യാത്ര ചെയ്തില്ലെങ്കിലും റെയില്‍വേയ്ക്ക് വരുമാനം, സമ്പാദിക്കുന്നത് ആയിരകണക്കിന് കോടികള്‍

Wednesday 05 June 2024 11:33 PM IST

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം യാത്ര മുടങ്ങി ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താലും നമ്മുടെ പണത്തില്‍ നിന്ന് ഒരു നിശ്ചിത തുക റെയില്‍വേ ഈടാക്കാറുണ്ട്. ഇത് റെയില്‍വേയെ സംബന്ധിച്ച് ഒരു വരുമാന മാര്‍ഗം തന്നെയാണ്.

കഴിഞ്ഞ നാല് വര്‍ഷത്തെ കണക്ക് അനുസരിച്ച് അതായത് 2019 മുതല്‍ 2023 വരെയുള്ള തുക 6112 കോടി രൂപയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ റെയില്‍വേക്ക് ലഭിക്കുന്ന മറ്റ് വരുമാനവുമായി തട്ടിച്ച് നോക്കുമ്പോള്‍ ഈ തുക തുച്ഛമാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

കഴിഞ്ഞ നാല് വര്‍ഷത്തെ കണക്കുകള്‍ വിവരാവകാശ രേഖ പ്രകാരമാണ് പുറത്തുവന്നിരിക്കുന്നത്. റായ്പൂര്‍ സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ കുനാല്‍ ശുക്ലയാണ് വിവരാവകാശം വഴി കണക്കുകള്‍ ആവശ്യപ്പെട്ടത്. 2019 20ല്‍ 1724.44 കോടിയും, 2020-21ല്‍ 710.54 കോടിയും, 2021-22ല്‍ 1569 കോടിയും 2022 -23 വര്‍ഷത്തില്‍ 2109.74 കോടി രൂപയുമാണ് ലഭിച്ചത്.


ക്യാന്‍സലേഷന്‍ വഴി ലഭിക്കുന്ന തുക ഇന്ത്യന്‍ റെയില്‍വേയുടെ കാറ്ററിങ് ആന്‍ഡ് ടൂറിസും കോര്‍പ്പറേഷനിലേക്കാണ് പോകുകയെന്ന് സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ ചിഫ് പിആര്‍ഒ വികാസ് കശ്യപ് പറഞ്ഞു.

ചെറിയ ക്ലെറിക്കല്‍ ചാര്‍ജ് മാത്രമാണ് ക്യാന്‍സലേഷനായി ഈടാക്കുന്നതെന്നും അത് റെയില്‍വേയുടെ വരുമാനമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു. പ്രതിദിനം 80 ലക്ഷത്തോളം ടിക്കറ്റുകള്‍ എടുക്കുമ്പോള്‍ അതിന്റെ അനുപാതം വച്ച് നോക്കുമ്പോള്‍ ഈ തുക ചെറുതാണെന്നും കശ്യപ് പറഞ്ഞു.

Advertisement
Advertisement