കൊട്ടിയൂരിൽ ഇന്ന് രോഹിണി ആരാധന

Wednesday 05 June 2024 9:41 PM IST

കൊട്ടിയൂർ:കൊട്ടിയൂരിൽ ഇന്ന് രോഹിണി ആരാധന.വൈശാഖ മഹോത്സവത്തിലെ നാല് ആരാധനാ പൂജകളിൽ അവസാനത്തേതും പ്രാധാന്യം ഏറെയുള്ളതുമാണ് രോഹിണി ആരാധന. ആരാധനാ ദിവസങ്ങളിലെ പതിവു ചടങ്ങുകൾക്കൊപ്പം പൂർണപുഷ്പാഞ്ജലിയും ആലിംഗന പൂജയും രോഹിണി ആരാധനാ നാളിലെ പ്രത്യേകതകളാണ്.
ആരാധനാ പൂജയുടെ ഭാഗമായി പൊന്നിൻ ശീവേലി, ആരാധനാ സദ്യ, പാലമൃത് അഭിഷേകം എന്നിവ നടത്തും. സന്ധ്യയ്ക്കാണ് പാലമൃതഭിഷേകവും കളഭാഭിഷേകവും നടത്തുക. പാലമൃത് അഭിഷേകത്തിനുള്ള പഞ്ചഗവ്യം കൊട്ടിയൂരിൽ തന്നെയാണ് തയ്യാറാക്കുന്നത്. കോട്ടയം പടിഞ്ഞാറേ കോവിലകത്ത് നിന്ന് നൽകുന്ന പൂജാ വസ്തുക്കളാണ് രോഹിണി നാൾ ആരാധനാ പൂജയ്ക്ക് ഉപയോഗിക്കുക.രോഹിണി ആരാധനയിലെ സുപ്രധാന ചടങ്ങ് കുറുമാത്തൂർ ഇല്ലത്തെ നായ്ക്കൻ സ്ഥാനികൻ നടത്തുന്ന ആലിംഗന പുഷ്പാഞ്ജലിയാണ്.

(ദക്ഷനാൽ അപമാനിതയായി യാഗാഗ്നിയിൽ സതീദേവിയുടെ ദേഹ ത്യാഗത്തെ തുടർന്ന് കോപിതനായി മുച്ചൂടും മുടിക്കുന്ന മഹാദേവനെ മഹാവിഷ്ണു മുറുകെ കെട്ടിപ്പിടിച്ച് ഭക്തിപൂർവം സാന്ത്വനിപ്പിച്ച് താപം ശമിപ്പിക്കുന്ന
ക്ഷേത്ര ഉല്പത്തി പുരാവൃത്ത സന്ദർഭത്തെ അനുസ്മരിപ്പിക്കുന്നതാണ് ആലിംഗന പുഷ്പാഞ്ജലി.)

ആലിംഗന പുഷ്പാഞ്ജലി സമയത്ത് പ്രദക്ഷിണ വഴിയായ തിരുവഞ്ചിറയിൽ ആർക്കും ഇറങ്ങാൻ അനുവാദമില്ല. ഓച്ചറും സംഘവും നടത്തുന്ന വിശേഷ വാദ്യങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രോച്ചാരണങ്ങളോടെ തുളസി കതിരും ജലവും അർപ്പിച്ച ശേഷം സ്വയംഭൂ വിഗ്രഹത്തെ ആലിംഗനം ചെയ്തു നടത്തുന്ന പൂജയാണ് ആലിംഗന പുഷ്പാഞ്ജലി.സ്ഥാനികനായ കുറുമാത്തൂർ നായ്ക്കൻ ഇത്തവണ ആലിംഗന പുഷ്പാഞ്ജലി നടത്താൻ അക്കരെ സന്നിധിയിൽ എത്തിച്ചേരുമെന്ന പ്രതീക്ഷയിലാണ് ഭക്തജനങ്ങൾ.

ഇന്നലെ പുലർച്ചെ മുതൽ തന്നെ കൊട്ടിയൂരിൽ അനുഭവപ്പെട്ട ഭക്തജന തിരക്കിന് രാത്രിയിലും കാര്യമായ വ്യത്യാസമുണ്ടായില്ല. രോഹിണി ആരാധനാ നാളിലെ ഭക്തജനത്തിരക്ക് പരിഗണിച്ച് വേണ്ട മുന്നൊരുക്കങ്ങൾ അധികൃതർ സ്വീകരിച്ചിട്ടുണ്ട്.

(സർ,

വേറെ നല്ല പടം കാട്ടിയാൽ അയക്കാം.)

Advertisement
Advertisement