പൂർണ നിയന്ത്രണമില്ലാതെ മോദിയുടെ മൂന്നാമൂഴം

Thursday 06 June 2024 1:46 AM IST

ന്യൂഡൽഹി: ഒറ്റയ്‌ക്ക് കേവല ഭൂരിപക്ഷം ഇല്ലാത്തതിനാൽ സർക്കാരിന്റെ പൂർണ നിയന്ത്രണം ഇക്കുറി ബി.ജെ.പിയുടെയും നരേന്ദ്രമോദിയുടെയും കൈകളിലായിരിക്കില്ല.
എല്ലാക്കാര്യത്തിലും ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവിന്റെയും ജെ.ഡി.യു നേതാവ് നിതീഷ് കുമാറിന്റെയും നിലപാടുകൾ തേടേണ്ടിവരും. ഒറ്റ അംഗമുള്ള ഹിന്ദു അവാമി മോർച്ച പോലുള്ള സഖ്യകക്ഷികൾക്കും വീര്യം കൂടും.

2014, 2019 തിരഞ്ഞെടുപ്പുകളിൽ ഒറ്റയ്‌ക്ക് കേവലഭൂരിപക്ഷം ലഭിച്ചതിനാൽ ബി.ജെ.പിക്കായിരുന്നു സർക്കാരിൽ പൂർണ നിയന്ത്രണം. പ്രധാനമന്ത്രിയുടെ ഓഫീസിലെ തീരുമാനങ്ങളാണ് കഴിഞ്ഞ രണ്ടുസർക്കാരിലും എല്ലാ മന്ത്രാലയങ്ങളും നടപ്പാക്കിക്കൊണ്ടിരുന്നത്. സുപ്രധാനവകുപ്പുകൾ ഘടകകക്ഷികൾക്ക് വിട്ടുകൊടുക്കേണ്ടിവരുന്നതോടെ, പ്രധാനമന്ത്രിയുടെ ഓഫീസിനുള്ള മേധാവിത്വം എത്രത്തോളം ഫലപ്രദമാകുമെന്ന് കണ്ടറിയണം.

ഹിന്ദുത്വ അജണ്ടകൾ നടപ്പാക്കുന്നത് എളുപ്പമാവില്ല.

മതേതര നിലപാടുള്ള സോഷ്യലിസ്റ്റായ നിതീഷ് കുമാറാകും തലവേദനയാകുക. ജാതി സെൻസസിൽ നിലപാട് വ്യക്തമാക്കാത്ത ബി.ജെ.പി അതിനായി വാദിക്കുന്ന നിതീഷിന്റെ അഭിപ്രായങ്ങൾക്ക് വഴങ്ങുമോയെന്ന് കണ്ടറിയണം. മറുകണ്ടം ചാടുന്നത് പതിവായ നിതീഷ്, 2013ൽ മോദി പ്രധാനമന്ത്രിയാകുന്നതിൽ പ്രതിഷേധിച്ച് മുന്നണി വിട്ടയാളാണ്. 2017ൽ തിരിച്ചുവന്നു. 2022ൽ വീണ്ടും പോയി. ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് തിരിച്ചെത്തിയത്.ഇനിയും അതു സംഭവിച്ചേക്കാം.

ഒന്നാം എൻ.ഡി.എ സർക്കാരിന്റെ ഭാഗമായിരുന്ന ടി.ഡി.പി 2018ൽ ആന്ധ്രയ്ക്ക് പ്രത്യേക പദവി നിഷേധിക്കപ്പെട്ടതിനെ ചൊല്ലി മുന്നണി വിട്ട് കോൺഗ്രസിനും പ്രതിപക്ഷ കക്ഷികൾക്കുമൊപ്പം ചേർന്ന് ലോക്‌സഭയിൽ അവിശ്വാസ പ്രമേയം കൊണ്ടുവന്നിട്ടുണ്ട്. അതേസമയം,സഖ്യകക്ഷികളെ പിളർത്തി അവരുടെ ശക്തി ചോർത്തുന്നതും സ്വന്തം നില ഭദ്രമാക്കുന്നതും ബി.ജെ.പിക്ക് ശീലമാണ്.ദീർഘനാളത്തെ ബന്ധമുള്ള ശിവസേനയുമായി പിരിഞ്ഞശേഷം അവരെ പിളർത്തി മഹാരാഷ്‌ട്രയിൽ ഭരണം പിടിച്ചത് ചരിത്രം. 2020ൽ വിവാദ കാർഷിക നിയമങ്ങളുടെ പേരിൽ പഞ്ചാബിലെ സഖ്യകക്ഷി അകാലിദൾ മുന്നണി വിട്ടുപോയിരുന്നു.

18-ാം ലോക്‌സഭയിൽ പാർട്ടികളുടെ അംഗബലത്തിൽ വന്ന മാറ്റവും വെല്ലുവിളിയാകും. കഴിഞ്ഞ

ലോക്‌സഭയിലെ മൃഗീയ ഭൂരിപക്ഷവും ബി.ജെ.ഡി, വൈ.എസ്.ആർ കോൺഗ്രസ് കക്ഷികളുടെ പുറത്തുനിന്നുള്ള പിന്തുണയും ഉപയോഗിച്ച് തികച്ചും ഏകപക്ഷീയമായാണ് ബില്ലുകൾ പാസാക്കിയിരുന്നത്. ഇക്കുറി 99 സീറ്റു നേടിയ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം കരുത്താർജ്ജിച്ചത് ലോക്‌സഭാ നടപടികളിൽ പ്രതിഫലിക്കും

Advertisement
Advertisement