വീട്ടിൽ പട്ടി, പൂച്ച, പശു എന്നിവയുണ്ടോ? എന്നാൽ വാസ്‌തു ശാസ്ത്രത്തിൽ എന്താണ് പറയുന്നതെന്ന് അറിയുക

Thursday 06 June 2024 4:49 PM IST

കുടുംബത്തിൽ ഒരാളെ പോലെയാണ് പലപ്പോഴും വളർത്തുമൃഗങ്ങൾ. മാനസിക ഉല്ലാസത്തിനും സാമ്പത്തിക നേട്ടത്തിനുമെല്ലാം നാം വീട്ടിൽ മൃഗങ്ങളെ വളർത്താറുണ്ട്. വാസ്തു ശാസ്‌ത്രത്തിലും മൃഗങ്ങളെക്കുറിച്ച് പറയുന്നുണ്ട്. വാസ്തു ശാസ്‌ത്രപ്രകാരം ചില മൃഗങ്ങളെ മംഗളകരമായി കണക്കാക്കുന്നു. ഒരു വ്യക്തിയുടെ വിധി പോലും മാറ്റാൻ കഴിയുന്ന ചില മൃഗങ്ങൾ ഉണ്ട്. അവയെ വീട്ടിൽ വളർത്തിയാൽ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഓരോ മൃഗങ്ങളും വ്യത്യസ്ത വാസ്തു ഫലങ്ങൾ പ്രദാനം ചെയ്യും. അവ എന്തെല്ലാമെന്ന് നോക്കാം.

നായ

നായയെ വളർത്തുന്നതിലൂടെ കുടുംബത്തിലെ അനാരോഗ്യത്തെ ഇല്ലാതാക്കുന്നു. കാലഭെെരവന്റെ സേവകനാണ് നായയെന്നാണ് വിശ്വസിക്കുന്നത്. അതിനാൽ നായയെ വീട്ടിൽ വളർത്തിയാൽ ഭെെരവന്റെ സംരക്ഷണവും ലക്ഷ്മീ കടക്ഷാവുമുണ്ടാകും. പണത്തിന്റെ വരവിനുള്ള വഴിയും തുറക്കുന്നു. നായയുടെ കൂട് വീടിന്റെ പ്രവേശന കവാടത്തിൽ സ്ഥാപിക്കണമെന്നും വാസ്തുവിൽ പറയുന്നു.

പൂച്ച

വീട്ടിൽ സമൃദ്ധിയും ഭാഗ്യവും കെെവരിക്കുന്നതിന് പൂച്ചയെ വളർത്തുന്നത് വളരെ നല്ലതാണ്. ലക്ഷ്മീ ദേവിയുടെ പ്രീതി നേടിത്തരും. കുടുംബത്തിലെ സമ്പത്ത് നിലനിർത്തും.

പശു

പശു ശാന്തവും നിരുപദ്രവകരവുമായ ഒരു മൃഗമാണ്. പശുക്കളെ ഗോമാതാക്കളായിട്ടാണ് കരുതുന്നത്. പശുവിനെ ശരിയായ രീതിയിൽ പരിചരിച്ചാൽ അവർക്ക് സകല ഐശ്വര്യങ്ങളും വന്നുചേരുമെന്നാണ് വാസ്‌തു ശാസ്ത്രത്തിൽ പറയുന്നത്. വീട്ടിലെ നെഗറ്റീവ് എനർജിയെ അകറ്റി സന്തോഷവും സമാധാനവും സമൃദ്ധിയും പശു നൽകുന്നു. കൂടാതെ കുടുംബബന്ധം മികച്ചതാക്കാൻ സഹായിക്കും.

മുയൽ

സന്തോഷം, സമൃദ്ധി, ശാന്തി എന്നിവയുടെ പ്രതീകമാണ് മുയൽ. മുയലുകളെ വീട്ടിൽ വളർത്തിയാൽ കുടുംബത്തിലെ സ്‌ത്രീകളുടെ ആരോഗ്യം ഉറപ്പാക്കുകയും ചെയ്യുന്നു.

ആട്, ആമ

ആടിനെയും ആമയെയും വീട്ടിൽ വളർത്തുന്നത് വളരെ നല്ലതാണെന്ന് വാസ്തുവിൽ പറയുന്നു. ജീവിതത്തിലെ പ്രശ്നങ്ങൾ മാറ്റുന്നതിന് ആടിനെ വളർത്തുന്നത് നല്ലതാണ്. ആമയെ വള‌ർത്തുന്നത് ശുഭകരമായി കാണുന്നു. ആമയെ വളർത്താൻ കഴിഞ്ഞില്ലെങ്കിൽ ആമയുടെ ചിത്രമോ ശില്പമോ വീടിന്റെ വടക്കേ ദിശയിൽ സൂക്ഷിക്കുന്നത് പോസിറ്റീവ് എനർജി നൽകുന്നു.

എരുമ, പോത്ത്

കർമ്മരംഗത്ത് ഉന്നതി നേടാനും ഭാഗ്യം പ്രദാനമാകുവാനും എരുമയെ വളർത്തുന്നത് നല്ലതാണ്. പോത്ത് യമധർമ്മന്റെ വാഹനമാണ് എന്നാണ് വിശ്വസിക്കുന്നത്. അതിനാൽ ധാർമ്മിക ഉയർച്ച നേടാൻ ഈ മൃഗം സഹായിക്കുന്നു.

കുതിര

കുതിര ശക്തിയുടെയും ബുദ്ധിയുടെയും ആരോഗ്യത്തിന്റെയും പ്രതീകമാണ്. അതിനാൽ കുതിരയെ വീട്ടിൽ വളർത്തുന്നത് വളരെ നല്ലതാണ്. കിഴക്ക് അല്ലെങ്കിൽ വടക്ക് ദിശകളിൽ വീടിന് അഭിമുഖമായി കുതിരാലയങ്ങൾ പണിയാവുന്നതാണ്.

Advertisement
Advertisement