അക്രമിയോട് ക്ഷമിച്ചെന്ന് റോബർട്ട് ഫിറ്റ്‌സോ

Thursday 06 June 2024 7:07 AM IST

ബ്രാറ്റിസ്ലാവാ: തന്നെ വെടിവച്ച അക്രമിയോട് ക്ഷമിച്ചെന്നും ഈ മാസം അവസാനത്തോടെ തന്റെ ജോലികൾ പുനരാരംഭിക്കാൻ തയാറാണെന്നും സ്ലോവാക്യയുടെ പ്രധാനമന്ത്രി റോബർട്ട് ഫിറ്റ്‌സോ (59). കഴിഞ്ഞ മാസം അക്രമിയുടെ വെടിയേറ്റ അദ്ദേഹം സുഖംപ്രാപിച്ചു വരികയാണ്. ഇന്നലെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെയാണ് ഫിറ്റ്‌സോയുടെ പ്രസ്താവന. വധശ്രമത്തെ അത്ഭുതകരമായി അതിജീവിച്ച അദ്ദേഹം ഇതാദ്യമായാണ് പൊതുജനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. തന്നെ വെടിവച്ച അപരിചിതനോട് തനിക്ക് വെറുപ്പൊന്നും തോന്നുന്നില്ല. താൻ അയാളോട് ക്ഷമിച്ചു. എന്താണ് ചെയ്തതെന്നും എന്തിന് വേണ്ടിയായിരുന്നെന്നും അയാൾ സ്വയം പരിശോധിക്കട്ടെ എന്നും ഫിറ്റ്‌സോ പറഞ്ഞു. മേയ് 15നാണ് ഹാൻ‌‌ഡ്‌ലോവ നഗരത്തിൽ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതിനിടെ ഫിറ്റ്‌സോയ്ക്ക് നേരെ വധശ്രമമുണ്ടായത്. ക്ലോസ് റേഞ്ചിൽ നാല് തവണ വെടിയേറ്റ അദ്ദേഹത്തിന്റെ നെഞ്ചിലും വയറ്റിലും കാലിലും ആഴത്തിലുള്ള ഗുരുതര പരിക്കേറ്റു. മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയകളിലൂടെയാണ് അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ഹാൻ‌‌ഡ്‌ലോവയ്ക്ക് കിഴക്കുള്ള ബാൻസ്ക ബൈസ്ട്രിക നഗരത്തിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന അദ്ദേഹത്തെ കഴിഞ്ഞ ആഴ്ച തലസ്ഥാനമായ ബ്രാറ്റിസ്ലാവായിലെ വസതിയിലേക്ക് മാറ്റിയിരുന്നു. ഫിറ്റ്‌സോയെ വെടിവച്ച 71കാരനെ പൊലീസ് ഉടൻ പിടികൂടിയിരുന്നു. ഇയാൾക്കെതിരെ ആസൂത്രിത കൊലപാതക ശ്രമത്തിന് കേസെടുത്തു. ഇയാൾ പ്രതിപക്ഷവുമായി ബന്ധമുള്ള ആക്ടിവിസ്റ്റാണെന്ന് ആരോപിക്കുന്നു. ഒരു യൂറോപ്യൻ രാഷ്ട്രീയ നേതാവിന് നേരെ രണ്ട് ദശാബ്ദങ്ങൾക്ക് ശേഷമുണ്ടായ ഏറ്റവും വലിയ ആക്രമണമാണ് ഫിറ്റ്‌സോ നേരിട്ടത്.

Advertisement
Advertisement