വയനാട്ടിൽ ആര്? പാർട്ടിയിലെ നിർണായക പദവി ആവശ്യപ്പെടാനൊരുങ്ങി മുരളീധരൻ

Thursday 06 June 2024 12:04 PM IST

കോഴിക്കോട്: തൃശൂരിലെ പരാജയത്തിന് പിന്നാലെ രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കുകയാണെന്ന് പറഞ്ഞ യു ഡി എഫ് സ്ഥാനാർത്ഥി കെ മുരളീധരനെ അനുനയിപ്പിക്കാൻ കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ സുധാകരൻ മുരളീധരനുമായി കൂടിക്കാഴ്ച നടത്തും.


ഉപതിരഞ്ഞെടുപ്പ് നടക്കാൻ സാദ്ധ്യതയുള്ള വയനാട്ടിൽ നിന്ന് മുരളീധരനെ മത്സരിപ്പിക്കാനാണ് കെ പി സി സിയുടെ നീക്കമെന്നാണ് സൂചന. എന്നാൽ മുരളീധരൻ ഇതിന് വഴങ്ങിയേക്കില്ല. മാത്രമല്ല കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ആവശ്യപ്പെട്ടേക്കും. വയനാട് മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് പിന്നാലെ ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും പൊതുരംഗത്ത് നിന്ന് മാറി നില്‍ക്കാനാണ് തീരുമാനമെന്നും മുരളീധരൻ പറഞ്ഞിരുന്നു.കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ചാണ് അദ്ദേഹം പ്രതികരിച്ചത്.

വടകരയില്‍ തന്നെ മത്സരിച്ചിരുന്നുവെങ്കില്‍ താന്‍ വിജയിക്കുമായിരുന്നുവെന്നും കുരുതിക്ക് നിന്ന് കൊടുക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം വൈകാരിക പ്രതികരിച്ചിരുന്നു. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലമായിട്ടും നേതൃത്വം കാര്യമായി ഇടപെട്ടില്ലെന്നാണ് മുരളീധരന്റെ ആരോപണം.

തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് വേണ്ടി പ്രചാരണം നടത്താന്‍ നിരവധി തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍ കുമാറിനായി മുഖ്യമന്ത്രി പിണറായി വിജയനും എത്തി. എന്നാല്‍ തനിക്ക് വേണ്ടി ആരും വന്നില്ലെന്നാണ് മുരളീധരന്റെ പരാതി.

2019ല്‍ വട്ടിയൂര്‍ക്കാവ് സിറ്റിംഗ് എം എല്‍ എ ആയിരിക്കെയാണ്, ലോക്‌സഭ തിരഞ്ഞെടുപ്പിൽ മുരളീധരൻ പാര്‍ട്ടി നിര്‍ദേശപ്രകാരം വടകരയില്‍ പി ജയരാജനെ നേരിടാന്‍ എത്തിയത്. അന്ന് മറ്റ് പലരും വടകരയില്‍ മത്സരിക്കാന്‍ മടിച്ച് പിന്‍മാറിയപ്പോഴാണ് മുരളീധരന്‍ പാര്‍ട്ടിക്ക് വേണ്ടി പോരിനിറങ്ങിയത്. വിജയിക്കുകയും ചെയ്തു.

വടകരയിൽ മുരളീധരൻ യു ഡി എഫ് സ്ഥാനാർത്ഥിയായെത്തുമെന്ന് പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാൽ സഹോദരി പദ്മജ ബി ജെ പിയിലേക്ക് പോയതിന് പിന്നാലെ മുരളീധരനെ തൃശൂരേക്ക് മാറ്റുകയായിരുന്നു. പകരമെത്തിയ ഷാഫി പറമ്പിൽ എൽ ഡി എഫിന്റെ കെ കെ ശൈലജയേക്കാൾ ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

Advertisement
Advertisement