കെ.സിയുടെ ഡ്യൂട്ടിയിൽ ഹരിക്ക് റിട്ടയർമെന്റില്ല
ആലപ്പുഴ : കാലക്രമേണ വളർന്ന 'കെമിസ്ട്രി ' കൈവിടാതെ കെ.സി.വേണുഗോപാൽ. കഴിഞ്ഞ 20 വർഷങ്ങളായി തനിക്കൊപ്പമുള്ള ഗൺമാൻ ഹരിയെയാണ്, സർവീസിൽ നിന്ന് വിരമിച്ചിട്ടും ഒപ്പമുണ്ടാകണമെന്നാവശ്യപ്പെട്ട് സഹായിയായി കെ.സി ചേർത്തുനിർത്തിയിരിക്കുന്നത്. വിജയങ്ങൾ ഒന്നൊന്നായി കൊയ്ത് കെ.സി വളർന്നപ്പോൾ, ആ വളർച്ചയുടെ എല്ലാ ഘട്ടത്തിലും കൂട്ടായി ഒപ്പം ഹരിയുണ്ടായിരുന്നു.
കഴിഞ്ഞമാസം 31ന് സർവീസിൽ നിന്ന് എസ്.ഐ ആയി ആലപ്പുഴ സനാതനംവാർഡ് കാർത്തികയിൽ കെ.ഹരികുമാർ വിരമിച്ചിരുന്നു. 1993ൽ തൃശൂർ കെ.എ.പി ഒന്നാം ബറ്റാലിയനിൽ പ്രവേശിച്ച ഹരികുമാർ ആലപ്പുഴ എ.ആർ.ക്യാമ്പിൽ നിന്ന് 2004ലാണ് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് മന്ത്രിയായിരുന്ന കെ.സി.വേണുഗോപാലിന്റെ ഗൺമാനായെത്തിയത്. സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് ദേശീയതലത്തിലേക്ക് കെ.സി പ്രവേശിച്ചപ്പോൾ ഡ്യൂട്ടി വീണ്ടും ക്യാമ്പുകളിലേക്ക് മാറി. വല്ലപ്പോഴും മാത്രമായി കൂടിക്കാഴ്ച. 2011ൽ കേന്ദ്രമന്ത്രിസഭയിലേക്കുള്ള കെ.സി.യുടെ സത്യപ്രതിജ്ഞ എറണാകുളത്തെ എ.ആർ ക്യാമ്പിലിരുന്നാണ് കണ്ടത്. ടെലിവിഷൻ സ്ക്രീനിൽ ചടങ്ങ് കണ്ട് അരമണിക്കൂറിനകം ഹരികുമാറിന്റെ ഫോണിലേക്ക് കെ.സിയുടെ വിളിയെത്തി. ''നീ എവിടാ, എന്റെ കൂടെ പോരണം കേട്ടോ..'' ഇന്നും ആ ഓർമ്മകൾ പങ്കുവയ്ക്കുമ്പോൾ ഹരിയുടെ കണ്ണുകൾ നിറയും.
കേന്ദ്രമന്ത്രിയുടെ ടീമിൽ എങ്ങനെയായിരിക്കണമെന്ന് യാതൊരു ധാരണയുമുണ്ടായിരുന്നില്ല. പ്രോട്ടോക്കാൾ ഓഫീസറെ വിളിച്ച് കാര്യങ്ങൾ മനസ്സിലാക്കി. കേന്ദ്രമന്ത്രിയുടെ ഗൺമാനായുള്ള ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങും മുമ്പേ, ഉന്നതാധികാരികളുടെ അനുവാദത്തോടെ ഹരികുമാർ ഡ്യൂട്ടി ആരംഭിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കെ.സിയെ സ്വീകരിച്ച് വാഹനത്തിൽ കയറ്റിയത് മുതൽ ഇന്നോളം ഒപ്പമുണ്ട്. ഗൺമാൻ പദവിക്കപ്പുറത്തേക്ക് കെ.സിയുടെ സഹായിയായി ബന്ധം വളർന്നു. കെ.സി വഴക്കുപറയുകയും, ദേഷ്യപ്പെടുകയുമൊക്കെ ചെയ്യാറുണ്ടെങ്കിലും ഹരിക്ക് വിഷമമില്ല. ഓരോ കാര്യങ്ങളെയും, വ്യക്തികളെയും എങ്ങനെ കൈകാര്യം ചെയ്യാമെന്ന് കൃത്യമായ ധാരണയുള്ളതിനാൽ പലപ്പോഴും പി.എമാരുടെ ജോലിയും ഹരി നിർവഹിക്കും.