കടലിൽ മുങ്ങി, ജീസസിനെ കണ്ടു; മതം മാറിയതിനെപ്പറ്റി ദിലീപ് ചിത്രത്തിലെ നടിയുടെ വെളിപ്പെടുത്തൽ

Thursday 06 June 2024 2:32 PM IST

"ഇഷ്ടം" എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ജയസുധ. 225 തെലുങ്ക് ചിത്രം അടക്കം മൂന്നൂറിലധികം ചിത്രങ്ങളിൽ ജയസുധ അഭിനയിച്ചിട്ടുണ്ട്. മതം മാറിയതുമായി ബന്ധപ്പെട്ടുള്ള നടിയുടെ വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

1985ലായിരുന്നു നടിയുടെ വിവാഹം. നിധിൻ കപൂറിനെയാണ് ജയസുധ വിവാഹം കഴിച്ചത്. ഹണിമൂണിനായി തായ്‌ലാൻഡിൽ പോയപ്പോൾ നടന്ന ഒരു സംഭവമാണ് മതം മാറാൻ പ്രേരിപ്പിച്ചതെന്നാണ് താരം പറയുന്നത്.

'ഞങ്ങൾ ബാങ്കോക്കിലെ ഒരു റിസോർട്ടിൽ പോയി. എനിക്ക് വെള്ളം പേടിയാണ്, നീന്താൻ കഴിയില്ല. അതിനാൽത്തന്നെ കടലിനടുത്ത് നിന്ന് മാറി നിൽക്കാൻ ഞാൻ എപ്പോഴും ശ്രമിക്കാറുണ്ട്. ബീച്ച് റിസോർട്ടാണ്. വാട്ടർ ആക്ടിവിറ്റീസിൽ പങ്കെടുക്കാൻ ഭർത്താവ് എന്നെ നിർബന്ധിച്ചു. കണ്ട് നിൽക്കാനാണ് ഇഷ്ടമെന്നും വാട്ടർ ആക്ടിവിറ്റീസിൽ പങ്കെടുക്കാൻ തയ്യാറല്ലെന്നും ഞാൻ പറഞ്ഞു. അദ്ദേഹം എല്ലാ റൈഡുകളും എൻജോയ് ചെയ്തു.

അവസാനത്തെ ദിവസം, നിനക്കൊപ്പം കടലിലെ ഒരു ആക്ടിവിറ്റിയിലെങ്കിലും പങ്കെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഞാനുണ്ട്, പേടിക്കേണ്ട, എല്ലാം നന്നായി വരുമെന്നും അദ്ദേഹം ധൈര്യം തന്നു. ഹണിമൂണാണ് അതിനാൽത്തന്നെ, ഭർത്താവിനെ നിരാശപ്പെടുത്താൻ എനിക്ക് താത്പര്യമില്ലായിരുന്നു. അങ്ങനെ ഞങ്ങൾ ജെറ്റ് സ്ക്രീയിൽ പോയി. ഞാൻ കണ്ണടച്ചു. കുറച്ച് മിനിട്ടുകൾ കടൽ ശാന്തമായിരുന്നു. എന്നാൽ കുറച്ചുദൂരം പോയപ്പോൾ എല്ലാം മാറിമറിഞ്ഞു. ബാലൻസ് തെറ്റി ഞാൻ കടലിൽ വീണു. കടലിൽ വീഴുമ്പോൾ ഇത് ജീവിതത്തിന്റെ അവസാനമാണെന്ന് എനിക്ക് തോന്നി, കാരണം നീന്താനറിയില്ല.

വെള്ളത്തിൽ വീണപ്പോൾ ഞാൻ മരിക്കുകയാണെന്ന് തോന്നി. കരഞ്ഞു. ഹിന്ദു ദൈവങ്ങളുടെ പേര് വിളിച്ചാണ് ഞാൻ കരയേണ്ടത്. കാരണം എനിക്ക് ഹിന്ദു ദൈവങ്ങളെയാണ് അറിയുന്നത്. പക്ഷേ ജീസസ് ക്രൈസ്റ്റിന്റെ പേര് വിളിച്ചാണ് കരഞ്ഞത്. മുങ്ങിപ്പോകാൻ തുടങ്ങിയപ്പോൾ ശ്വാസം അടക്കിപ്പിടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു.'- ജയസുധ പറഞ്ഞു.


പിന്നെ കണ്ണുതുറന്നപ്പോൾ, ഇടതുവശത്തും വലതുവശത്തും മെല്ലെ ഒഴുകുന്ന കടൽപ്പായലും സൂര്യകിരണങ്ങളും കണ്ടുവെന്നും സൂര്യകിരണങ്ങൾക്ക് പിന്നിൽ യേശുവും ഉണ്ടായിരുന്നുവെന്നും ജയസുധ അവകാശപ്പെട്ടു. ഇതാണ് മതമാറ്റത്തിന് കാരണമായതെന്ന് നടി വ്യക്തമാക്കി.

Advertisement
Advertisement