''മുരളിക്ക് വയനാട് സീറ്റ് കൊടുക്കണം, അല്ലെങ്കിൽ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ മത്സരിപ്പിക്കണം''

Thursday 06 June 2024 12:51 PM IST

തിരഞ്ഞെടുപ്പ് രാഷ്ട്രീയം ഉപേക്ഷിച്ച് വനവാസത്തിന് പോകേണ്ട ആളല്ല കെ മുരളീധരൻ എന്ന് രാഷ്‌ട്രീയ നിരീക്ഷകനും ഇടതുപക്ഷ ചിന്തകനുമായ അഡ്വ. ജയശങ്കർ. രാഹുൽ ഗാന്ധി ഒഴിയുന്ന പക്ഷം മുരളിക്ക് വയനാട് സീറ്റ് കൊടുക്കണം. അല്ലെങ്കിൽ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ മത്സരിപ്പിക്കണമെന്നും ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.

ജയശങ്കറിന്റെ വാക്കുകൾ-

''2019ൽ പി ജയരാജനെ തോല്പിക്കാൻ വട്ടിയൂർക്കാവിൽ നിന്ന് വടകരയ്ക്ക് പോയ ആളാണ് കെ മുരളീധരൻ. പാർലമെന്റംഗം ആയിരിക്കുമ്പോൾ നേമത്ത് ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കാൻ പോയതും മുരളി തന്നെ.ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിച്ചിരുന്നുവെങ്കിൽ മുരളി വടക്കൻ പാട്ടു പാടി ജയിക്കുമായിരുന്നു. കെ സി വേണുഗോപാലിന് ആലപ്പുഴയിൽ മത്സരിക്കാൻ വേണ്ടി ഷാഫിക്കു വടകര കൊടുത്ത് മുരളീധരനെ തൃശൂർക്കു വിട്ടു. പത്മജ ബിജെപിയിൽ ചേർന്നത് നിമിത്തമായി എന്ന് മാത്രം.

ഒടുവിൽ പത്മജയുടെ പ്രവചനം ഫലിച്ചു: മുമ്പ് കരുണാകരനെയും മുരളിയെയും പത്മജയെയും കാലുവാരി കഴിവ് തെളിയിച്ച തൃശൂരെ കോൺഗ്രസുകാർ പഴയ പരിപാടി ആവർത്തിച്ചു. മുരളി മൂന്നാം സ്ഥാനത്തായി. തിരഞ്ഞെടുപ്പ് രാഷ്ട്രീയം ഉപേക്ഷിച്ച് വനവാസത്തിന് പോകേണ്ട ആളല്ല കെ മുരളീധരൻ. രാഹുൽ ഗാന്ധി ഒഴിയുന്ന പക്ഷം മുരളിക്ക് വയനാട് സീറ്റ് കൊടുക്കണം. അല്ലെങ്കിൽ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ മത്സരിപ്പിക്കണം''.

# മുരളിക്ക് വയനാട്!!

ഇനിയൊരു മത്സരത്തിന് ആലോചനയില്ല. പൊതുരംഗത്ത് നിന്നു കുറച്ചുകാലം വിട്ടുനിൽക്കുകയാണ്. കോൺഗ്രസിന്റെ ഒരു കമ്മിറ്റികളിലും പങ്കെടുക്കാൻ പോകില്ല. സാധാരണ പ്രവർത്തകനായി തുടരും. സംഘടനാ പ്രവർത്തനങ്ങളിലേക്കില്ല എന്നൊക്കെയാണ് പരാജയത്തെ തുടർന്ന് കെ. മുരളീധരൻ പ്രതികരിച്ചത്. തന്നെ കുരുതികൊടുക്കുകയായിരുന്നോ എന്നത് ജനം ഭാവിയിൽ തീരുമാനിക്കും.

അടുത്ത തവണ മത്സരിക്കാൻ ചെറുപ്പക്കാർ വരട്ടെ. കോൺഗ്രസ് സംവിധാനം മൊത്തത്തിൽ പ്രയാസത്തിലാണ്. അത് മാറ്റിയെടുക്കണമെന്നേ പറയുന്നുള്ളൂ. അതിനാൽ തോറ്റുവെന്ന് പറഞ്ഞാൽ ശരിയാവില്ല. എൽ.ഡി.എഫ് ജയിച്ചിരുന്നെങ്കിൽ ദുഃഖം ഉണ്ടാകില്ലായിരുന്നുവെന്നും മുരളി പ്രതികരിക്കുകയുണ്ടായി.

Advertisement
Advertisement