വോട്ടു ചോർച്ചയുടെ വഴി തേടി മുന്നണികൾ ഇനി തലപുകച്ച് ചർച്ച ചെയ്യാം

Thursday 06 June 2024 4:37 PM IST

കോട്ടയം: കോട്ടയം,പത്തനംതിട്ട മണ്ഡലങ്ങൾ ഉൾപ്പെടുന്ന ജില്ലയിലെ വോട്ടുചോർച്ചയുടെ ഞെട്ടലിലാണ് എൽ.ഡി.എഫും ബി.ജെ.പിയും. കോട്ടയം മണ്ഡലത്തിൽ പ്രതീക്ഷിച്ചതിന് അപ്പുറത്തേയ്ക്കുള്ള തിരിച്ചടി ജോസ് വിഭാഗത്തെ അസ്വസ്ഥമാക്കുമ്പോൾ പത്തനംതിട്ട മണ്ഡലത്തിലെ വോട്ടു ചോർച്ചയുടെ കാരണം തേടുകയാണ് സി.പി.എമ്മും ബി.ജെ.പിയും. വൈക്കം,ഏറ്റുമാനൂർ,കോട്ടയം നിയമസഭാ മണ്ഡലങ്ങളിലാണ് എൽ.ഡി.എഫിന് വലിയ വോട്ട് ചോർച്ചയുണ്ടായത്.പി.സി.ജോർജിന്റെ വരവ് പത്തംനംതിട്ട ലോക്സഭാ മണ്ഡലം ഉൾപ്പെടുന്ന പൂഞ്ഞാറിൽ എൻ.ഡി.എയ്ക്ക് ഗുണം ചെയ്തില്ല.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളിൽ ജോസ് വിഭാഗം റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിച്ചിട്ടും രണ്ടിടത്തും എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ഐസക് ബഹുദൂരം പിന്നിലായതിന്റെ കാരണം കേരളാ കോൺഗ്രസും വിശദീകരിക്കേണ്ടിവരും.

സി.പി.എം വോട്ടുകൾ ബി.ഡി.ജെ.എസിന്?


സി.പി.എം വോട്ടുകൾ ബി.ഡി.ജെ.എസിലേക്ക് ഒഴുകിയെന്നാണ് കേരളാകോൺഗ്രസ് വിശ്വസിക്കുന്നത്. 2019ൽ വി.എൻ.വാസവൻ വൈക്കത്ത് നേടിയ 9220 വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ 5196ലേക്ക് ചുരുങ്ങി. ഏറ്റുമാനൂരിൽ 8445 വോട്ടിന് പിന്നിലായിരുന്നെങ്കിൽ ഇത്തവണ 9610 ലേക്കെത്തി. 2019ൽ കോട്ടയത്ത് വാസവൻ 13967 വോട്ടിനായിരുന്നു പിന്നിലെങ്കിൽ ഇത്തവണ അത് 14,840 ആയി.
എന്നാൽ കടുത്തുരുത്തിയിലും പാലായിലും പിന്നിലായത് കേരളാകോൺഗ്രസിന്റെ കഴിവുകേടാണെന്ന് സി.പി.എമ്മിലെ ഒരു വിഭാഗം പറയുന്നു. നോട്ടയ്ക്ക് കിട്ടിയ 10,000ന് മുകളിൽ വോട്ട് ചാഴികാടന് ചെയ്യാൻ മടിച്ച ചില സി.പി.എമ്മുകാരുടേതാണെന്ന വാദവുമുണ്ട്.

കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും

ജോസ് വിഭാഗം തുണച്ചില്ലെന്ന് സി.പി.എം

പ്രചാരണത്തിന് പൂർണ സഹകരണമുണ്ടായില്ല

കേരളാ കോൺഗ്രസ് വോട്ടുകൾ ആന്റോ ആന്റണിക്ക് ലഭിച്ചു

ചിറക്കടവ് ഉൾപ്പെടെ കേരളാ കോൺഗ്രസ് മേഖലയിൽ ഐസക് പിന്നിലായി

എൻ.ഡി.എയിൽ

പി.സി.ജോർജ് നിസഹകരിച്ചെന്ന് ബി.ജെ.പിയിൽ ഒരു വിഭാഗം

അനിൽ ആന്റണിക്കെതിരായ പരസ്യപ്രതികരണം ദോഷമായി

പൂഞ്ഞാറിൽ 2019നേക്കാൾ 3937 വോട്ടു കുറഞ്ഞു

സ്വന്തം ബൂത്തിൽ പിന്നിൽ

ജോസ് കെ.മാണിയുടെ ബൂത്തിൽ ചാഴികാടന് ലഭിച്ചത് നേരിയ ലീഡ് മാത്രം. ചാഴികാടന്റെ സ്വന്തം ബൂത്തായ നഗരസഭയിലെ 24-ാം നമ്പർ ബൂത്തിൽ ലഭിച്ചത് 188 വോട്ട്. ഇവിടെ ഫ്രാൻസിസ് ജോർജ് 245 വോട്ടും തുഷാർ 100 വോട്ടും നേടി. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ വാർഡിലെ 121,122 ബൂത്തുകളിൽ തുഷാർ വെള്ളാപ്പള്ളിക്കാണ് ലീഡ്. 191,361 വീതം വോട്ടുകൾ തുഷാർ നേടിയപ്പോൾ ഫ്രാൻസിസിന് 154,192 വീതം വോട്ടുകളെ ലഭിച്ചുള്ളൂ.

Advertisement
Advertisement