ജനങ്ങളെ വെറുപ്പിച്ച് ഒന്നും ചെയ്യില്ല, തിരിച്ചടിയില്‍ മുഖം മിനുക്കാന്‍ രണ്ട് പദ്ധതികളുമായി പിണറായി സര്‍ക്കാര്‍

Thursday 06 June 2024 12:15 AM IST

ജനഹിതം ആരാഞ്ഞ് പദ്ധതികള്‍ നടപ്പാക്കും, സില്‍വര്‍ലൈനടക്കം വന്‍കിട പദ്ധതികളില്ല

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വന്‍തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ജനക്ഷേമ, വികസന പ്രവര്‍ത്തനങ്ങള്‍ അതിവേഗ സംവിധാനത്തിലൂടെ (ഫാസ്റ്റ് ട്രാക്ക്) നടപ്പാക്കാന്‍ സര്‍ക്കാര്‍.2025ലെ തദ്ദേശതിരഞ്ഞെടുപ്പും 2026ലെ നിയമസഭാ തിരഞ്ഞെടുപ്പും മുന്നില്‍കണ്ടാണിത്. സില്‍വര്‍ലൈന്‍പോലെ വന്‍കിട പദ്ധതികള്‍ക്ക് പിന്നാലെ പോവില്ല. ജനങ്ങള്‍ക്ക് അനുഭവവേദ്യമാവുന്നതും ഒന്നരവര്‍ഷംകൊണ്ട് നടപ്പാക്കാനാവുന്നതുമായ വികസന പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും മുന്‍തൂക്കം.

മുടങ്ങിയ ലൈഫ് ഭവനപദ്ധതി പോലുള്ളവ കാര്യക്ഷമമാക്കും. ക്ഷേമപെന്‍ഷനുകളടക്കം ആനുകൂല്യങ്ങളുടെ കുടിശ്ശിക തീര്‍ക്കും.ജനങ്ങളുടെ അപേക്ഷകളിലും നിവേദനങ്ങളിലും ഫയലുകളിലും വേഗത്തില്‍ തീര്‍പ്പുണ്ടാക്കും. ഇതിനായി ചീഫ്‌സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ എല്ലാ വകുപ്പുകളിലും നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കും.

ജനങ്ങള്‍ക്ക് ആവശ്യമുള്ള പദ്ധതികള്‍ തിരിച്ചറിഞ്ഞ് നടപ്പാക്കും. ഇതിനായി എല്ലാവകുപ്പ് സെക്രട്ടറിമാരില്‍നിന്നും ജനപ്രതിനിധികള്‍, രാഷ്ട്രീയനേതാക്കള്‍ എന്നിവരില്‍നിന്നും അഭിപ്രായംതേടും. പദ്ധതികള്‍ മുന്‍ഗണനാ പട്ടികയില്‍പ്പെടുത്തി നടപ്പാക്കാനാണ് തീരുമാനം.

കെ-ഫോണ്‍, ലൈഫ്, നഗരഗതാഗത പദ്ധതികള്‍, ചെറുകിടതുറമുഖ വികസന പദ്ധതികള്‍, ജലപാത വികസനം എന്നിങ്ങനെ കെങ്കേമമെന്ന് അവകാശപ്പെട്ട് കൊണ്ടുവന്ന പദ്ധതികള്‍ ലക്ഷ്യംകണ്ടിട്ടില്ല. ആശുപത്രികളുടെ വികസനം ലക്ഷ്യമിട്ടെങ്കിലും മരുന്നു ക്ഷാമമാണ് ജനങ്ങള്‍ക്ക് അനുഭവപ്പെട്ടത്.

വിഴിഞ്ഞം തുറമുഖ വികസനത്തിന് അനിവാര്യമായ ഔട്ടര്‍റിംഗ് റോഡ്, കോഴിക്കോട്- തിരുവനന്തപുരം മെട്രോപദ്ധതികള്‍, നഗരങ്ങളിലെ റോഡ് വികസനം, സംയോജിത ഗതാഗത പദ്ധതികള്‍ എന്നിവയ്ക്കും വേഗം പോരാ. ശബരിമല വിമാനത്താവളത്തിന് കേന്ദ്രാനുമതി നേടിയെടുക്കണം. തിരുവനന്തപുരം, കോഴിക്കോട് മെട്രോപദ്ധതികളുടെ അപേക്ഷ കേന്ദ്രത്തിന് അയച്ചിട്ടില്ല.

പി.എസ്.സി വഴി പരമാവധി നിയമനം

തൊഴിലവസരങ്ങള്‍ കൂട്ടാനുള്ളപദ്ധതികള്‍ നടപ്പാക്കും. യുവാക്കളുടെ രോഷം ജനവിധിയില്‍ പ്രകടമായ സാഹചര്യത്തില്‍ പി.എസ്.സി റാങ്ക്പട്ടികയില്‍നിന്ന് പരമാവധി നിയമനമുണ്ടാവും.

ലൈഫില്‍ 5ലക്ഷം വീട്

സാധാരണക്കാര്‍ക്ക് അടച്ചുറപ്പുള്ള വീട് നല്‍കുമെന്ന സര്‍ക്കാരിന്റെ ഉറപ്പ് ലൈഫ്പദ്ധതിയില്‍ പാലിക്കാനായില്ല. 7വര്‍ഷംകൊണ്ട് പിണറായി സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത് 3.49ലക്ഷം വീടുകളാണ്. 1.17ലക്ഷം നിര്‍മ്മാണഘട്ടത്തിലാണ്. 2025 മാര്‍ച്ചില്‍ 5ലക്ഷം വീടുകള്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.

Advertisement
Advertisement