അവസരം കാത്ത്, തത്‌കാലം പിൻവാങ്ങി 'ഇന്ത്യ' മുന്നണി
ന്യൂഡൽഹി: തെലുങ്കു ദേശവും ജെ.ഡി.യുവും മോദിക്ക് പിന്തുണ വാഗ്‌ദാനം ചെയ്‌ത സാഹചര്യത്തിൽ സർക്കാർ രൂപീകരണ ശ്രമങ്ങളിൽ നിന്ന് തത്‌ക്കാലം പിൻവാങ്ങി 'ഇന്ത്യ' മുന്നണി. ഇന്നലെ ചേർന്ന മുന്നണി യോഗത്തിലാണ് തീരുമാനം. അനുയോജ്യമായ സമയത്ത് അവസരം വിനിയോഗിക്കാനും ധാരണയായി.
ബി.ജെ.പി ഭരണം വേണ്ടെന്ന ജനങ്ങളുടെ ആഗ്രഹം സാക്ഷാത്കരിക്കാൻ ഉചിതമായ സമയത്ത് ഉചിതമായ നടപടികൾ കൈക്കൊള്ളുമെന്ന് യോഗത്തിന് ശേഷം കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ പറഞ്ഞു. മോദിയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇന്ത്യാ മുന്നണി പോരാട്ടം തുടരും. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ
പാലിക്കും. വിലക്കയറ്റം, തൊഴിലില്ലായ്‌മ, ചങ്ങാത്ത മുതലാളിത്തം എന്നിവയെ എതിർക്കാനും ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുമുള്ള നിയോഗമാണിത്. ബി.ജെ.പിയുടെ വിദ്വേഷത്തിന്റെയും അഴിമതിയുടെയും രാഷ്ട്രീയത്തിന് തക്ക മറുപടിയാണ് ജനവിധി. സഖ്യത്തിന് നൽകിയ വൻ പിന്തുണയ്‌ക്ക് 'ഇന്ത്യ' കക്ഷികൾ ജനങ്ങൾക്ക് നന്ദി പറയുന്നു.
ബുധനാഴ്‌ച ഫലം പ്രഖ്യാപിച്ചപ്പോൾ ബി.ജെ.പി ഒറ്റയ്‌ക്ക് ഭൂരിപക്ഷം ഇല്ലാതെ വിയർത്തപ്പോൾ മുതൽ 'ഇന്ത്യ' മുന്നണി സർക്കാർ രൂപീകരണത്തിന് ശ്രമിച്ചിരുന്നു. എൻ.ഡി.എയുടെ ഭാഗമായ ടി.ഡി.പിയുടെ ചന്ദ്രബാബു നായിഡുവിനെയും ജെ.ഡി.യുവിന്റെ നിതീഷിനെയും ബന്ധപ്പെട്ടെങ്കിലും ഇരുവരും മനസു തുറന്നില്ലെന്നാണ് അറിയുന്നത്. നിതീഷ് 'ഇന്ത്യ'യിലേക്ക് തിരികെ വരുമെന്ന് അഭ്യൂഹങ്ങൾ ജെ.ഡി.യു തള്ളി.
തുടർന്നാണ് ഇന്നലെ യോഗം ചേരാൻ തീരുമാനിച്ചത്. ഖാർഗെയുടെ രാജാജി മാർഗിലെ വസതിയിൽ വൈകിട്ട് ആറിനായിരുന്നു യോഗം. നാലുമണിക്ക് പ്രധാനമന്ത്രി മോദിയുടെ വസതിയിലെ എൻ.ഡി.എ യോഗത്തിന്റെ തീരുമാനം വന്ന ശേഷം ചേരുകയായിരുന്നു ലക്ഷ്യം.
ഖാർഗെ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സർക്കാർ രൂപീകരണ ശ്രമങ്ങൾ തുടരണമെന്ന് ചില നേതാക്കൾ നിർദ്ദേശിച്ചു. നിലവിലെ സാഹചര്യത്തിൽ അത് പ്രായോഗികമല്ലാത്തതിനാൽ ക്ഷമയോടെ അവസരം കാത്തിരിക്കാൻ ധാരണയായി. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ.സി. വേണുഗോപാൽ (കോൺഗ്രസ്), എം.കെ. സ്റ്റാലിൻ (ഡി.എം.കെ), അഖിലേഷ് യാദവ് (എസ്.പി), അഭിഷേക് ബാനർജി (തൃണമൂൽ), തേജസ്വി യാദവ് (ആർ.ജെ.ഡി), സീതാറാം യെച്ചൂരി (സി.പി.എം), ഡി.രാജ (സി.പി.ഐ), ശരദ് പവാർ,സുപ്രിയ സുലേ (എൻ.സി.പി), ഒമർ അബ്‌ദുള്ള (നാഷണൽ കോൺഫറൻസ്), എൻ.കെ.പ്രേമചന്ദ്രൻ (ആർ.എസ്.പി), ജി. ദേവരാജൻ (ഫോർവേഡ് ബ്ളോക്ക്), കൽപന സോറൻ, ചമ്പൈ സോറൻ (ജെ.എം.എം), ദീപാങ്കർ ഭട്ടാചാര്യ(സി.പി.ഐ-എം.എൽ) തുടങ്ങിയവർ പങ്കെടുത്തു.
