പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയെ ചൊല്ലി വിവാദം

Friday 07 June 2024 12:43 AM IST

ന്യൂഡൽഹി: പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയുടെ സ്ഥാനമാറ്റത്തെ ചോദ്യം ചെയ്‌ത് പ്രതിപക്ഷം. എന്നാൽ ഗാന്ധിജിയുടെ അടക്കം പ്രതിമകൾ കാഴ്‌ച ഭംഗി ലഭിക്കുന്ന വിധത്തിൽ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റുകയാണെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് വിശദീകരിച്ചു.

പ്രതിമ മാറ്റുന്നത് ചോദ്യം ചെയ്‌ത് സി.പി.ഐ രാജ്യസഭാംഗം ബിനോയ് വിശ്വം കത്തയച്ചതോടെയാണ് വിശദീകരണം. പാർലമെന്റിൽ പ്രതിപക്ഷം ഗാന്ധി പ്രതിമയ്‌ക്കുമുന്നിലാണ് സ്ഥിരമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നത്. ഇത് തടയാൻ നീക്കം ചെയ്യുന്നുവെന്നാണ് ആരോപണം. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ സൗന്ദര്യവൽക്കരണ നടപടികളുടെ ഭാഗമായാണ് പ്രതിമ മാറ്റുന്നതെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് അറിയിച്ചു.പാർലമെന്റ് വളപ്പിലെ നേതാക്കളുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും പ്രതിമകൾ വിവിധ സ്ഥലങ്ങളിൽ സ്ഥിതി ചെയ്യുന്നതിനാൽ സന്ദർശകർക്ക് സൗകര്യപ്രദമായി കാണാൻ കഴിയുന്നില്ല. അതിനാൽ പ്രതിമകളെല്ലാം 'പ്രേരണ സ്ഥല'ത്ത് സ്ഥാപിക്കുന്നു. പ്രതിമകൾ നീക്കം ചെയ്‌തിട്ടില്ലെന്നും സെക്രട്ടറിയേറ്റ് അറിയിച്ചു.

Advertisement
Advertisement