ചരിത്രം കുറിച്ച് സ്റ്റാർലൈനർ; മൂന്നാമതും സുനിത വില്യംസ്

Thursday 06 June 2024 4:31 AM IST

ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക്​ ( ഐ.എസ്.എസ് ) മനുഷ്യരെ വഹിച്ചുള്ള ബോയിംഗിന്റെ ' സ്റ്റാർലൈനർ ' പേടകത്തിന്റെ ആദ്യ വിക്ഷേപണം വിജയം. ഇന്ത്യൻ വംശജയായ സുനിത വില്യംസും അമേരിക്കൻ സഞ്ചാരി ബച്ച് വിൽമോറുമാണ് പേടകത്തിൽ. സുനിതയുടെ മൂന്നാമത്തെ ബഹിരാകാശ ദൗത്യമാണിത്.

ഇന്നലെ ഫ്ലോറിഡയിലെ കേപ് കനാവെറലിൽ നിന്ന് അറ്റ്‌ലസ് വി റോക്കറ്റിൽ ഇന്ത്യൻ സമയം രാത്രി 8:22നായിരുന്നു ( ഈസ്റ്റേൺ സമയം രാവിലെ 10.52 ) നാസയുമായി സഹകരിച്ചുള്ള വിക്ഷേപണം. 25 മണിക്കൂർ കൊണ്ട് പേടകം ബഹിരാകാശ നിലയത്തിലെത്തും. ഒരാഴ്ച തങ്ങിയ ശേഷം ഇരുവരും പേടകത്തിൽ ഭൂമിയിലേക്ക് തിരിക്കും.

ഐ.എസ്.എസിൽ സഞ്ചാരികളെ എത്തിക്കുന്ന രണ്ടാമത്തെ സ്വകാര്യ കമ്പനിയാണ് ബോയിംഗ്. ഇലോൺ മസ്കിന്റെ സ്പേസ് എക്സാണ് ആദ്യ കമ്പനി.

ശനിയാഴ്ച നടത്താനിരുന്ന വിക്ഷേപണം റോക്കറ്റിലെ സാങ്കേതിക തകരാർ മൂലം മാറ്റുകയായിരുന്നു.

58കാരിയായ സുനിത ജനിച്ചതും വളർന്നതും യു.എസിലാണ്. പിതാവ് ഇന്ത്യൻ വംശജനും മാതാവ് സ്ലോവേനിയക്കാരിയുമാണ്. ബഹിരാകാശത്തെത്തിയ രണ്ടാമത്തെ ഇന്ത്യൻ വംശജ, ബഹിരാകാശത്ത് മാരത്തൺ നടത്തിയ ആദ്യ സഞ്ചാരി തുടങ്ങിയ റെക്കാഡുകൾ സുനിത സ്വന്തമാക്കിയിരുന്നു.

Advertisement
Advertisement