വർക്കലയിൽ ഭൗമചരിത്രശേഷിപ്പുകൾ സംരക്ഷിക്കണം

Thursday 06 June 2024 3:41 AM IST

വർക്കല: സമൂഹത്തിന്റെ ജീവിതരീതികൾക്കും പരിസ്ഥിതിക്കുംമേൽ ആഘാതമേല്പിക്കാതെ കലാസാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതോടൊപ്പം സുരക്ഷയൊരുക്കി സഞ്ചാരികളെ ആകർഷിക്കുക എന്നതാണ് റെസ്പോൺസിബിൾ ടൂറിസമെന്ന നിലയിൽ സർക്കാർ ലക്ഷ്യമിടുന്നത്. വർക്കല വിനോദസഞ്ചാര മേഖലയും റെസ്പോൺസിബിൾ ടൂറിസത്തിന്റെ ഭാഗമാണെങ്കിലും വർക്കലയിലെ പാപനാശം കുന്നുകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി യാതൊരു പദ്ധതികളും നാളിതുവരെ പ്രാവർത്തികമായിട്ടില്ല. പരിസ്ഥിതി സംരക്ഷണം കേന്ദ്രസർക്കാരിന്റെ പരിധിയിലാണെങ്കിലും കുന്നുകളുടെ സംരക്ഷണം ഉറപ്പാക്കാൻ കഴിയുന്ന പദ്ധതികളും നിലവിലില്ല. ഇക്കഴിഞ്ഞ മേയിൽ വേനൽമഴ ശക്തമായപ്പോൾ പാപനാശം കുന്നിന്റെ വിവിധ ഭാഗങ്ങൾ ഇടിഞ്ഞു വീണിരുന്നു. ആലിയിറക്കം ബീച്ച് മുതൽ വെറ്റക്കട വരെയുളള കുന്നിൻ മുനമ്പുകളിൽ നിർമ്മിച്ചിട്ടുള്ള ഒട്ടനവധി കെട്ടിടങ്ങളിന്ന് അപകടാവസ്ഥയിലാണ്. ഇവിടങ്ങളിൽ നിന്ന് സഞ്ചാരികളെ അടിയന്തരമായി ഒഴിപ്പിക്കണമെന്ന സർക്കാർ നിർദ്ദേശവും സ്ഥാപനഉടമകൾ ചെവിക്കൊണ്ടിട്ടില്ല.

കുന്നുകൾ ഇടിയുന്നത് ദുരന്തമായേക്കാം

കെട്ടിടങ്ങൾ കുന്നിൻമുകളിൽ നിന്നും നിലംപതിച്ചാൽ ഉണ്ടായേക്കാവുന്ന ദുരന്തം വളരെ വലുതാണ്. അടിയന്തര രക്ഷാപ്രവർത്തനത്തിനുപോലും പറ്റാത്ത സ്ഥിതിയാണ് പാപനാശത്തുള്ളത്. ബലിമണ്ഡപത്തിനു സമീപത്തെ കുന്നിടിച്ചിൽ അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു. അടിയന്തര നടപടികളുടെ ഭാഗമായി ഇവിടെ തെങ്ങുകളും പാഴ്മരങ്ങളും നീക്കംചെയ്ത് കുന്നുകൾ സ്ലോപ്പാക്കി ഷേപ്പ് വരുത്തുന്നതിനുളള നിർദ്ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഡിസാസ്റ്റർ മാനേജ്മെന്റ് അധികൃതരെ ധരിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിൽ കുന്നിടിച്ച് ഷേപ്പ് വരുത്തുന്നതും കുന്ന് സംരക്ഷിക്കുന്നതിനെ പ്രതികൂലമായി ബാധിക്കും. സംരക്ഷണ പദ്ധതികൾ ഒരുക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ പഠനം നടത്തുന്നതല്ലാതെ സംരക്ഷണം ഉറപ്പാക്കുന്ന യാതൊന്നും തന്നെ പ്രാവർത്തികമാക്കിയിട്ടില്ല.

സംരക്ഷണ നടപടികളും ആവശ്യമായ നിയന്ത്റണങ്ങളും സ്വീകരിച്ചില്ലെങ്കിൽ കുന്നുകൾ ഇല്ലാതാകും.

തലമുറകൾ അറിഞ്ഞിരിക്കണം

വർക്കല ഫോർമേഷന്റെ ഭാഗമാണ് പാപനാശം കുന്നുകൾ. എന്നാൽ പാപനാശം കുന്നുകൾ ഇന്ന് ടൂറിസത്തിന്റെ മറവിൽ വെട്ടിപ്പൊളിക്കുകയും ഇടിച്ചുനിരത്തുകയും ചെയ്യുന്നു. വിവിധയിനം ശിലാപാളികൾ അടുക്കുകളായി കാണപ്പെടുന്ന ഈ ഭൂവിഭാഗത്തിന്റെ ഭൗമശാസ്ത്രപരമായ പ്രത്യേകതകൾ ആദ്യമായി ഗവേഷണം ചെയ്ത് റിപ്പോർട്ട് തയ്യാറാക്കിയത് 1881ൽ തിരുവിതാംകൂറിലെത്തിയ ഡോ.വില്ല്യംകിംഗ് എന്ന വിദേശിയാണ്. തെക്ക് ചിലക്കൂർ മുതൽ വടക്ക് ഇടവ വെട്ക്കറ്റട വരെ രക്ഷാകവചം പോലെ പൊതിഞ്ഞു നിൽക്കുകയാണ് പാപനാശം കുന്നുകൾ. ചാരനിറത്തിലുള്ള കളിമണ്ണ് കലർന്ന മണൽക്കല്ല്, കരിഞ്ഞ മരത്തിന്റെ ഭാഗങ്ങൾ നിറഞ്ഞ കാർബൺമയ കളിമണ്ണ്, ഇരുമ്പിന്റെ അംശമുള്ള മണൽക്കല്ല്, ചീനകളിമണ്ണ്, വെട്ടുകല്ലുകൾ പൊടിഞ്ഞുണ്ടായ മണൽക്കല്ല് എന്നിവയാൽ നിർമ്മിക്കപ്പെട്ടവയാണിവ. കുന്നുകളിലെ കരിനിറഞ്ഞ കളിമണ്ണിനിരുവശവുമുള്ള മണൽക്കല്ലുകളാണ് ഈ പ്രദേശത്തെ ഭൂഗർഭ ജലത്തിന്റെ സ്രോതസുകൾ. 1950കളിൽ ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ ഡ്രില്ലിംഗ് ഉൾപ്പെടെയുള്ള പലവിധ പഠനങ്ങൾ ഇവിടെ നടത്തിയിരുന്നു.

Advertisement
Advertisement