ഒമ്പത് കുടുംബങ്ങൾ ദുരിതത്തിൽ... ചെറിയൊരു പാലം ഉണ്ടായിരുന്നെങ്കിൽ...

Thursday 06 June 2024 11:31 PM IST

ച​ങ്ങ​നാ​ശേ​രി​​:​ ന​ഗ​ര​സ​ഭ​ ​ഒ​ന്നാം​ ​വാ​ർ​ഡി​ൽ​ ​വാ​ഴ​പ്പ​ള്ളി​ ​പ​ടി​ഞ്ഞാ​റ് ​പൊ​ങ്ങാ​നം​ ​ഈ​ര​പ്പാ​ടം​ ​ഭാ​ഗ​ത്ത് ​തോടിന്​ ​അ​രി​കി​ലു​ള്ള​ 9​ ​കു​ടും​ബം​ ദുരിതത്തിൽ. വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശത്ത് കഴിയുന്ന ഇവർക്ക് ​പു​റം​ലോ​ക​വു​മാ​യു​ള്ള​ ​ബന്ധപ്പെടാൻ തോട് കുറുകെ കടക്കുകയല്ലാതെ വേറെ വഴിയില്ല. തോട്ടിൽ വെള്ളം ഉയരുമ്പോൾ ഈ പ്രദേശം പൂർണമായും ഒറ്റപ്പെടും. വള്ളത്തിൽ മറുകരയിലെത്താമെങ്കിലും ഇപ്പോൾ പോള നിറഞ്ഞു കിടക്കുന്നതിനാൽ വലിയ പ്രയാസമാണ്. തോട്ടിൽ വെള്ളം കുറവായതിനാൽ ഇപ്പോൾ നടന്നു പോകാമെങ്കിലും വെള്ളം ഉയരുമ്പോൾ ഇതിനു സാധിക്കാതെ വരും. പട്ടികവിഭാഗത്തിൽപ്പെട്ട 9 കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. പേടിയില്ലാതെ നടക്കാൻ ഒരു ചെറിയ പാലമെങ്കിലും അനുവദിച്ച് നൽകണമെന്ന കുടുംബങ്ങളുടെ അപേക്ഷകളും നിവേദനങ്ങളും സർക്കാർ ഓഫിസുകളിൽ കിടന്ന് തുരുമ്പെടുത്തു. വെള്ളപ്പൊക്ക സമയത്ത് പകർച്ചവ്യാധി പ്രതിരോധ മരുന്നുമായി എത്തുന്ന ആരോഗ്യവകുപ്പ് ജീവനക്കാർ അപകടാവസ്ഥ കാരണം മറുകരയിലെ വീടുകളിൽ എത്താറില്ല. ഇക്കരെ നിന്ന് വീട്ടുകാരെ വിളിച്ചു വരുത്തി മരുന്ന് നൽകുകയാണ് പതിവ്. കിടപ്പ് രോഗികൾ ഉൾപ്പെടെ പല വീടുകളിലും കഴിയുന്നുണ്ട്. മാറി മാറി വന്ന ജനപ്രതിനിധികളുടെ അടുത്ത് ആവശ്യം അറിയിച്ചെങ്കിലും, ഇലക്ഷൻ കാലത്ത് നൽകിയ വാഗ്ദാനങ്ങൾക്ക് അപ്പുറം ഒന്നും നടന്നില്ല. ഇത്തവണ തിരഞ്ഞെടുപ്പിനു വോട്ട് അഭ്യർത്ഥിക്കാൻ പാർട്ടി പ്രവർത്തകർ പോലും അക്കരെ നിന്ന് വോട്ട് ചോദിച്ച് മടങ്ങുകയായിരുന്നുവെന്ന് ഇവർ പറയുന്നു.


നിവേദനങ്ങളും പരാതികളും കൊടുത്ത് മടുത്തു. ഇവിടെ കുറച്ച് മനുഷ്യരുണ്ടെന്ന വിചാരം പോലും ആർക്കുമില്ല. അപകടം ഉണ്ടായാൽ പോലും ആരും ചോദിക്കാനില്ലാത്ത അവസ്ഥയാണ്.

ജഗദമ്മ ഗോപി
പ്രദേശവാസി

Advertisement
Advertisement