എപ്പോഴും മമ്മൂട്ടിക്കൊപ്പം ഉണ്ടല്ലോ? ചോദ്യത്തിന് മറുപടിയുമായി രമേഷ് പിഷാരടി

Thursday 06 June 2024 11:04 AM IST

കോമഡി ഷോകളിലൂടെയും കോമഡി കഥാപാത്രങ്ങളിലൂടെയും മലയാളികളുടെ മനസിൽ ഇടംനേടിയ താരമാണ് രമേഷ് പിഷാരടി. 2018ൽ ജയറാം, കുഞ്ചാക്കോ ബോബൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തിയ 'പഞ്ചവർണ്ണതത്ത' എന്ന സിനിമയിലൂടെ ചലച്ചിത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ച രമേഷ് പിഷാരടി മമ്മൂട്ടിയെ നായകനാക്കി 'ഗാനഗന്ധർവൻ' എന്ന സിനിമയും ചെയ്തിട്ടുണ്ട്. അടുത്ത കാലങ്ങളായി രമേഷ് പിഷാരടിയെ ഏറ്റവും കൂടുതൽ കാണുന്നത് നടൻ മമ്മൂട്ടിക്കൊപ്പമാണ്.

മമ്മൂട്ടിക്കൊപ്പം മിക്ക ഇടങ്ങളിലും പിഷാരടിയും ഉണ്ടാകും. ഇതിനെ പലരും സോഷ്യൽ മീഡിയയിൽ ട്രോളി രംഗത്തെത്തിയിരുന്നു. പിഷാരടി എപ്പോഴും മമ്മൂട്ടിയുടെ കൂടെ ആണെന്നും അവസരത്തിന് വേണ്ടിയാണോയെന്നും പലരും ചോദിക്കുന്നുണ്ട്. ഇപ്പോഴിതാ അതിന് മറുപടി നൽകിയിരിക്കുകയാണ് രമേഷ് പിഷാരടി.

മൂവീ വേൾഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ ഇന്റർവ്യൂവിലാണ് മറുപടി നൽകിയത്. മമ്മൂക്ക എവിടെ പോയാലും പിഷാരടി ഉണ്ടല്ലോ, ആളുകൾ അതിനെ പലരീതിയിൽ ട്രോളുന്നത് കാണാം. നിങ്ങൾ തമ്മിലുള്ള സൗഹൃദം എന്താണ് എന്ന ചോദ്യത്തിനാണ് പിഷാരടി മറുപടി പറഞ്ഞത്.

'ഞാനും മമ്മൂക്കയുമായുള്ള ബന്ധത്തെ സൗഹൃദം എന്ന് പറയാനാകില്ല. എനിക്ക് അദ്ദേഹത്തോട് ഉള്ളത് സ്‌നേഹവും ബഹുമാനവുമാണ്. അദ്ദേഹത്തിന് എന്നോട് ഉള്ളത് സ്‌നേ‌ഹവും പരിഗണനയുമാണ്. അദ്ദേഹം എന്നെ പരിഗണിക്കുന്നു. നേരത്തെ പറഞ്ഞ പോലെ ചില ട്രോളുകൾ ഞാൻ കാണാറുണ്ട്. ഇത്തരം ട്രോളുകൾ വളരെ സന്തോഷത്തോടെ സ്വീകരിക്കുന്നു.

മമ്മൂക്കയ്ക്ക് ഒപ്പം പോകുമ്പോൾ എനിക്ക് ലഭിക്കുന്ന സന്തോഷവും അഭിമാനവും ഇവർ പറയുന്ന വാക്കിനേക്കാൾ അപ്പുറമാണ്. എനിക്ക് അത് വലിയ സന്തോഷം കിട്ടുന്ന കാര്യമാണ്. പിന്നെ അവസരം കിട്ടാൻ വേണ്ടി നടക്കുന്നുവരുണ്ട് എന്ന് പറയുന്നവരുണ്ട്. ഞാൻ അദ്ദേഹത്തെ വച്ച് ഡയറക്ട് ചെയ്ത പടത്തിൽ ഞാൻ അഭിനയിച്ചിട്ടില്ല. ആ വേഷം നീ ചെയ്തോ എന്ന് പറഞ്ഞിട്ട് പോലും ഞാൻ ചെയ്തിട്ടില്ല. ഞാൻ ചെയ്ത രണ്ട് പടത്തിലും ഞാൻ അഭിനയിച്ചിട്ടില്ല.

അതിന് ശേഷം അദ്ദേഹത്തിന്റെ എട്ടോളം സിനിമകൾ ഉണ്ട്. അതിൽ സിബിഐ 5നെ മാറ്റിനിർത്തിയാൽ ഒരു സിനിമയിലും ഞാൻ അഭിനയിച്ചിട്ടില്ല. അത്തരം ആരോപണങ്ങൾ ഒക്കെ കാര്യങ്ങൾ അറിയാതെയാണ്. ഇന്ത്യ മുഴുവൻ ആരാധിക്കുന്ന എല്ലാവരും വളരെ ബഹുമാനത്തോടെ കാണുന്ന ഒരാളാണ് മമ്മൂട്ടി എനിക്ക് ഭാഗ്യം ഇത്തിരി ഇങ്ങോട്ട് നീക്കിയാണ് വരച്ചത്. അതിന് വളരെ സന്തോഷത്തോടെ ഒരു അവാർഡ് കിട്ടുന്നത് പോലെ ഞാൻ ആസ്വദിക്കുന്നു', രമേഷ് പിഷാരടി പറഞ്ഞു.

Advertisement
Advertisement