അഞ്ചാംക്ളാസിലെ ആർട്ട് ബുക്കിൽ 10ലെ സഞ്ജയ് വരച്ച ചിത്രങ്ങൾ

Thursday 06 June 2024 6:52 AM IST

തിരുവനന്തപുരം: അഞ്ചാംക്ളാസിലെ കുട്ടികൾ ആർട്ട് ബുക്ക് തുറക്കുമ്പോൾ താൻ വരച്ച ചിത്രങ്ങൾ തെളിയുന്നതിന്റെ സന്തോഷത്തിലാണ് പത്താംക്ലാസ് വിദ്യാർത്ഥി വി.എസ്. സഞ്ജയ്.

ചിത്രംവരയിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയപ്പോഴൊന്നും ലഭിക്കാത്ത സന്തോഷമാണത്. തിരുവനന്തപുരം സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസിലെ വിദ്യാർത്ഥിയാണ് സഞ്ജയ്. ഈ വർഷം പരിഷ്കരിച്ച ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് ക്ലാസുകളിലെ പാഠപുസ്തകങ്ങളിലാണ് സ്കൂൾവിദ്യാർത്ഥികൾ വരച്ച ചിത്രങ്ങളുള്ളത്.

കഴിഞ്ഞവർഷം കോഴിക്കോട് നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സഞ്ജയ് ഉൾപ്പെടെ ചിത്രരചനയിൽ മികച്ച പ്രകടനം കാഴ്ചവച്ച ആറ് കുട്ടികളെയാണ് എസ്.സി.ഇ.ആർ.ടി പാഠപുസ്തകത്തിലെ ചിത്രരചനയ്ക്ക് ക്ഷണിച്ചത്.

അഞ്ചാംക്ലാസിലെ ആർട്ട് എഡ്യൂക്കേഷൻ ആക്‌ടിവിറ്റി ബുക്കിലാണ് സഞ്ജയ് വരച്ച ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്.ഒന്നാംക്ലാസ് മുതൽ ചിത്രരചനയിൽ സജീവമാണ് സഞ്ജയ്. നിരവധി ചിത്രരചനാമത്സരങ്ങളിൽ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട് . ഈ വർഷം കൊല്ലത്ത് നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം പെൻസിൽ ഡ്രോയിംഗിലും എ ഗ്രേഡ് നേടി. ക്ലേ മോഡലിംഗ്, ഡിജിറ്റൽ- ഫാബ്രിക് പെയിന്റിംഗ് എന്നിവയിലും സജീവമാണ്.തിരുവനന്തപുരം ഗവ.വിമൻസ് കോളേജിൽ എം.എസ്‌സി വിദ്യാർത്ഥിയും കേരള സർവകലാശാല യുവനോത്സവ ജേതാവുമായ വി.എസ്. സാന്ദ്ര സഹോദരിയാണ്. കേരളകൗമുദി മാജിക് സ്ളേറ്റും ശിശുക്ഷേമ സമിതിയും ചേർന്ന് 2011 ൽ കുട്ടികൾക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ സംസ്ഥാനതല വിജയിയായിരുന്നു സാന്ദ്ര. ഗോകുലം ചിറ്റ്‌സ് ആൻഡ് ഫിനാൻസ് പേട്ട ശാഖയിലെ ഡെപ്യൂട്ടി മാനേജർ ശാസ്തമംഗലം സിയോനിൽ വിനുകുമാറിന്റെയും സുഷിത ബിന്ദുവിന്റെയും മകനാണ്.

Advertisement
Advertisement