'മുന്നിൽ നിന്ന് നയിച്ചു, പ്രതീക്ഷയും പ്രചോദനവുമായി'; താമര വിരിയിച്ചതിന്റെ വിജയശിൽപി സുരേന്ദ്രനെന്ന് ബിജെപി

Thursday 06 June 2024 3:56 PM IST

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപി ആദ്യമായി അക്കൗണ്ട് തുറന്നതിന്റെ വിജയശിൽപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണെന്ന് നേതൃത്വം. കേരള ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പിലാണ് നേതൃത്വം ഇക്കാര്യം വ്യക്തമാക്കിയത്. സുരേഷ് ഗോപി നേടിയ തകർപ്പൻ വിജയത്തിനും ബിജെപിയുടെ കേരളത്തിലെ എക്കാലത്തെയും മികച്ച പ്രകടനത്തിനും പിന്നിൽ കെ സുരേന്ദ്രനെന്ന കരുത്തനായ നേതാവിന്റെ സംഘാടകമികവുണ്ടെന്ന് കുറിപ്പിൽ പറയുന്നു.

'പാർട്ടിയിലെ പ്രവർത്തകരെ ഏകോപിപ്പിച്ചുകൊണ്ട് താഴേത്തട്ടിൽവരെ നീളുന്ന പ്രചാരണപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്താൻ അദ്ദേഹത്തിന് സാധിച്ചു. കേരളത്തിൽ ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി കോൺഗ്രസ് കമ്മ്യൂണിസ്റ്റ് സഖ്യം നടത്തിയ നിരന്തര ശ്രമങ്ങളിൽ തന്റെ പാർട്ടി കാര്യകർത്താക്കൾ തളരാതിരിക്കുവാൻ അവരെ മുന്നിൽ നിന്നു നയിച്ച്, ഏവർക്കും പ്രചോദനവും വിജയപ്രതീക്ഷയും നൽകിയത് കെ. സുരേന്ദ്രനാണ്'- ഫേസ്ബുക്കിൽ കുറിച്ചു.

ബിജെപി ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പ്..

തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ ശ്രീ സുരേഷ് ഗോപി നേടിയ തകർപ്പൻ വിജയത്തിനും ബിജെപിയുടെ കേരളത്തിലെ എക്കാലത്തെയും മികച്ച പ്രകടനത്തിനും പിന്നിൽ കെ. സരേന്ദ്രനെന്ന കരുത്തനായ നേതാവിന്റെ സംഘാടകമികവുണ്ട്. പാർട്ടിയിലെ പ്രവർത്തകരെ ഏകോപിപ്പിച്ചുകൊണ്ട് താഴേത്തട്ടിൽവരെ നീളുന്ന പ്രചാരണപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്താൻ അദ്ദേഹത്തിന് സാധിച്ചു.

കേരളത്തിൽ ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി കോൺഗ്രസ്‌കമ്മ്യൂണിസ്റ്റ് സഖ്യം നടത്തിയ നിരന്തര ശ്രമങ്ങളിൽ തന്റെ പാർട്ടി കാര്യകർത്താക്കൾ തളരാതിരിക്കുവാൻ അവരെ മുന്നിൽ നിന്നു നയിച്ച്, ഏവർക്കും പ്രചോദനവും വിജയപ്രതീക്ഷയും നൽകിയത് ശ്രീ കെ. സുരേന്ദ്രനാണ്. സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ മികവുറ്റ പ്രവർത്തനം കാഴ്ചവച്ച അദ്ദേഹത്തിന്റെ നേതൃത്വം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പാർട്ടിക്ക് മുതൽക്കൂട്ടാകും.

അതേസമയം, ബിജെപി സംസ്ഥാനത്ത് വോട്ട് വിഹിതത്തിൽ വർദ്ധന വരുത്തിയിരുന്നു. കഴിഞ്ഞ തവണ ലഭിച്ച 15.64 ശതമാനത്തിൽ നിന്ന് 1.04 ശതമാനം വോട്ട് വിഹിതം വർദ്ധിച്ച് 16.68 ശതമാനമായി ഉയർന്നു. ഇത്തവണ 6927111 പേർ കോൺഗ്രസിന് വോട്ട് ചെയ്തപ്പോൾ സിപിഎമ്മിന് 5100964 വോട്ടാണ് ലഭിച്ചത്. സിപിഐക്ക് 1212197 വോട്ടും, ബിജെപിക്ക് 3296354 വോട്ടും ലഭിച്ചു. മുസ്ലീം ലീഗ് 1199839 വോട്ട് നേടി. കേരള കോൺഗ്രസ് എമ്മിന് 272418 വോട്ട് ലഭിച്ചു. ബിഡിജെഎസ് കോട്ടയത്ത് 19.74 ശതമാനം വോട്ട് നേടി.

Advertisement
Advertisement