നിർമ്മാണോദ്ഘാടനം കഴിഞ്ഞിട്ടും റോഡുപണി തുടങ്ങിയില്ല

Friday 07 June 2024 2:46 AM IST

വെള്ളറട: റോഡ് നിർമ്മാണോദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും തകർന്ന റോഡിന്റെ പണി തുടങ്ങിയില്ല. വെള്ളറട പഞ്ചായത്തിൽ ഉൾപ്പെട്ട കലിങ്കുനട - ആറാട്ടുകുഴി - കൂട്ടപ്പൂ റോഡ് പൂർണമായും തകർന്ന നിലയിലാണ്. റോഡിൽ വൻകുഴികൾ രൂപപ്പെട്ടതിനാൽ ഇരുചക്ര വാഹനയാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. സ്ഥിരമായി ഇതുവഴി യാത്രചെയ്താൽ നട്ടെല്ലിന് വരെ തകരാർ സംഭവിക്കാം. റോഡ് തകർന്നിട്ട് വർഷങ്ങളാവുന്നു. ശക്തമായ മഴയിൽ വെള്ളം കെട്ടിക്കിടക്കുമ്പോൾ ഇരുചക്രവാഹനങ്ങൾ കുഴികളിൽ അകപ്പെട്ട് അപകടങ്ങളുണ്ടാവുന്നതും പതിവാണ്. റോഡിൽ ശരിയായ രീതിയിൽ ഓടയില്ലാത്തതും വീടുകളിൽ നിന്നും മലിനജലം റോഡിൽ ഒഴുക്കിവിടുന്നതുമാണ് റോഡ് തകരാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. ചരക്കു കയറ്റിവരുന്ന നൂറുകണക്കിന് വാഹനങ്ങൾ ഈ റോഡുവഴിയാണ് പ്രധാന റോഡുകളിലേക്കു പോകുന്നത്. മിക്കപ്പോഴും ചരക്കുവാഹനങ്ങൾ കുഴികളിലകപ്പെടുന്നു. ഇത് ഡ്രൈവർമാരെ ഏറെ കഷ്ടത്തിലാക്കുന്നു. നിരവധി തവണ കുഴികൾ അടച്ചെങ്കിലും മഴപെയ്താൽ റോഡ് കുളമായി മാറുന്നു.

നിർമ്മാണം ആധുനികരീതിയിൽ

റോഡിന്റെ പുനർനിർമ്മാണത്തിനായി സംസ്ഥാന സർ‌ക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തി 22 കോടി രൂപയ്ക്ക് ടെൻഡർ ചെയ്തിരുന്നു. ടെൻഡർ എടുത്തയാൾ റോഡ് പണിക്കുള്ള ഉപകരണങ്ങളുമായി എത്തിയെങ്കിലും പണി തുടങ്ങിയില്ല. ജർമ്മൻ ടെക്നോളജി ഉപയോഗിച്ച് ആധുനിക രീതിയിൽ പണിചെയ്യുന്നതിനു വേണ്ടിയാണ് ഗുജറാത്ത് ആസ്ഥാനമായ കമ്പനിക്ക് കരാർ നൽകിയത്. ഇതിനിടയിൽ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ആറാട്ടുകുഴിയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും നിർമ്മാണം തുടങ്ങിയില്ല.

കാൽനടയാത്രികരും ദുരിതത്തിൽ

ഈ റോഡുകളിലൂടെ യാത്രചെയ്യുന്ന കാൽനടയാത്രക്കാരുടെ ദുരിതവും പറയാതെ വയ്യ. മഴയത്ത് വാഹനങ്ങൾ പോകവെ കാൽനടയാത്രക്കാർ ചെളിയിൽ കുളിക്കുന്നു. ഇതിനിടെ നിർമ്മാണം വൈകിയതിനാൽ 50 ലക്ഷം രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണികൾ ചെയ്തത് വീണ്ടും മഴയിൽ തകർന്നതോടെ യാത്രക്കാർ ദുരിതത്തിലായി, ഇതിനുപുറമെ മരപ്പാലം മുതൽ തേക്കുപാറവരെയുള്ള ഭാഗത്ത് വാട്ടർ അതോറിട്ടി കുടിവെള്ളത്തിന് പൈപ്പിടുന്നതിനായി റോഡിന്റെ ഇരുവശവും ജെ.സി.ബി ഉപയോഗിച്ച് കുഴിച്ചെങ്കിലും ശരിയായ രീതിയിൽ മണ്ണിട്ട് കുഴികൾ മൂടിയില്ല.

Advertisement
Advertisement