"പലരും ഇതിന് ശ്രമിക്കുന്നില്ല, നിങ്ങൾ അങ്ങനെയാകരുത്"; ഉപദേശവുമായി മോഹൻലാൽ

Thursday 06 June 2024 9:57 AM IST

ഇളംദേശം ബ്ളോക്ക് പഞ്ചായത്ത് പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്ഘാടനത്തിന് ഇത്തവണ എത്തിയത് മോഹൻലാൽ ആയിരുന്നു. ഒരു മാസക്കാലമായി ബ്ലോക്ക് പഞ്ചായത്തിന്റെ കോൺഫറൻസ് ഹാളിൽ മോഹൻലാൽ നായകനായ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നുണ്ട്. ഈ അവസരത്തിലാണ് ബ്ലോക്ക് പഞ്ചായത്തിന്റെ അഭ്യർത്ഥനപ്രകാരം പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈ വിതരണം നടത്താൻ മോഹൻലാൽ മുന്നോട്ടു വന്നത്. ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജാൻസി മാത്യുവിന് വൃക്ഷതൈ നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്.

'നല്ലൊരു കർമമാണ് ഞാൻ ചെയ്യുന്നത്. മരങ്ങളെ ഒരുപാട് സ്‌നേഹിക്കുന്ന ഒരാളാണ് ഞാൻ. ഞങ്ങൾക്ക് ചില ഫൗണ്ടേഷൻസ് ഉണ്ട്. ഞങ്ങൾ സ്‌കൂളുകളിലൊക്കെ അറുപതിനായിരത്തിലധികം മരങ്ങൾ നടുന്നുണ്ട്,'- മോഹൻലാൽ പറഞ്ഞു. ഇതുകേട്ട് ആളുകൾ കൈയടിച്ചു. ഇതിനുപിന്നാലെ മോഹൻലാലിന്റെ ഒരു ഉപദേശവും എത്തി.

'പരിസ്ഥിതി ദിനത്തിൽ മരം നടും. നടുന്ന മരം ഉണ്ടോ എന്ന് ഉറപ്പുവരുത്താൻ പല പഞ്ചായത്തുകളും ശ്രമിക്കുന്നില്ല. നിങ്ങൾ അങ്ങനെയാകരുത്. നടുന്നതെല്ലാം ജീവനോടെയുണ്ടെന്ന് ഉറപ്പുവരുത്തണം'- എന്നായിരുന്നു മോഹൻലാലിന്റെ ഉപദേശം. ഈ വാക്കുകൾ വൻ ഹ‌ർഷാരവത്തോടെയാണ് ജനപ്രതിനിധികളടക്കമുള്ള കാഴ്ചക്കാർ സ്വീകരിച്ചത്.

ബ്ളോക്ക് പഞ്ചായത്ത് വളപ്പിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡന്റ് ടോമി കാവാലം അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി സുരേന്ദ്രൻ,​ ബ്ളോക്ക് പഞ്ചായത്തംഗങ്ങളായ നൈസി ഡെനിൽ, ആൻസി സോജൻ, മാത്യു കെ. ജോൺ, കെ.എസ്,​ ജോൺ, സിബി ദാമോദരൻ, അഡ്വ. ആൽബർട്ട് ജോസ്, ഷൈനി സന്തോഷ്, കെ.കെ. രവി, മിനി ആന്റണി, ഡാനി മോൾ വർഗീസ്, ടെസി മോൾ മാത്യു, ബി.ഡി.ഒ എ.ജെ. അജയ് എന്നിവർ സംസാരിച്ചു.