുന്നവരാണ് ബഹുഭൂരിപക്ഷം വരുന്ന ഇടത്തരക്കാര്‍. അതുകൊണ്ട് തന്നെ ഒരു വാഹനം വാങ്ങുമ്പോള്‍ ആദ്യം പരിഗണിക്കുന്നത് എത്ര മൈലേജ് കിട്ടും എന്നത് തന്നെയാണ്.

ഇരുചക്രവാഹനങ്ങളുടെ കാര്യത്തില്‍ ഈ ചോദ്യത്തിനുള്ള ഉത്തരം മിക്കവാറും എത്തി നില്‍ക്കുക ഹീറോയുടെ സ്‌പ്ലെന്‍ഡര്‍ എന്ന ജനപ്രിയ മോഡലിലേക്കാണ്. വര്‍ഷങ്ങള്‍ പഴക്കമുള്ള മോഡലിന് പോലും പുതിയ വണ്ടിയുടെ അതേ ഡിമാന്‍ഡ് ഇന്നും സ്‌പ്ലെന്‍ഡറിനുണ്ട്. പുതിയ സ്‌പ്ലെന്‍ഡര്‍ നല്‍കുന്ന മൈലേജ് അവിശ്വസനീയമാണ്. ഒരു ലിറ്റര്‍ പെട്രോള്‍ അടിച്ചാല്‍ 70 കിലോമീറ്റര്‍ വരെയാണ് ശരാശരി കിട്ടുന്ന മൈലേജ്. കമ്പനി അവകാശപ്പെടുന്നത് ലിറ്ററിന് 80 കിലോമീറ്റര്‍ വരെ കിട്ടുമെന്നാണ്. 12 ലിറ്റര്‍ ആണ് വാഹനത്തിന്റെ ഇന്ധന ക്ഷമത.

പ്രതിമാസം രണ്ടര ലക്ഷം ബൈക്കുകള്‍ വരെ ഹീറോ സ്‌പ്ലെന്‍ഡര്‍ വില്‍ക്കുന്നുണ്ടെന്നാണ് കണക്കുകള്‍. മൈലേജ് മാത്രം പരിഗണിക്കുമ്പോഴാണ് 25 വര്‍ഷം പഴക്കമുള്ള ഈ മോഡല്‍ സൂപ്പര്‍ ബൈക്കുകളുടെ കൂടെ വില്‍പ്പനയുടെ കാര്യത്തില്‍ നിരത്തില്‍ പിടിച്ച് നില്‍ക്കുന്നത്. എന്നാല്‍ വെറും മൈലേജ് മാത്രമല്ല സ്‌പ്ലെന്‍ഡറിനെ ജനപ്രിയമാക്കുന്നതെന്നതാണ് വസ്തുത. വിശ്വസനീയമായ മികച്ച എഞ്ചിനാണ് ഹീറോ സ്‌പ്ലെന്‍ഡറിന്റെ പ്രധാന സവിശേഷതകളില്‍ ഒന്ന്.

100 സിസി ബൈക്കായ സ്‌പ്ലെന്‍ഡര്‍ നഗരങ്ങളിലും ഹൈവേകളിലും ഒരുപോലെ സുഖപ്രദമാണ്. 85 കിലോമീറ്റര്‍ വേഗതയില്‍പ്പോലും വണ്ടിക്ക് യാതൊരു തരത്തിലുള്ള ഷിവറിംഗും അനുഭവപ്പെടില്ലെന്നതാണ് പ്രധാനപ്പെട്ട നേട്ടം. വളരെ സൗകര്യപ്രദമായ സസ്‌പെന്‍ഷന്‍ സംവിധാനമാണ് ഹീറോ സ്പ്ലെന്‍ഡര്‍ പ്ലസിന്റെ ഒരു പ്രത്യേകത. ഇത് നഗരത്തിലെ സവാരികള്‍ക്കും മോശം റോഡുകളിലൂടെയുള്ള കറക്കങ്ങള്‍ക്കും അനുയോജ്യമാക്കുന്നു. 165 എംഎം ഗ്രൗണ്ട് ക്ലിയറന്‍സിന്റെ ബലത്തില്‍ പരുക്കന്‍ ഭൂപ്രദേശങ്ങള്‍ ബൈക്ക് എളുപ്പത്തില്‍ കൈകാര്യം ചെയ്യാനും സാധിക്കും.

Advertisement
Advertisement