വെള്ളപ്പൊക്ക കെടുതി മാറാതെ കൊല്ലകേരി.... മഴയ്ക്ക് ശമനം, ദുരിതത്തിന് അറുതിയില്ല

Thursday 06 June 2024 2:19 AM IST

കുമരകം : മഴയുടെ ശക്തി കുറഞ്ഞു, തോട്ടിലെ ജലനിരപ്പ് താഴ്ന്നു. എന്നിട്ടും വെള്ളപ്പൊക്ക കെടുതിയിൽ നിന്ന് കരകയറാതെ ഇരട്ടി ദുരിതം പേറുകയാണ് കുമരകം അഞ്ചാം വാർഡിലെ കൊല്ലകേരി നിവാസികൾ. സമീപത്തെ പാടശേഖരത്തിലെ വട്ടതുരുത്തുകളിലും പുറം ബണ്ടുകളിലുമായി താമസിക്കുന്ന നൂറ്റമ്പതിലേറെ കുടുംബങ്ങൾക്കാണ് ഈ നരകയാതന. വാർഡിലെ പഞ്ചായത്ത് എൽ.പി സ്കൂൾ പരിസരവും വെള്ളത്തിലാണ്.

ശക്തമായ മഴയിൽ പാടത്തും, റോഡിലും, പറമ്പുകളിലും, വീടുകളിലും നിറയെ വെള്ളമായിരുന്നു. മഴയക്ക് നേരിയ ശമനമുണ്ടായിട്ടും പാടത്തെ വെള്ളം പുറത്തു പോകാതെ കെട്ടിക്കിടക്കുന്നതിനാൽ ഇവർക്ക് പുറംലോകവുമായി ബന്ധപ്പെടാനാകുന്നില്ല. കക്കൂസ് നിറഞ്ഞൊഴുകി മാലിന്യം പരന്നൊഴുകുകയാണ്. ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കും. പാടത്തു നിന്നും തോട്ടിലേയ്ക്കുള്ള പൊതുമട പൂർണമായി തുറക്കാതിരുന്നതും , വിരിപ്പു കൃഷിയ്ക്കായി നിർമ്മിച്ച റിംഗ് ബണ്ടിൽ നിന്ന് ചാക്ക് എടുത്തുമാറ്റി വെള്ളം ഒഴുക്കിവിടാൻ പാടശേഖരസമിതി കൂട്ടാക്കാത്തതാണ് ദുരിതത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. പ്രശ്‌നം ഗുരുതരമായതോടെ ഡി.വൈ.എഫ്.ഐ പ്രവർത്തകരും , പാടശേഖരസമിതി ഭാരവാഹികളും തമ്മിൽ തർക്കവും നടന്നിരുന്നു.

പാടശേഖരസമിതിയുടെ പിടിവാശി

ആലോചനയില്ലാതെ ബണ്ടിലെ മണ്ണ് ചാക്ക് നീക്കം ചെയ്തവർക്കെതിരെ പാടശേഖരസമിതി പൊലീസിൽ പരാതി നൽകിയിരുന്നു. കൃഷി കഴിഞ്ഞാലുടൻ മടകൾ മുറിച്ച് വെള്ളം കയറ്റിയിടുകയാണ് പതിവ്. മോട്ടോർ തറയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി വെള്ളം കയറ്റാൻ രണ്ട് മാസത്തിലേറെ താമസിച്ചിരുന്നു. അടുത്ത വിരിപ്പ് കൃഷിയ്ക്കായുള്ള ഒരുക്കങ്ങൾ തുടങ്ങാറായതിനാൽ മട പൂർണമായി തുറക്കാൻ മടി കാണിച്ചത് പാടശേഖര സമിതിയുടെ അനാസ്ഥയാണെന്നാണ് ആരോപണം.

''പാടശേഖരസമിതി പണം മുടക്കി നിർമ്മിച്ച ബണ്ട് പൊളിച്ച് ഒഴുക്കുണ്ടാക്കി മീൻ പിടിച്ചതിനാലാണ് വാർഡ് മെമ്പറുമായി ആലോചിച്ച് പരാതി നൽകിയത്.

മോഹനൻ, കൺവീനർ പാടശേഖര സമിതി

Advertisement
Advertisement