കേന്ദ്ര മന്ത്രിസഭ രൂപീകരിക്കുമ്പോൾ

Friday 07 June 2024 12:43 AM IST

ഡൽഹിയിൽ കേന്ദ്ര മന്ത്രിസഭാ രൂപീകരണ ചർച്ചകൾ നടക്കുകയാണ്. സുപ്രധാന മന്ത്രിസ്ഥാനങ്ങളിൽ ബി.ജെ.പി തന്നെ തുടരുമെന്നാണ് സൂചനയെങ്കിലും, തെലുങ്കുദേശവും ജെ.ഡി.യുവും പ്രധാന വകുപ്പുകൾ ആവശ്യപ്പെടാതിരിക്കില്ല. കാരണം ആ രണ്ട് കക്ഷികളുടെ പിന്തുണയിൽ മാത്രമേ മോദി സർക്കാരിന് മുന്നോട്ടു പോകാനാവൂ. തെലുങ്കുദേശം നേതാവ് ചന്ദ്രബാബു നായിഡുവും ജെ.ഡി.യു നേതാവ് നിതീഷ്‌‌‌കുമാറും സംസ്ഥാനങ്ങൾ വിട്ട് പോകാൻ സാദ്ധ്യതയില്ല. മുഖ്യമന്ത്രിമാരായി തുടരുന്നതാണ് കേന്ദ്രത്തിലേക്ക് പോകുന്നതിനെക്കാൾ രാഷ്ട്രീയമായി അവർക്ക് കൂടുതൽ കരുത്തു പകരുന്നത്. ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി നേടിയെടുക്കുക എന്നത് ടി.ഡി.പിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നാണ്. ഇതിനായി അവർ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്നതിൽ സംശയമില്ല.

അതേസമയം, ജെ.ഡി.യു നേതാവ് നിതീഷ്‌കുമാർ നയപരമായ ഒരു പ്രധാന സംഗതിയിൽ ബി.ജെ.പിയുടെ നിലപാടിന് വിരുദ്ധ ചേരിയിൽ നിൽക്കുന്ന നേതാവാണ്. രാജ്യത്ത് ആദ്യമായി ജാതി സെൻസസ് ബീഹാറിൽ നടപ്പാക്കിയ മുഖ്യമന്ത്രിയാണ് അദ്ദേഹം. എന്നാൽ ബി.ജെ.പി അടിസ്ഥാനപരമായി ജാതി സെൻസസിന് എതിരാണ്. ജെ.ഡി.യുവിന്റെ പിന്തുണയോടെ ഭരിക്കുന്ന ബി.ജെ.പിക്ക് ജാതി സെൻസസിന്റെ കാര്യത്തിൽ ഒരു പുനർ വിചിന്തനം നടത്തേണ്ടിവരും. ഇന്ത്യാ മുന്നണിയുടെ സുപ്രധാന മുദ്രാവാക്യങ്ങളിലൊന്ന്, അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടപ്പാക്കുമെന്നതായിരുന്നു. പിന്നാക്ക വിഭാഗങ്ങളും ദളിതരും മുസ്ളീങ്ങളും ഒന്നിച്ചുനിന്ന് പിന്തുണച്ചതിനാലാണ് യു.പിയിൽ സമാജ്‌വാദി പാർട്ടിക്കും കോൺഗ്രസിനും ഇത്ര വലിയ മുന്നേറ്റം നടത്താനായത്. രാജ്യത്തെ പിന്നാക്ക വിഭാഗക്കാർ ദീർഘകാലമായി ആവശ്യപ്പെടുന്നതാണ് ജാതി സെൻസസ് രാജ്യത്ത് നടത്തണമെന്നത്. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കുമെന്ന് നമുക്കു പ്രതീക്ഷിക്കാം.

കഴിഞ്ഞ പത്തുവർഷമായി തുടരുന്ന മോദി സർക്കാരിന്റെ കീഴിൽ തിളങ്ങുന്ന വിജയങ്ങൾ നേടിയ ചില വകുപ്പുകളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ടു വകുപ്പുകളാണ് വിദേശകാര്യവും പ്രതിരോധവും. ഇന്ത്യയുടെ യശസ്സ് അന്താരാഷ്ട്ര വേദികളിലും മറ്റ് പ്രബലമായ രാജ്യങ്ങളുടെ കൂട്ടായ്‌മകളിലും ഉയർത്താൻ ഇന്ത്യൻ വിദേശകാര്യ വകുപ്പിന് കഴിഞ്ഞിട്ടുണ്ടെന്ന് നിസംശയം പറയാനാകും. വിദേശകാര്യ വകുപ്പിന് നേതൃത്വം നൽകിയ എസ്. ജയശങ്കറിന്റെയും സഹമന്ത്രിയായി പ്രവർത്തിച്ച വി. മുരളീധരന്റെയും മികവുറ്റ പ്രകടനങ്ങളാണ് ഇതിനിടയാക്കിയത്. രാജ്യത്ത് ഏറ്റവും കൂടുതൽ പേർ വിദേശത്ത് ജോലിചെയ്യുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് കേരളമാണ്. അതിനാൽ വിദേശകാര്യ വകുപ്പിൽ സഹമന്ത്രി സ്ഥാനത്തേക്ക് ഒരു മലയാളിയെ വീണ്ടും പരിഗണിക്കുന്നത് ഉചിതമായിരിക്കും.

കേരളത്തിൽ നിന്ന് ആദ്യമായി ജയിച്ച ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ്‌ഗോപിക്ക് സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിനും പുരോഗതിക്കും ഉതകുന്ന ഒരു പ്രധാന വകുപ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷ. രണ്ടാം യു.പി.എ മന്ത്രിസഭയിൽ ഒരു ഘട്ടത്തിൽ കേരളത്തിൽ നിന്ന് രണ്ട് കാബിനറ്റ് മന്ത്രിമാർ ഉൾപ്പെടെ ഏഴുപേർ വരെ മന്ത്രിമാരായിരുന്നിട്ടുണ്ട്. അതിനാൽ ഏറ്റവും കുറഞ്ഞത് മൂന്നു പേർക്കെങ്കിലും കേരളത്തിൽ നിന്ന് മന്ത്രിസഭയിൽ അംഗത്വം ലഭിച്ചാൽപ്പോലും അധികമാവില്ല. പ്രതിരോധ വകുപ്പിൽ ആധുനികവത്‌കരണവും വെടിക്കോപ്പുകളുടെയും യുദ്ധസാമഗ്രികളുടെയും മിസൈലുകളുടെയും നിർമ്മിതിയും ഉൾപ്പെടെ വൻ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആയുധ കയറ്റുമതിയിലൂടെ മാത്രം ഇന്ത്യയ്ക്ക് വലിയ അളവിൽ വിദേശനാണ്യം വരും വർഷങ്ങളിൽ നേടാനാവും. ആഭ്യന്തരം, പ്രതിരോധം, വിദേശകാര്യം, ധനകാര്യം എന്നീ പ്രധാന വകുപ്പുകൾ നിലവിൽ തുടർന്നുവന്ന മികച്ച പ്രകടനം മുന്നോട്ട് കൊണ്ടുപോകുന്നതിന് ബി.ജെ.പി തന്നെ കൈകാര്യം ചെയ്യുന്നതാവും ഉത്തമം. പരമാവധി എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിദ്ധ്യം ഉറപ്പാക്കുന്ന മന്ത്രിസഭയാണ് രൂപീകരിക്കപ്പെടാൻ സാദ്ധ്യതയെന്ന് കരുതാം.

Advertisement
Advertisement