ജപ്തി പീഡനത്തിന് കടിഞ്ഞാൺ വരട്ടെ

Friday 07 June 2024 12:45 AM IST

നിവൃത്തികേടിന്റെ അങ്ങേത്തലയ്ക്കൽ,​ ആകെയുള്ള ഒരുതുണ്ട് ഭൂമി പണയപ്പെടുത്തി സ്വന്തമായൊരു കൂര പണിയാനോ ചെറുകിട വ്യാപാരത്തിനോ മറ്റോ ബാങ്കിൽ നിന്ന് വായ്പ അനുവദിച്ചുകിട്ടുന്നതിനേക്കാൾ വലിയ ആശ്വാസമില്ല; സാധാരണക്കാരന്. ഒഴിയാത്ത പ്രാരബ്‌ധങ്ങളുടെ കെണിയിൽപ്പെട്ട് അതു കുടിശ്ശികയായി,​ ഒടുവിൽ ജപ്തിനോട്ടീസ് കിട്ടുന്നതിലും വലിയ അങ്കലാപ്പും വേറെയില്ല. കുടിശിക പിരിവിനു ചുമതലപ്പെടുത്തിയിരിക്കുന്നത് സ്വകാര്യ ഏജൻസികളെയാണെങ്കിൽ ജപ്തിയേക്കാൾ ഭീകരമായ പേടിസ്വപ്നമാകും,​ അവരുടെ ഭീഷണിയും സമ്മർദ്ദവും പീഡനവും. ആത്മഹത്യയല്ലാതെ മാർഗമില്ലാത്ത അവസ്ഥയിലേക്ക് കുടിശികക്കാരനെ കുരുക്കിയിടുന്ന റവന്യു റിക്കവറി നിയമത്തിൽ ഭേദഗതി വരുത്താനും,​ കടക്കെണിയിലായ സാധാരണക്കാരന് തിരിച്ചടവിനും മറ്രും സാവകാശം ലഭ്യമാക്കാനും വഴിയൊരുക്കുന്ന ബില്ലിന് കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗം അനുമതി നൽകിയതിനെ വലിയ ആശ്വാസത്തോടും പ്രതീക്ഷയോടും കൂടിയാണ് സാധാരണക്കാർ കാണുന്നത്.

ഇരുപത് ലക്ഷം രൂപ വരെ ദേശസാത്കൃത,​ ഷെഡ്യൂൾഡ്,​ വാണിജ്യ ബാങ്കുകളിൽ നിന്നുള്ള വായ്പകളുടെ തിരിച്ചടവ് മുടക്കത്തിന് റവന്യു വകുപ്പ് വഴിയുള്ള ജപ്തിയിൽ സർക്കാരിന് ഇടപെടാൻ അധികാരം നൽകുന്ന വിധമാണ് നിയമ ഭേഗതി ഒരുങ്ങുന്നത്. ഈ അധികാരം ഉപയോഗിച്ച് ചെറുകിട കർഷകരുടേത് ഉൾപ്പെടെ വീടും കൃഷിഭൂമിയും ജപ്തി ചെയ്യുന്നത് തടയുകയാണ് ലക്ഷ്യം. ഗഡുക്കളായി തിരിച്ചടവിന് അവസരം നൽകുന്നതിനു പുറമേ,​ കുടിശികക്കാരന്റെ ഒരേയൊരു കിടപ്പാടം ആയിരം ചതുരശ്ര അടിയിൽ കുറവാണെങ്കിൽ അതിന്മേൽ ജപ്തി പാടില്ലെന്ന വ്യവസ്ഥയും ഉണ്ടാകും. വായ്പാ തുക അഞ്ചുലക്ഷം വരെ മാത്രമാണെങ്കിൽ ഗ്രാമങ്ങളിൽ ഒരേക്കറും നഗരമേഖലകളിൽ അരയേക്കറും വരെയുള്ള കൃഷിഭൂമിയെ ജപ്തിയിൽ നിന്ന് ഒഴിവാക്കി,​ പകരം സംവിധാനം നിർദ്ദേശിക്കുന്നതാണ് മറ്രൊരു ഭേദഗതി.

റവന്യു റിക്കവറി വഴി സർക്കാർ ഏറ്റെടുക്കുന്ന ഭൂമിയെക്കുറിച്ച് (ബോട്ട് ഇൻ ലാൻഡ്)​ വേദനയോടെ മറന്നുകളയാനേ ഉടമയ്ക്ക് നിലവിൽ മാ‌ർഗമുള്ളൂ. സർക്കാരിന്റെ കൈവശമിരിക്കെത്തന്നെ ആ ഭൂമി വില്ക്കുന്നതിന് ഒരാളെ കണ്ടെത്തുന്നതിനും,​ വില്ക്കുന്നയാളും വാങ്ങുന്നയാളും ചേർന്ന് ജില്ലാ കളക്ടർക്ക് സമർപ്പിക്കുന്ന അപേക്ഷപ്രകാരം ഈ ഇടപാട് നടത്തിക്കിട്ടുന്നതിനും വ്യവസ്ഥ ചെയ്യുന്ന നിയമഭേഗഗതി വലിയൊരു വിഭാഗത്തിന് ആശ്വാസമാകും. വായ്പയും പലിശയും ചേർത്ത് സർക്കാരിനു ലഭിക്കാനുള്ള തുക വാങ്ങുന്നയാൾ ഒടുക്കിയാൽ മതിയാകും. ബാക്കി ഇടപാടുകൾ വില്പനക്കാരനും വാങ്ങലുകാരനുമായി നേരിട്ടാവുകയും ചെയ്യാം. എന്നാൽ,​ബാങ്കുകൾ കേന്ദ്ര നിയമമായ സർഫാസിക്കു വിട്ട കേസുകളിൽ നിയമഭേദഗതിക്ക് ഒന്നും ചെയ്യാനാകില്ല. അതിനെ പ്രതിരോധിക്കാനുള്ള വ്യവസ്ഥകൾ കൂടി ബില്ലിലുണ്ടാകുമെന്നാണ് സൂചന.

അതേസമയം,​ റവന്യു റിക്കവറിയിൽ കുടിശികക്കാരന് ഇളവുകളും സാവകാശവും മറ്രും വ്യവസ്ഥ ചെയ്യുമ്പോൾത്തന്നെ ബാങ്കുകൾക്കു ലഭിക്കാനുള്ള മുഴുവൻ തുകയും ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്. കാരണം,​ ബാങ്കുകളുടെ നിലനില്പുതന്നെ വായ്പകളുടെ പലിശത്തുകയിലാണ്. അതിനു വരുന്ന മുടക്കത്തിന് ബാങ്കുകൾ ഉത്തരവാദികളേയല്ല. അതു പിരിച്ചെടുക്കുന്നതിന് അല്പസ്വല്പം സാവകാശം അനുവദിക്കാനും,​ തീർത്തും മനുഷ്യത്വരഹിതമായ നിയമവ്യവസ്ഥകൾ ഒഴിവാക്കാനുമേ സർക്കാരിനു പറ്റൂ. പുതിയ നിയമഭേദഗതി തങ്ങൾക്ക് നഷ്ടം വരുത്തുന്നതാണെന്നു വന്നാൽ സ്വാഭാവികമായും ബാങ്കുകൾ ചെയ്യുക,​ വായ്പ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകൾ കുറേക്കൂടി കർശനമാക്കുകയാവും. അതും സാധാരണക്കാരന്റെ വയറ്റത്തടിക്കുന്നതു തന്നെ.

Advertisement
Advertisement