സ്വന്തം ബൂത്ത് മന്ത്രിയെ കൈവിട്ടു, മുന്നിലെത്തിയത് രമ്യ, കാരണമായത് പ്രദേശത്തെ ഒരു പ്രശ്‌നം

Thursday 06 June 2024 12:57 AM IST

ചേലക്കര: സ്വന്തം നാട്ടുകാർ കൈവിട്ടു. മന്ത്രിക്ക് തുണയായത് പക്ഷെ മറ്റ് നിയോജകമണ്ഡലങ്ങൾ. ചേലക്കര നിയോജക മണ്ഡലത്തിൽ കെ.രാധാകൃഷ്ണൻ നേടിയത് അയ്യായിരത്തിൽപരം വോട്ടുകൾ. സ്വന്തം പോളിംഗ് ബൂത്തായ 75-ാം നമ്പർ ബൂത്തിൽ കൂടുതൽ വോട്ട് നേടിയത് രമ്യ ഹരിദാസാണ്. ചേലക്കര പഞ്ചായത്തിൽ 367 വോട്ടും, പഴയന്നൂർ പഞ്ചായത്തിൽ 82 വോട്ടും മുള്ളൂർക്കര പഞ്ചായത്തിൽ 255 വോട്ടുമാണ് രമ്യ ഹരിദാസ് ലീഡ് നേടിയത്. ചേലക്കര നിയോജകമണ്ഡലത്തിന്റെ കണക്ക് പരിശോധിക്കുമ്പോൾ രാധാകൃഷ്ണൻ മൊത്തം നേടിയത് 60,368 വോട്ടുകളാണ്. രമ്യ ഹരിദാസ് നേടിയത് 55,195 വോട്ടുകളും. 5,173 വോട്ട് മാത്രമാണ് മണ്ഡലത്തിൽ കെ.രാധാകൃഷ്ണന്റെ ഭൂരിപക്ഷം.

കെ.രാധാകൃഷ്ണനാകട്ടെ വരവൂർ പഞ്ചായത്തിൽ 1031ഉം ദേശമംഗലം പഞ്ചായത്തിൽ 284ഉം വള്ളത്തോൾ നഗർ പഞ്ചായത്തിൽ 1405ഉം പാഞ്ഞാൾ പഞ്ചായത്തിൽ 952ഉം കൊണ്ടാഴി പഞ്ചായത്തിൽ 1176ഉം തിരുവില്വാമല പഞ്ചായത്തിൽ 1029ഉം ലീഡ് നേടി.

സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ശേഷം അന്തിമഹാകാളൻ കാവ് വേല വെടിക്കെട്ടാനുമതി ലഭിക്കാത്തത് പോലുള്ള സംഭവങ്ങളിൽ മന്ത്രിയുടെ ഇടപെടൽ വേണ്ട പോലെ ഉണ്ടായില്ലെന്ന ആക്ഷേപം പ്രദേശവാസികൾക്ക് ഉണ്ടായിരുന്നു. ഇത് പ്രതിഫലിച്ചെന്നാണ് വിലയിരുത്തൽ. നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.രാധാകൃഷ്ണന് ഭൂരിപക്ഷമായി ലഭിച്ച 39,400 വോട്ടിന്റെ സ്ഥാനത്ത് 5,173 വോട്ട് മാത്രം ലഭിച്ചത് ഇതുമൂലമാണെന്നാണ് വിലയിരുത്തൽ.

Advertisement
Advertisement