ഹാരിസ് ബീരാൻ മുസ്ലിംലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥി?​ പ്രതിഷേധവുമായി യൂത്ത് ലീഗ്

Thursday 06 June 2024 10:18 PM IST

ന്യൂഡൽഹി : മുസ്ലിംലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി സുപ്രീംകോടതി അഭിഭാഷകൻ ഹാരിസ് ബീരാനെ പരിഗണിക്കുന്നതായി റിപ്പോർട്ട്. മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി തങ്ങളാണ് ഹാരിസ് ബീരാനെ സ്ഥാനാർത്ഥിയാക്കുന്നതിന് തീരുമാനമെടുത്തതെന്നാണ് വിവരം. അതേസമയം മുതിർന്ന നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി,​ പി.എം.എ സലാം തുടങ്ങിയവരടക്കം തീരുമാനത്തോട് വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. യൂത്ത് ലീഗ് സംസ്ഥാന നേതൃത്വവും ഇക്കാര്യത്തിലെ പ്രതിഷേധം മുസ്ലിം ലീഗ് നേതൃത്വത്തോട് വ്യക്തമാക്കി.

രാജ്യസഭാ സ്ഥാനാർത്ഥിയായി യൂത്ത് ലീഗ് നേതാക്കളെയാകും പരിഗണിക്കുക എന്നായിരുന്നു ലീഗ് നേതൃത്വം ആദ്യം നൽകിയിരുന്ന സൂചന. എന്നാൽ പിന്നീട് സാദിഖലി തങ്ങളുടെ തീരുമാനം മാറ്റിയെന്നാണ് ലഭിക്കുന്ന സൂചനകൾ. ഡൽഹി കെ.എം.സി.സി പ്രസിഡന്റാണ് ഹാരിസ് ബീരാൻ. സാദിഖലി തങ്ങൾ ഗൾഫ് സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷമാകും സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക. അതേസമയം പ്രതിഷേധം കടുത്താൽ അവസാന നിമിഷം സ്ഥാനാർത്ഥിയുടെ കാര്യത്തിൽ മാറ്റമുണ്ടാകാനും സാദ്ധ്യതയുണ്ട്.

Advertisement
Advertisement