റെക്കാഡ് തകർത്ത് ലാൽവാനി ഭൂരിപക്ഷം 11 ലക്ഷത്തിലധികം

Thursday 06 June 2024 1:00 AM IST

ഗുവാഹത്തി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും ഉയർന്ന ജയമെന്ന നേട്ടവുമായി മദ്ധ്യപ്രദേശിലെ ഇൻഡോറിൽ നിന്നുള്ള സിറ്റിംഗ് എം.പിയും ബി.ജെ.പി സ്ഥാനാർത്ഥിയുമായ ശങ്കർ ലാൽവാനി. 11.72 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷമാണ് ലാൽവാനിക്ക് ലഭിച്ചത്. 12,26,751 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. ബഹുജൻ സമാജ് പാർട്ടിയുടെ സഞ്ജയിന് 51,659 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ.

 അസാമിലെ ദുബ്രിയിൽ മത്സരിച്ച കോൺഗ്രസ് നേതാവ് റാകിബുൾ ഹുസൈനാണ് ഭൂരിപക്ഷത്തിൽ രണ്ടാം സ്ഥാനം.

എ.ഐ.യു.ഡി.എഫ് നേതാവ് ബദ്ദാറുദ്ദീൻ അജ്മലിനെ 10,12,476 റെക്കാഡ് വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്

പരാജയപ്പെടുത്തിയത്. 14,71,885 വോട്ടുകൾ ലഭിച്ചു.

ശിവരാജ് സിംഗ് ചൗഹാൻ (ബി.ജെ.പി): മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി. വിദിഷ മണ്ഡലത്തിൽ നിന്ന് വിജയിച്ചു. എതിർ സ്ഥാനാർത്ഥിയെക്കാൾ 8.21 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം സ്വന്തമാക്കി.

 അമിത് ഷാ (ബി.ജെ.പി): ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്ന് തുടർച്ചയായ രണ്ടാം വട്ടവും വിജയം. കേന്ദ്ര ആഭ്യന്തര മന്ത്രിയും സിറ്റിംഗ് എംപിയുമാണ്. നേടിയത് 7.44 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം

48 വോട്ടുകളുടെ ഭൂരിപക്ഷം

മഹാരാഷ്ട്ര മുംബയ് നോർത്ത് വെസ്റ്റ് മണ്ഡലത്തിലെ ഏകനാഥ് ഷിൻഡെ ശിവസേന സ്ഥാനാർത്ഥി രവീന്ദ്ര ദത്താറാം വൈകറാണ് കുറഞ്ഞ ഭൂരിപക്ഷത്തിൽ ജയിച്ചത്.

ശിവസേനയുടെ യു.ബി.ടി സ്ഥാനാർത്ഥി അമോൽ ഗജാനൻ കീർത്തികറിനെ 48 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.

വൈകാറിന് 452,644 വോട്ടുകളും കീർത്തികറിന് 452,596 വോട്ടുകളും ലഭിച്ചു.

ആറ്റിങ്ങൽ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി അടൂർ പ്രകാശ് 684 വോട്ടുകൾക്കാണ് വിജയിച്ചത്.

ഉത്തർപ്രദേശിലെ ഹമീർപൂർ മണ്ഡലത്തിൽ എസ്.പി സ്ഥാനാർത്ഥി അജേന്ദ്ര ലോധി 2,629 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
ഉത്തർപ്രദേശിലെ സേലംപൂരിൽ എസ്.പി സ്ഥാനാർത്ഥി രമാശങ്കർ രാജ്ഭർ 3,573 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

മഹാരാഷ്ട്രയിലെ ബീഡ് മണ്ഡലത്തിൽ എൻ.സി.പി (ശരദ്പവാർ) സ്ഥാനാർത്ഥി ബജ്രംഗ് മനോഹർ സോൻവാനെ 6,553 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു

Advertisement
Advertisement