അക്കൗണ്ടിൽ നിന്ന് മാറ്റിയത് 187കോടി, പട്ടികക്ഷേമ ഫണ്ട് തിരിമറി : കർണാടക മന്ത്രി രാജിവച്ചു

Friday 07 June 2024 12:44 AM IST

ബംഗളൂരു: കർണാടകത്തിൽ പട്ടികവർഗ ക്ഷേമത്തിനുള്ള 187 കോടി രൂപ തിരിമറി നടത്തിയെന്ന ആരോപണത്തിൽ പട്ടികവർഗ ക്ഷേമവകുപ്പ് മന്ത്രി ബി. നാഗേന്ദ്ര രാജിവച്ചു. ബി.ജെ.പി പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് നാഗേന്ദ്ര രാജിക്കത്ത് കൈമാറിയത്.

നാഗേന്ദ്രയുടെ വകുപ്പിന്റെ ഭാഗമായ കർണാടക മഹർഷി വാത്മീകി പട്ടികവർഗ വികസന കോർപറേഷന്റെ പണമാണ് തിരിമറി നടത്തിയത്. യൂണിയൻ ബാങ്ക് അക്കൗണ്ടിൽ നിന്ന് 187കോടി രൂപ അനധികൃതമായി മാറ്റിയന്നും അതിൽ 88.62 കോടി രൂപ പ്രമുഖ ഐ.ടി കമ്പനികളുടെയും ഹൈദരാബാദിലെ സഹകരണ ബാങ്കിന്റെയും അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നുമാണ് ആരോപണം. മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്‌ത യൂണിയൻ ബാങ്കിന്റെ പരാതിയിൽ സി. ബി. ഐ കേസെടുത്തു. അതിന് പിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും ആവശ്യപ്പെട്ടത് പ്രകാരമാണ് നാഗേന്ദ്ര രാജിവച്ചത്. കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാൽ മന്ത്രി സ്ഥാനം തിരികെ നൽകാമെന്ന ഉറപ്പും നൽകി. ആരോപണങ്ങൾ മന്ത്രി നിഷേധിച്ചിട്ടുണ്ടെന്ന് ശിവകുമാർ പ്രതികരിച്ചു.

കഴിഞ്ഞയാഴ്ച എ.ഡി.ജി.പി മനീഷ് ഖർബിക്കറുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘത്തിനും രൂപം നൽകി.

മുഖ്യമന്ത്രിയുടെയും മന്ത്രിയുടെയും രാജി ആവശ്യപ്പെട്ട് ബ. ജെ. പി സംസ്ഥാന അദ്ധ്യക്ഷൻ ബി. വൈ വിജയേന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം ഗവർണർക്ക് പരാതി നൽകി. ധനകാര്യ വകുപ്പും കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കും തിരിമറിയിൽ പങ്കുണ്ടെന്ന് അവർ ആരോപിച്ചു.

ഉദ്യോഗസ്ഥന്റെ ആത്മഹത്യ

കോർപ്പറേഷനിലെ അക്കൗണ്ട്സ് സൂപ്രണ്ട് പി. ചന്ദ്രശേഖർ മേയ് 28ന് ആത്മഹത്യ ചെയ്‌തതോടെയാണ് തിരിമറി പുറത്തുവരുന്നത്. അഞ്ചുപേജുള്ള മരണക്കുറിപ്പിൽ പണം തിരിമറിയുടെ വിശദവിവരങ്ങൾ എഴുതിയിരുന്നു.

മേലുദ്യോഗസ്ഥരുടെയും മന്ത്രിയുടെയും പേരും പരാമർശിച്ചിരുന്നു. കേസിൽ കോർപറേഷൻ എം.ഡി ജെ.ജി. പത്മനാഭയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Advertisement
Advertisement