നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടി മുഖമാകാമെന്ന് സുരേഷ് ഗോപി

Friday 07 June 2024 4:56 AM IST

ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ബി.ജെ.പിയുടെ മുഖമാവാൻ മടിയില്ലെന്ന് നിയുക്ത എം.പി സുരേഷ് ഗോപി പറഞ്ഞു. പാർട്ടിയാണ് തീരുമാനിക്കേണ്ടത്. പാർട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്വവും നിറവേറ്റും.

ഇന്നത്തെ എൻ.ഡി.എ യോഗത്തിൽ പങ്കെടുക്കാൻ ഇന്നലെ വൈകിട്ട് ആറരയോടെയാണ് സുരേഷ് ഗോപി ഡൽഹിയിൽ എത്തിയത്. ഡൽഹി കേരള ബി.ജെ.പി സെൽ പ്രവർത്തകർ വിമാനത്താവളത്തിൽ സ്വീകരിച്ചു. ആഭ്യന്തര മന്ത്രി അമിത്ഷായെ ഇന്നു കാണാൻ ശ്രമിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

തൃശൂരിന്റെ മാത്രമല്ല, തെക്കെ ഇന്ത്യയുടെ പ്രതിനിധിയായാണ് ലോക്‌സഭയിൽ എത്തുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. എയിംസ് ഉൾപ്പെടെയുള്ള വിഷയങ്ങൾ സഭയിൽ ഉന്നയിക്കും. സാംസ്കാരിക തലസ്ഥാനം എന്ന നിലയിൽ തൃശൂരിന് വേണ്ടതെല്ലാം നൽകാൻ ശ്രമിക്കും. കേന്ദ്രമന്ത്രി പദത്തിൽ ഒതുങ്ങാൻ ആഗ്രഹമില്ല. പാർട്ടി തീരുമാനം അനുസരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement