ഇടുക്കിയിൽ തനിയാവർത്തനം; മൂന്നാം പോരാട്ടത്തിൽ രണ്ടാംവട്ടവും ഡീൻ
ഇടത് സ്ഥാനാർത്ഥിയായി ജോയ്സ് ജോർജ്ജും യു.ഡി.എഫ് സ്ഥാനാർത്ഥിയായി ഡീൻ കുര്യാക്കോസും മൂന്നാം വട്ടവും ഏറ്റുമുട്ടിയപ്പോൾ തുടർച്ചയായ രണ്ടാംവട്ടവും വിജയം ഡീനിനൊപ്പം, അതും 1,33,727 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷത്തിൽ. സംസ്ഥാനമാകെ ആഞ്ഞടിച്ച ഇടതുവിരുദ്ധ തരംഗമാണ് ഡീനിന്റെ ഭൂരിപക്ഷം ഇത്രയും വർദ്ധിപ്പിച്ചത്. ആകെ പോൾ ചെയ്ത 8,41,286 വോട്ടുകളിൽ 4,32,372 വോട്ടുകൾ ഡീനിന് ലഭിച്ചപ്പോൾ 2,98,645 വോട്ടുകൾ മാത്രമാണ് ജോയ്സിന് നേടാനായത്. എൻ.ഡി.എ സ്ഥാനാർത്ഥി സംഗീത വിശ്വനാഥൻ 91,323 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിച്ച് അവസാനിക്കും വരെ ഒരു ഘട്ടത്തിലും എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജിനോ എൻ.ഡി.എ സ്ഥാനാർത്ഥി സംഗീത വിശ്വനാഥനോ തന്റെ ലീഡിന്റെ പരിസരത്ത് പോലും എത്താൻ സമ്മതിക്കാത്ത വിധമായിരുന്നു ഡീനിന്റെ മുന്നേറ്റം. ആദ്യ ഫലസൂചന പുറത്ത് വന്നപ്പോൾ മുതൽ ഡീനിന് തന്നെയായിരുന്നു ആധിപത്യം. പിന്നീട് ഓരോ മണിക്കൂറിലും ഭൂരിപക്ഷം കുതിച്ചുയരുന്ന കാഴ്ചയാണ് കണ്ടത്. കഴിഞ്ഞ തവണത്തേക്കൾ പത്ത് ശതമാനത്തിനടുത്ത് പോളിംഗ് ശതമാനം കുറവായിട്ടും ഇത്രയും ഭൂരിപക്ഷം നേടിയത് യു.ഡി.എഫ് കേന്ദ്രങ്ങളെ പോലും ഞെട്ടിച്ചു. എൽ.ഡി.എഫിന് മികച്ച ലീഡ് പ്രതീക്ഷിച്ച മുൻമന്ത്രി എം.എം. മണിയുടെ മണ്ഡലമായ ഉടുമ്പഞ്ചോലയിലടക്കം ഏഴ് നിയോജകമണ്ഡലങ്ങളിലും യു.ഡി.എഫ് ലീഡ് നേടി. തൊടുപുഴ നിയോജകമണ്ഡലത്തിൽ മാത്രം 33,620 വോട്ടുകളുടെ ലീഡ് ഡീൻ സ്വന്തമാക്കി. മന്ത്രി റോഷി അഗസ്റ്റിന്റെ നിയോജകമണ്ഡലമായ ഇടുക്കിയിൽ 15,595 വോട്ടിന്റെ ഭൂരിപക്ഷം ഡീൻ നേടി. കേരള കോൺഗ്രസ് (എം) എൽ.ഡി.എഫിലേക്ക് പോയതിന്റെ യാതൊരു ക്ഷീണവും യു.ഡി.എഫിനുണ്ടായില്ല. മുൻ മന്ത്രി എം.എം. മണിയുടെ മണ്ഡലമായ ഉടുമ്പഞ്ചോലയിലും ഡീൻ 6760 വോട്ടുകളുടെ ലീഡ് നേടി. ഇത്തവണ 65.55 ശതമാനമായിരുന്നു പോളിംഗ്. കഴിഞ്ഞ തവണത്തേക്കാൾ 9.71 ശതമാനം പോളിംഗ് കുറഞ്ഞപ്പോൾ ഇരു മുന്നണികളും ആശങ്കയിലായിരുന്നു. എന്നാൽ ഇതൊന്നും ഡീനിന്റെ വൻവിജയത്തിന് തടസമായില്ല. 1,71,053 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു കഴിഞ്ഞ തവണ ഡീൻ ജോയ്സിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 78648 വോട്ടുകൾ നേടിയ എൻ.ഡി.എ ഇത്തവണ 91323 വോട്ടുകൾ നേടി. കഴിഞ്ഞ തവണ 5317 വോട്ടുകൾ നേടിയ നോട്ട ഇത്തവണ 9519 ആയി കൂടി. 2014ലെ പോലെ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന് കരുതിയ ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയാണ് ഈ പരാജയം.
