പ്രതിരോധം, ധനകാര്യം, ആഭ്യന്തരം, വിദേശകാര്യം എന്നിവ നല്‍കില്ല, സ്വരം കടുപ്പിച്ച് ബിജെപി

Thursday 06 June 2024 10:42 PM IST

ന്യൂഡല്‍ഹി: ഒറ്റയ്ക്ക് ഭരിക്കാന്‍ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ സഖ്യകക്ഷികളുമായി വകുപ്പ് വിഭജനം സംബന്ധിച്ച ചര്‍ച്ചകളിലാണ് ബിജെപി. നിതീഷ് കുമാറിന്റെ ജെഡിയു, ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി എന്നിവര്‍ക്കുള്ള 28 സീറ്റുകള്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്ക് അത്യാവശ്യമാണ്. ഈ സാഹചര്യത്തില്‍ വിലപേശല്‍ ശക്തമാക്കുകായാണ് ഇരുകക്ഷികളും. സ്പീക്കര്‍ സ്ഥാനവും മൂന്ന് ക്യാബിനറ്റ് പദവിയും ടിഡിപി ആവശ്യപ്പെടുന്നുണ്ട്. പ്രബല വകുപ്പുകള്‍ തന്നെ വേണമെന്നാണ് നിതീഷ് കുമാറിന്റേയും ആവശ്യം.

ഇതിന് പുറമേ ബിഹാറിന് പ്രത്യേക സംസ്ഥാന പദവിയെന്ന ആവശ്യവും നിതീഷിന് ഉണ്ട്. ആന്ധ്രയ്ക്കായി സമാന ആവശ്യവുമായി ചന്ദ്രബാബു നായിഡുവും രംഗത്തുണ്ട്. എന്നാല്‍ വകുപ്പ് വിഭജനത്തില്‍ സഖ്യകക്ഷികളോട് സ്വരം കടുപ്പിക്കുകയാണ് ബിജെപി ഇപ്പോള്‍. പ്രതിരോധം, ധനകാര്യം, ആഭ്യന്തരം, വിദേശകാര്യം എന്നിവ ഒരു കാരണവശാലും നല്‍കാന്‍ കഴിയില്ലെന്ന് ബിജെപി അറിയിച്ചു കഴിഞ്ഞു. ഇതില്‍ ഒരു വകുപ്പെങ്കിലും കിട്ടണമെന്നതാണ് സഖ്യകക്ഷികളുടെ ആവശ്യം.

ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ നാല് എംപിമാര്‍ക്ക് ഒരു മന്ത്രി വേണമെന്നാണ് സഖ്യകക്ഷികളുടെ ആവശ്യം. ടിഡിപി നാല് ക്യാബിനറ്റ് ബെര്‍ത്തുകള്‍ എന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. ജെഡിയു മൂന്ന് മന്ത്രിമാരെ വേണമെന്ന നിലപാടിലും ഉറച്ച് നില്‍ക്കുന്നു. 7 സീറ്റുള്ള ഏകനാഥ് ഷിന്‍ഡെയുടെ ശിവസേനയും അഞ്ച് സീറ്റുള്ള ചിരാഗ് പാസ്വാന്റെ എല്‍ജെപിയും ഓരോ മന്ത്രിസ്ഥാനവും പ്രതീക്ഷിക്കുന്നു. ടിഡിപി ലോക്സഭാ സ്പീക്കര്‍ സ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്, എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ ബിജെപി തയ്യാറല്ല. ഐടി വകുപ്പ് തങ്ങള്‍ക്ക് വേണമെന്നാണ് ടിഡിപി പറയുന്നത്.

മോദിയുടെ രണ്ട് മുന്‍ എന്‍ഡിഎ സര്‍ക്കാരുകളുടെ കീഴില്‍ റെയില്‍വേ, റോഡ് ഗതാഗതം മുതലായവയില്‍ വലിയ പരിഷ്‌കാരങ്ങള്‍ നടത്തിയതായി ബിജെപി അവകാശപ്പെടുന്നു, മാത്രമല്ല സഖ്യകക്ഷികള്‍ക്ക് നല്‍കി പരിഷ്‌കരണങ്ങളുടെ വേഗത കുറയ്ക്കാന്‍ കഴിയില്ലെന്നും ബിജെപി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.