ഖാലിസ്ഥാൻ അനുഭാവിയും തീവ്രവാദ കേസിലെ പ്രതിയും, ഈ രണ്ടുപേർ പാർലമെന്റിലെത്തുന്നത് ജയിലിൽ നിന്ന്

Wednesday 05 June 2024 9:14 PM IST

ന്യൂഡൽഹി: വിവിധ കേസുകളിൽ ജയിൽ ശിക്ഷയനുഭവിക്കുന്ന രണ്ട് പേർ ഇത്തവണ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഒരാൾ ഖാലിസ്ഥാൻ അനുകൂല സംഘടനയ്‌ക്ക് നേതൃത്വമേകുമ്പോൾ മറ്റൊരാൾ യു.എ.പി.എ പ്രകാരമാണ് തിഹാർ ജയിലിൽ കഴിയുന്നത്. അവർ ഇവരാണ്.

അമൃത്പാൽ സിംഗ് (സ്വതന്ത്രൻ)


ഖദൂർ സാഹിബ് (പഞ്ചാബ്)
ഭൂരിപക്ഷം 197120

ഖാലിസ്ഥാൻ അനുഭാവി. ' വാരിസ് പഞ്ചാബ് ദേ' സംഘടനയുടെ തലവൻ. 2023 മുതൽ ദേശീയ സുരക്ഷാ നിയമപ്രകാരം അസാമിലെ ദിബ്രുഗഢിലെ ജയിലിൽ. കോൺഗ്രസ് നേതാവ് കുൽബീർ സിംഗ് സിർസയെ ആണ് പരാജയപ്പെടുത്തിയത്.


എൻജിനിയർ റഷീദ് (സ്വതന്ത്രൻ)


ബാരാമുള്ള (ജമ്മു കാശ്മീർ)
ഭൂരിപക്ഷം 204142

തീവ്രവാദ ഫണ്ടിംഗ് കേസിൽ യു.എ.പി.എ നിയമ പ്രകാരം 2019 മുതൽ ഡൽഹി തീഹാർ ജയിലിൽ. ആവാമി ഇത്തിഹാദ് പാർട്ടി നേതാവ്. മുൻ എം.എൽ.എ. നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയെ ആണ് പരാജയപ്പെടുത്തിയത്.

അതേസമയം 25 വയസ് മാത്രം പ്രായമുള്ള നാലുപേർ ഇത്തവണ ലോക്‌സഭയിലേക്ക് ജയിച്ചിട്ടുണ്ട്. സഭയിലെ 'ബേബി'മാർ ഇവരാണ്. ലോക്ജനതാ ശക്തി പാർട്ടിയുടെ ശാംഭവി ചൗധരി, കോൺഗ്രസിന്റെ സഞ്ജന ജാദവ് സമാജ് വാദി പാർട്ടിയുടെ ടിക്കറ്റിൽ മത്സരിച്ച പുഷ്പേന്ദ്ര സരോജ്, പ്രിയ സരോജ് എന്നിവരാണ് പ്രായം കുറഞ്ഞ എം.പിമാരാകാൻ പോകുന്നത്.


ശാംഭവി ചൗധരി
ബീഹാറിലെ നിതീഷ് കുമാർ മന്ത്രിസഭയിൽ മന്ത്രിയായിരുന്ന അശോക് ചൗധരിയുടെ മകളാണ് ശാംഭവി ചൗധരി. സമസ്തിപൂർ നിയോജക മണ്ഡലത്തിൽ നിന്ന് കോൺഗ്രസിന്റെ സണ്ണി ഹസാരിയെ പരാജയപ്പെടുത്തിയാണ് എൻ.ഡി.എ സ്ഥാനാർത്ഥിയായ ഈ 25 കാരി വിജയിച്ചത്. ജെ.ഡി.യു മന്ത്രി മഹേശ്വർ ഹസാരിയുടെ മകനാണ് സണ്ണി ഹസാരി. പ്രചാരണവേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ശാംഭവി എൻ.ഡി.എയുടെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാർത്ഥിയാണെന്ന് പറഞ്ഞിരുന്നു.

സഞ്ജന ജാദവ്
രാജസ്ഥാനിലെ ഭരത്പൂർ മണ്ഡലത്തിൽ നിന്നാണ് 25കാരിയായ സഞ്ജന ജാദവ് വിജയിച്ചത്. ബി.ജെ.പിയുടെ രാംസ്വരൂപ് കോലിയെ 51,983 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ രമേഷ് ഖേദിയോട് 409 വോട്ടുകൾക്ക് പരാജയപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥനായ കപ്തൻ സിംഗാണ് ഭർത്താവ്.

പുഷ്പേന്ദ്ര സരോജ്
മുമ്പ് ബി.ജെ.പി കൈവശം വച്ചിരുന്ന കൗശമ്പി സീറ്റിൽ നിന്ന് എസ്.പി സ്ഥാനാർത്ഥിയായാണ് പുഷ്പേന്ദ്ര സരോജ് രാഷ്ട്രീയത്തിലെത്തുന്നത്. ബി.ജെ.പി സിറ്റിംഗ് എം.പി വിനോദ് കുമാർ സോങ്കറിനെ 103,944 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി വിജയം. സിറ്റിംഗ് ബി.ജെ.പി എം.പി വിനോദ് കുമാർ സോങ്കറിനെ 103,944 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. അഞ്ച് തവണ എം.എൽ.എയും മുൻ ഉത്തർപ്രദേശ് മന്ത്രിയുമായ ഇന്ദർജിത് സരോജിന്റെ മകനാണ്.

പ്രിയ സരോജ്
ഉത്തർപ്രദേശിലെ മച്ച്ലിഷഹർ മണ്ഡലത്തിൽ നിന്ന് 35,850 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം. സിറ്റിംഗ് ബി.ജെ.പി എം.പി ഭോലാനാഥിനെതിരെയാണ് മത്സരിച്ചത്. മൂന്ന് തവണ എം.പിയായ തൂഫാനി സരോജിന്റെ മകളാണ് പ്രിയ.

Advertisement
Advertisement