കൈപ്പത്തിയ്ക്കടിയേറ്റ് ഇടതുപക്ഷം
നേരത്തെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ചിട്ടയായ പ്രവർത്തനം നടത്തിയിട്ടും കനത്ത പരാജയമേറ്റുവാങ്ങേണ്ടി വന്നതിന്റെ ആഘാതത്തിലാണ് ജില്ലയിൽ ഇടതുപക്ഷം. ജില്ലയിൽ ഇടതുപക്ഷത്തിന് ഉയർത്തിക്കാണിക്കാൻ കഴിയുന്ന ഏറ്റവും മികച്ച സ്ഥാനാർത്ഥിയെ തന്നെയാണ് അവർ മുന്നിൽ നിറുത്തിയത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് വളരെ മുമ്പ് തന്നെ ഓരോ നിയോജകമണ്ഡലത്തിലും ബൂത്ത് തലം മുതൽ എണ്ണയിട്ട യന്ത്രം പോലെ പാർട്ടി മെഷിനറി പ്രവർത്തിച്ചിരുന്നു. കുടുംബയോഗങ്ങളിലും സ്‌ക്വാഡ് വർക്ക് നടത്തുന്നതിലുമെല്ലാം ഇടതുപക്ഷം യു.ഡി.എഫിനേക്കാൾ വളരെ മുന്നിലാണെന്ന് എതിരാളികൾ പോലും പറഞ്ഞു. സ്വാധീനം കുറവുള്ള തൊടുപുഴ, മൂവാറ്രുപുഴ നിയോജകമണ്ഡലങ്ങളിൽ കുറയുന്ന വോട്ട് ഉടുമ്പഞ്ചോലയടക്കമുള്ള തങ്ങൾക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലങ്ങളിലൂടെ തിരികെ പിടിക്കാമെന്നായിരുന്നു ഇടത് കണക്കുകൂട്ടൽ. എന്നാൽ ഫലം വന്നപ്പോൾ എല്ലാ കണക്കുക്കൂട്ടലും തെറ്റിച്ച് വൻ പരാജയമാണ് ഇടതുപക്ഷത്തിനേറ്റത്. മൂവാറ്റുപുഴ, കോതമംഗലം, തൊടുപുഴ, ഇടുക്കി, ഉടുമ്പൻചോല, പീരുമേട്, ദേവികുളം എന്നീ ഏഴുനിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ ലീഡാണ് ഡീനിന് ലഭിച്ചത്. മലയോരമേഖലയിലും തോട്ടംമേഖലകളിലുമെല്ലാം വ്യക്തമായ ലീഡ് ഡീൻ കുര്യാക്കോസിനു തന്നെയായിരുന്നു. സംസ്ഥാനത്താകെ അലയടിച്ച യു.ഡി.എഫ് അനുകൂല തരംഗമാണ് പരാജയകാരണമെന്നാണ് എൽ.ഡി.എഫ് വിലയിരുത്തുന്നതെങ്കിലും ജില്ലയിലെ ചില പ്രതികൂല ഘടകങ്ങളും തോൽവിക്ക് വഴിവച്ചു.
ചർച്ചയായി
ജനകീയ വിഷയങ്ങൾ
പൊതുവെയുള്ള ഭരണവിരുദ്ധ വികാരത്തിനൊപ്പം ജില്ലയിലെ കർഷക ഭൂ പ്രശ്നങ്ങളും നിരന്തരമായുള്ള വന്യജീവിയാക്രമങ്ങളും എൽ.ഡി.ഫിനെതിരെ ചിന്തിപ്പിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചു. ഇടുക്കിയിലെ ഭൂ പ്രശ്നത്തിന് ശാശ്വതപരിഹാരം കാണുന്നതിനായി എൽ.ഡി.എഫ് സർക്കാർ കൊണ്ടുവന്ന ഭൂപതിവ് ചട്ടഭേദഗതിയും തിരഞ്ഞെടുപ്പിൽ കാര്യമായ ഫലം ചെയ്തില്ല. തിരഞ്ഞെടുപ്പിന് ശേഷമാണ് ബില്ലിൽ ഒപ്പിടാൻ ഗവർണർ തയ്യാറായതെന്നതിനാൽ ഇതിന്റെ നേട്ടം സ്വന്തമാക്കാൻ എൽ.ഡി.എഫിന് കഴിഞ്ഞില്ല. ജോയ്സ് മുൻ തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ മത്സരിച്ചതും ഗുണകരമായില്ലെന്നാണ് വിലയിരുത്തൽ. മന്ത്രിയുടെയും മുൻ മന്ത്രിയുടെയും മണ്ഡലത്തിൽ പോലും ഭൂരിപക്ഷം ഉയർത്താൻ കഴിഞ്ഞില്ലെന്നത് എൽ.ഡി.എഫിന് വലിയ തിരിച്ചടിയായി. മാത്രമല്ല ക്ഷേമപെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് മറിയക്കുട്ടിയെന്ന വൃദ്ധ നടത്തിയ ശ്രദ്ധേയമായ പിച്ചച്ചട്ടി സമരത്തിന് വേദിയായതും ഇടുക്കിയായിരുന്നു. ഇത് ജനങ്ങളെ സ്വാധീനിച്ചിരിക്കാം. ഇതിനെല്ലാം പുറമേ എൻ.ഡി.എയ്ക്ക് ബദലായി പാർലമെന്റിൽ കോൺഗ്രസിന്റെ ശബ്ദം മുഴങ്ങണമെന്നതും ജനങ്ങൾ ചിന്തിച്ചിരിക്കാം.
