ഘടകകക്ഷികളെ ഒറ്റക്കെട്ടായി നയിക്കാൻ യോഗ്യൻ; രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകണമെന്ന് ആവശ്യം

Thursday 06 June 2024 8:31 AM IST

ന്യൂ‌‌ഡൽഹി: യുഡിഎഫും ഇന്ത്യാ സഖ്യവും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയതിനുപിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് നേതാക്കൾ. പ്രവർത്തക സമിതി യോഗത്തിൽ നേതാക്കൾ ആവശ്യം ഉന്നയിക്കും. രാഹുൽ ഗാന്ധി തയ്യാറായില്ലെങ്കിൽ മറ്റുപേരുകൾ പരിഗണിക്കും.

ഇന്ത്യാ സഖ്യത്തിന്റെ മുഖമെന്ന നിലയിൽ രാഹുൽ ഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്നാണ് ഘടകകക്ഷികളുടെയും അഭിപ്രായം. അദ്ദേഹം പ്രതിപക്ഷ നേതാവായാൽ ഘടകക്ഷികളെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാനാകുമെന്നാണ് നേതാക്കൾ പറയുന്നത്. ഭാവി പരിപാടികളെക്കുറിച്ച് പാർട്ടിയിലെയും ഘടകകക്ഷികളിലെയും നേതാക്കളുമായി രാഹുൽ ഗാന്ധി ആശയവിനിമയം നടത്തുന്നുണ്ട്. ആര് പ്രതിപക്ഷ നേതാവാകണമെന്ന വിഷയത്തിൽ ഇന്ത്യാ സഖ്യം കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലും തീരുമാനമായില്ല.

സർക്കാരുണ്ടാക്കാൻ തൽക്കാലം ശ്രമിക്കേണ്ടെന്നാണ് യോഗം തീരുമാനിച്ചത്. ഭരണം നിലനിർത്താൻ ടിഡിപി, ജെഡിയു ഉൾപ്പെടെയുള്ള കക്ഷികളെ ആശ്രയിക്കേണ്ടതിനാൽ ബിജെപി സർക്കാർ ആടിയുലയുമെന്നാണ് കണക്കുകൂട്ടൽ. സർക്കാരിനെ വീഴ്ത്താൻ ഭാവിയിൽ അവസരം ലഭിച്ചാൽ അതുപയോഗിക്കും.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 233 സീറ്റ് നേടിയ ഇന്ത്യാ സഖ്യം കേവല ഭൂരിപക്ഷത്തിൽ നിന്ന് 39 സീറ്റ് അകലെയാണ്. ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള ഉചിത സമയത്തിനായി ക്ഷമയോടെ കാത്തിരിക്കാനും അതുവരെ ശക്തമായ പ്രതിപക്ഷമായി നിലകൊള്ളാനും കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. യോഗത്തിൽ 20 കക്ഷികളിൽ നിന്നുള്ള 33 നേതാക്കൾ പങ്കെടുത്തു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ശിവസേന (ഉദ്ധവ് വിഭാഗം) നേതാവ് ഉദ്ധവ് താക്കറെയും പ്രതിനിധികളെയാണ് അയച്ചത്.

Advertisement
Advertisement