കണ്ണൂരിൽ 2316 വീട്ടു വോട്ടുകൾ അസാധു

Thursday 06 June 2024 10:44 PM IST

തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

കണ്ണൂർ: മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും സ്വന്തം വീട്ടിൽ വോട്ട് ചെയ്യുന്നതിന് ഒരുക്കിയ വീട്ടിൽ വോട്ട് സംവിധാനത്തിൽ. കണ്ണൂർ മണ്ഡലത്തിൽ മാത്രം 2316 വോട്ടുകൾ അസാധുവായി..കൃത്യവിലോപം കാട്ടിയ ഉദ്യോഗസ്ഥർക്കെതിരേ ക്രിമിനൽ കേസ് അടക്കമുള്ള നടപടി ആവശ്യപ്പെട്ട് കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാർഥി കെ.സുധാകരന്റെ കൗണ്ടിംഗ് ഏജന്റ് അഡ്വ. ഇ.ആർ വിനോദ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി.
85 വയസ് കഴിഞ്ഞവർക്കും 40 ശതമാനത്തിലേറെ അംഗപരിമിതിയുള്ളവർക്കുമാണ് തിരഞ്ഞെടുപ്പു കമ്മിഷൻ വീട്ടിൽ വോട്ട് സംവിധാനം നടപ്പാക്കിയത്. പൊലീസ്, മൈക്രോ ഒബ്സർവർ, വിഡിയോഗ്രാഫർ, പോളിങ് ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെട്ട സംഘമാണ് വീട്ടിലെത്തി വോട്ടു രേഖപ്പെടുത്തിയത്. കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ ഇത്തരത്തിൽ 17386 വോട്ടുകളാണ് രേഖപ്പെടുത്തിയത്. ഇതിലാണ് 2316 വോട്ടുകൾ അസാധുവായത്.

പോസ്റ്റൽ ബാലറ്റിനൊപ്പമുള്ള ഡിക്ലറേഷൻ ഫോമിൽ പോളിംഗ് ഉദ്യോഗസ്ഥന്റെ ഒപ്പും വോട്ടറുടെ ഒപ്പോ വിരലടയാളമോ നിർബന്ധമാണ്. ഒപ്പിട്ടെന്ന് ഉറപ്പു വരുത്തേണ്ടത് ഉദ്യോഗസ്ഥരാണ്. ഒപ്പോ വിരലടയാളമോ ഇല്ലാത്തതിനാലാണ് ഇത്രയും വോട്ടുകൾ അസാധുവായത്. സി.പി.എം അനുഭാവികളായ ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ ചായ്‌വ് കാരണമാണ് ഒപ്പിടാതെ ഇത്രയേറെ പോസ്റ്റൽ വോട്ടുകൾ അസാധുവായതെന്നാണ് യു.ഡി.എഫ് ആരോപണം.

.

Advertisement
Advertisement