ജോസ് കെ മാണി വീണ്ടും യുഡിഎഫിലേക്കോ? ഇതുവരെ ചർച്ച നടത്തിയിട്ടില്ലെന്ന് വിഡി സതീശൻ

Thursday 06 June 2024 5:12 PM IST

കണ്ണൂർ: തൃശൂരിലെ തോൽവി സംബന്ധിച്ച് പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ ഹൈക്കമാൻഡാണ് തീരുമാനിക്കുന്നതെന്നും ജോസ്. കെ മാണിയുടെ മുന്നണി പ്രവേശനം സംബന്ധിച്ച് യുഡിഎഫ് ഇതുവരെ ചർച്ച നടത്തിയിട്ടില്ലെന്നും വിഡി സതീശൻ വ്യക്തമാക്കി. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥികളെ ഹൈക്കമാൻഡാണ് തീരുമാനിക്കുന്നത്. കെ. മുരളീധരനുമായി മുതിർന്ന കോൺഗ്രസ് നേതാക്കളെല്ലാം സംസാരിച്ചിട്ടുണ്ട്. 18 സീറ്റുകളിൽ യുഡിഎഫ് നേടിയ ഉജ്ജ്വല വിജയത്തിന്റെ ശോഭ കെടുത്താനായി ചില മാദ്ധ്യമങ്ങൾ ഇറങ്ങിയിട്ടുണ്ട്. അതിന് പിന്നിൽ സംഘടിതമായ ഒരു അജണ്ടയുണ്ട്. ആ കെണിയിലൊന്നും ഞാൻ വീഴില്ല. പത്ത് പേരാണ് ഒരു ലക്ഷം വോട്ടിന് മുകളിൽ വിജയിച്ചത്. അതിൽ നാല് പേർക്ക് രണ്ട് ലക്ഷത്തിന് മുകളിലും രണ്ട് പേർക്ക് മൂന്ന് ലക്ഷത്തിന് മുകളിലും ഭൂരിപക്ഷമുണ്ട്. ആ വിജയത്തിന്റെ ശോഭ കെടുത്തരുത്. എല്ലാവരും തിരഞ്ഞെടുപ്പുകളിൽ തോറ്റിട്ടുണ്ട്. എന്നിട്ടും തോൽവി മാത്രം ചർച്ച ചെയ്യുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല.

തൃശൂരിലും ആലത്തൂരിലും തോൽവിക്ക് ഇടയായ സാഹചര്യത്തെ കുറിച്ച് കെപിസിസിയും യുഡിഎഫും പരിശോധിക്കും. അന്വേഷണ സമിതിയെ നിയോഗിക്കുന്നതിന് മുൻപെ കുറ്റക്കാർ ആരാണെന്ന് പ്രഖ്യാപിക്കാനാകില്ല. തൃശൂരിൽ അന്തിക്കാട് ഉൾപ്പെടെ സിപിഎം കോട്ടകളിൽ നിന്നാണ് ബിജെപിയിലേക്ക് വോട്ട് മറിഞ്ഞത്. കരുവന്നൂർ ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട് ബിജെപി സിപിഎം

ധാരണയുണ്ടായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയെ ഉൾപ്പെടെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.

സംഘടനാപരമായ കാര്യങ്ങളിലെ അവസാന വാക്ക് കെപിസിസി അധ്യക്ഷനാണ്. സംഘടനാപരമായ കാര്യങ്ങൾ അദ്ദേഹം തീരുമാനിക്കും. ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം സംബന്ധിച്ച് യുഡിഎഫ് ഇതുവരെ ചർച്ച നടത്തിയിട്ടില്ല. കോൺഗ്രസ് സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത് മാദ്ധ്യമങ്ങളോ പ്രതിപക്ഷ നേതാവോ അല്ല. സ്ഥാനാർത്ഥി നിർണയത്തിന് കോൺഗ്രസിന് അതിന്റേതായ സംവിധാനമുണ്ട്. മാധ്യമങ്ങളാണ് ചർച്ച തുടങ്ങിയത്'- വിഡി സതീശൻ പറഞ്ഞു.

അതേസമയം, തൃശൂരിലെ തോൽവിയെ തുടർന്ന് ഇടഞ്ഞ കെ. മരുളീധരനെ രാഹുൽ ഗാന്ധി ഒഴിയാൻ സാദ്ധ്യതയുള്ള വയനാട്ടിൽ മത്സരിപ്പിക്കുമെന്ന് അഭ്യൂഹം. പൊതു ജീവിതത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പറഞ്ഞ മുരളീധരനെ തിരകെയെത്തിക്കാൻ ഇത് മാത്രമാണ് കെ.പി.സി.സിക്ക് മുന്നിലെ ഏക പോംവഴി. വയനാട്ടിൽ ഉപതിരഞ്ഞെടുപ്പുണ്ടായാൽ മുരളീധരനെ പരിഗണിക്കണമെന്ന് ഹൈക്കമാൻഡിനോട് ആവശ്യപ്പെടുമെന്നാണ് മുതിർന്ന് കോൺഗ്രസ് നേതാക്കൾ നൽകുന്ന സൂചന.

Advertisement
Advertisement