കൊല്ലത്ത് പൊലീസ് കാൺകെ സ്‌റ്റേഷനിൽ യുഡിഎഫ് പ്രവർത്തകരെ തല്ലി സിപിഎം പ്രവർത്തകർ, എ എസ് ഐയ്‌ക്കും കിട്ടി അടി

Thursday 06 June 2024 1:38 AM IST

കൊല്ലം: കടയ്ക്കൽ പൊലീസ് സ്‌റ്റേഷനിൽ പൊലീസുകാരുടെ മുന്നിൽവച്ച്, പരാതി നൽകാനെത്തിയ യു.ഡി.എഫുകാരെ മർദ്ദിച്ച് സി.പി.എം പ്രവർത്തകർ. പൊലീസുകാർക്കും മർദ്ദനമേറ്റു. സി.പി.എം മുക്കുന്നം ബ്രാഞ്ച് സെക്രട്ടറിയും മുക്കുന്നം സ്വദേശിയുമായ സജീർ മൻസിലിൽ സജീർ, ബ്രാഞ്ച് കമ്മിറ്റി അംഗവും ചെറുകര സ്വദേശിയുമായ വിമൽകുമാർ, ഡി.വൈ.എഫ്.ഐ പ്രവർത്തകനും ഇരട്ടകുളം സ്വദേശിയുമായ വിശാഖ് എന്നിവരെ കടയക്ക്ൽ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.

ചൊവ്വാഴ്ച രാത്രി 10.30ഓടെയാണ് സംഭവം.ചൊവ്വാഴ്ച വൈകിട്ട് ആറോടെ എൻ.കെ.പ്രേമചന്ദ്രന്റെ തിരഞ്ഞെടുപ്പ് വിജയാഘോഷവുമായി ബന്ധപ്പെട്ട് കടയ്ക്കൽ സ്വദേശിയും കോൺഗ്രസ് പ്രവർത്തകനുമായ പാറവിള പുത്തൻവീട്ടിൽ ജിഷ്ണു വീടിന്റെ മുന്നിൽ പടക്കം പൊട്ടിച്ചിരുന്നു. അയൽക്കാരനും സി.പി.എം പ്രവർത്തകനായ വിമൽകുമാർ ഇത് ചോദ്യം ചെയ്യുകയും ജിഷ്ണുവിനെ മർദ്ദിക്കുകയും ചെയ്തിരുന്നു. മർദ്ദനത്തിൽ ജിഷ്ണുവിന്റെ കണ്ണിന് പരിക്കേറ്റു. തുടർന്ന് രാത്രിയോടെ ജിഷ്ണു യു.ഡി.എഫ് പ്രവർത്തകർക്കൊപ്പം കടയക്ക്ൽ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി.

പരാതിയുടെ അടിസ്ഥാനത്തിൽ മൊഴി രേഖപ്പെടുത്തുന്നതിനിടയിൽ സി.പി.എം ഡി.വൈഎഫ് പ്രവർത്തകരായ അഞ്ച് പേർ സ്‌റ്റേഷന് പുറത്ത് സംഘടിക്കുകയും സ്‌റ്റേഷൻ പരിസരത്ത് നിൽക്കുകയായിരുന്ന യു.ഡി.എഫ് പ്രവർത്തകരുമായി വാക്കേറ്റത്തിലും കയ്യാങ്കളിയിലും കലാശിക്കുകയുമായിരുന്നു. ചെറുകര അനൂപ് നിവാസിൽ അനൂപ്, സച്ചിൻ നിവാസിൽ സച്ചിൻ എന്നിവരെ അക്രമിച്ചപ്പോൾ പിടിച്ചുമാറ്റാനെത്തിയ എ.എസ്.ഐ വിനോദ്കുമാറിനും സി.പി.ഒ വിൻസിക്കും മർദ്ദനമേറ്റു.

തുടർന്ന് സംഭവസ്ഥലത്ത് നിന്ന് അഞ്ച് പേരും രക്ഷപ്പെട്ടു. സംഭവത്തിൽ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് വന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കടയ്ക്കൽ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളിൽ മൂന്ന് പേരേ പിടികൂടിയത്. മറ്റ് രണ്ട് പേർ ഒളിവിലാണ്. പിടികൂടിയ പ്രതികളെ കടയക്ക്ൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികൾക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Advertisement
Advertisement