ഇടുക്കിയിൽ ശക്തമായ സ്വാധീനമുള്ള കേരള കോൺഗ്രസ് (എം) ഇടതുപക്ഷത്തേക്ക് വന്നതിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പായതിനാൽ എൽ.ഡി.എഫിന് വലിയ പ്രതീക്ഷയാണുണ്ടായിരുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതിന് ലഭിച്ച മേൽക്കൈ അവരുടെ പിന്തുണകൊണ്ടാണെന്നായിരുന്നു വിലയിരുത്തൽ. ഏഴ് നിയമസഭാ മണ്ഡലങ്ങളിലുമായി കേരളകോൺഗ്രസിന് (എം) 25,000 വോട്ടുണ്ടെന്നായിരുന്നു ഇടത് കണക്കുകൂട്ടൽ. ഇത് ജോയ്സിന്റെ വിജയത്തിലേക്ക് നയിക്കുമെന്ന് കരുതി. മാത്രമല്ല ഉടുമ്പഞ്ചോല, പീരുമേട്, ദേവികുളം മണ്ഡലങ്ങളിലെ തമിഴ് തോട്ടം മേഖലകളിൽ സ്വാധീനമുള്ള ഡി.എം.കെയുടെ പിന്തുണയും എൽ.ഡി.ഫിനുണ്ടായിരുന്നു. എന്നാൽ ഇതൊന്നും വോട്ടായി മാറിയില്ലെന്നതാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.
ആ റെക്കാഡും ഡീനിന് സ്വന്തം
കേരളത്തിലെ ഏറ്റവും വലിയ ലോക്സഭാ മണ്ഡലമായ ഇടുക്കിയിലെ റെക്കാഡ് ഭൂരിപക്ഷങ്ങൾ രണ്ടും ഡീൻ കുര്യാക്കോസിന്റെ പേരിലാണ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലായിരുന്നു ഇടുക്കിയിലെ ചരിത്രത്തിലെ ഏറ്രവും വലിയ ഭൂരിപക്ഷമായ 1,71,053 വോട്ട് ഡീൻ നേടിയത്. അന്ന് വയനാട്ടിൽ രാഹുൽ ഗാന്ധിയ്ക്ക് ലഭിച്ച ലീഡ് കഴിഞ്ഞുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു അത്. അതുവരെ ഇടുക്കിയിലെ റെക്കാഡായിരുന്ന പി.ജെ. കുര്യന്റെ 130624 വോട്ടാണ് ഡീൻ പഴങ്കഥയാക്കിയത്. ഇത്തവണയും ഈ ഭൂരിപക്ഷം മറികടന്ന് 1,33,727 വോട്ടുകളുമായാണ് ഡീൻ ഗംഭീര വിജയം നേടിയത്. ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ താരപ്രചാരകർ ആരുമെത്താത്ത ഏക മണ്ഡലം ഒരു പക്ഷേ ഇടുക്കിയാകും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനല്ലാതെ ഒരു പ്രധാനപ്പെട്ട നേതാവും ഡീനിന് വേണ്ടി വോട്ട് ചോദിക്കാൻ മല കയറിയില്ല. പ്രിയങ്ക ഗാന്ധിയെത്തുമെന്ന് ആദ്യമറിയിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ദേശീയ നേതാക്കൾ ആരും പ്രചാരണത്തിന് എത്താതിരുന്നിട്ടും ഇത്ര വലിയ വിജയം നേടിയത് ഇടുക്കിയിലെ യഥാർത്ഥ താരം ഡീൻ തന്നെയാണെന്നതിന് തെളിവാണ്.