ഉദ്ധവ് വിട്ടു നിന്നു
ഇന്ത്യ മുന്നണിയുടെ ഭാഗമായ ഉദ്ധവ് താക്കറെ യോഗത്തിൽ നിന്ന് വിട്ടുനിന്നത് അഭ്യൂഹങ്ങൾക്കിടയാക്കി. തനിക്ക് പകരം സീനിയർ നേതാവ് സഞ്ജയ് റൗത്തിനെയാണ് അദ്ദേഹം യോഗത്തിന് നിയോഗിച്ചത്. മഹാവികാസ് അഘാഡി സഖ്യധാരണയ്ക്ക് വിരുദ്ധമായി സാംഗ്ലി ലോക്സഭാ സീറ്റിൽ സ്വതന്ത്രനായി ജയിച്ച കോൺഗ്രസ് വിമതൻ വിശാൽ പാട്ടീലിനെ കോൺഗ്രസ് പിന്തുണച്ചതിൽ ഉദ്ധവിന് അതൃപ്തിയുണ്ട്. മമത ബാനർജി ഉൾപ്പെടെയുള്ള ഇന്ത്യ മന്നണി നേതാക്കളുമായി അദ്ദേഹം സർക്കാർ രൂപീകരണം സംബന്ധിച്ച് ആശയവിനിമയം നടത്തിയതായി റിപ്പോർട്ടുണ്ട്.
ഡൽഹിയിൽ നേതാക്കളുടെ പട
ലോക്സഭാ ഫലപ്രഖ്യാപനത്തിന് പിന്നാലെ എൻ.ഡി.എയിലെയും 'ഇന്ത്യ' കൂട്ടായ്മയിലെയും പ്രമുഖ നേതാക്കൾരാജ്യതലസ്ഥാനത്ത് പാഞ്ഞെത്തി. ഇരു മുന്നണികളുടെയും നിർണായക യോഗം ഇന്നലെ ഡൽഹിയിൽ തീരുമാനിച്ച സാഹചര്യത്തിലാണ് മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവർ അടക്കം എല്ലാ നേതാക്കളും ഒരേസമയം ഡൽഹിയിൽ ഉണ്ടാവാൻ ഇടയാക്കിയത്.
ബി.ജെ.പിക്ക് ഒറ്റയ്‌ക്ക് കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ ഇന്നലെ നാലുമണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലെ എൻ.ഡി.എ യോഗം നിർണായകമായിരുന്നു. ആറുമണിക്കാണ് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെ വസതിയിൽ 'ഇന്ത്യ' മുന്നണി യോഗം ചേർന്നത്. എൻ.ഡി.എ യോഗത്തിന് ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവും ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറും വരുമോയെന്നതായിരുന്നു രാവിലെ മുതലുള്ള ആകാംക്ഷ. ഇരുവരും പങ്കെടുക്കുമെന്ന് അറിയിച്ചതോടെ സസ്പെൻസ് അവസാനിച്ചു. നിതിഷും 'ഇന്ത്യ' യോഗത്തിന് വന്ന ആർ.ജെ.ഡി നേതാവ് തേജസ്വി യാദവും പട്നയിൽ നിന്ന് ഒരു വിമാനത്തിലാണ് വന്നത്. ഇരുവരും രഹസ്യ ചർച്ച നടത്തിയെന്ന് അഭ്യൂഹങ്ങളും പരന്നു.
ജെ.ഡി.എസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി, ജനസേന നേതാവ് പവൻ കല്യാൺ, എൻ.സി.പി നേതാവ് പ്രഫുൽപട്ടേൽ, അപ്നാദൾ നേതാവ് അനുപ്രിയ പട്ടേൽ, എച്ച്.എ.എം നേതാവ് ജിതൻ മാഞ്ചി, എൽ.ജെ.പി നേതാവ് ചിരാഗ് പാസ്വാൻ തുടങ്ങിയവർ എൻ.ഡി.എ യോഗത്തിനെത്തി.
ഇന്ത്യ യോഗത്തിൽ തേജസ്വിക്കു പുറമെ അഖിലേഷ് യാദവ്(എസ്.പി), എം.കെ. സ്റ്റാലിൻ (ഡി.എം.കെ), ശരദ് പവാർ,സുപ്രിയ സുലേ (എൻ.സി.പി), ഒമർ അബ്‌ദുള്ള (നാഷണൽ കോൺഫറൻസ്), എൻ.കെ.പ്രേമചന്ദ്രൻ (ആർ.എസ്.പി), ജി. ദേവരാജൻ (ഫോർവേഡ് ബ്ളോക്ക്), സഞ്ജയ് റൗത് (ശിവസേന-ഉദ്ധവ്), കൽപന സോറൻ (ജെ.എം.എം), ദീപാങ്കർ ഭട്ടചാര്യ(സി.പി.ഐ-എം.എൽ) തുടങ്ങിയവരാണ് ഡൽഹിക്കു പുറത്തുനിന്നെത്തിയത്.