ജെ.പി.സി അന്വേഷിക്കണം, എക്‌സിറ്റ് പോൾ വഴി 30 ലക്ഷം കോടിയുടെ അഴിമതി: രാഹുൽ

Friday 07 June 2024 12:55 AM IST

ന്യൂഡൽഹി: ബി.ജെ.പി മുന്നണി വൻ ഭൂരിപക്ഷം നേടുമെന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ വിശ്വസിച്ച് ഒാഹരി വിപണിയിൽ പണം നിക്ഷേപിച്ചവർക്ക് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 30 ലക്ഷം കോടി രൂപയുടെ നഷ്‌ടം സംഭവിച്ചതിന് പിന്നിൽ വൻ അഴിമതിയെന്ന് കോൺഗ്രസ്.

പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിർമ്മലാ സീതാരാമൻ എന്നിവരുടെ അറിവോടെ നടന്ന അഴിമതിയാണെന്നും സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്നും രാഹുൽ ഗാന്ധി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശയാണെന്ന് ബി.ജെ.പി പ്രതികരിച്ചു.

ബി.ജെ.പിയുടെ ആഭ്യന്തര സർവേയും ഇന്റലിജൻസ് ഏജൻസികളും 220ൽ കൂടുതൽ സീറ്റ് ലഭിക്കില്ലെന്ന് അറിയിച്ചിരുന്നതായി രാഹുൽ ചൂണ്ടിക്കാട്ടി. എന്നാൽ എക്‌സിറ്റ് പോളുകൾ വൻഭൂരിപക്ഷം പ്രവചിച്ചു. അദാനിയുടെ ചാനലുകൾ പ്രധാനമന്ത്രിയുമായി അഭിമുഖ പരമ്പര നടത്തി. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നൽകിയ ഉപദേശം വിശ്വസിച്ച നിക്ഷേപകരുടെ ചെലവിൽ ആയിരക്കണക്കിന് കോടി രൂപ ആരൊക്കെയോ സമ്പാദിച്ചു. ഇത് അഴിമതിയും ക്രിമിനൽ നടപടിയുമാണ്. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ധനമന്ത്രി, വ്യാജ എക്‌സിറ്റ് പോൾ വിദഗ്ദ്ധർ, സംശയാസ്പദമായ വിദേശ നിക്ഷേപകർ എന്നിവരുടെ പങ്ക് ജെ.പി.സി അന്വേഷിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, ജയറാം രമേശ് എന്നിവരും പങ്കെടുത്തു.

ആസൂത്രിതമെന്ന് രാഹുൽ

ജൂൺ 4 ന് മുമ്പ് ഓഹരികൾ വാങ്ങാൻ മേയ് 13 ന് അമിത് ഷാ

ഓഹരി വിപണി ജൂൺ 4 ന് റെക്കോർഡ് തകർക്കുമെന്ന് മേയ് 19 ന് മോദി. ജൂൺ ഒന്നിന് വ്യാജ എക്‌സിറ്റ് പോൾ ഫലം

ഇതെല്ലാം വിശ്വസിച്ച് ജനം ഒാഹരികൾ വാങ്ങിക്കൂട്ടി.

യഥാർത്ഥ ഫലം എക്സിറ്റ്പോളിനെ പൊളിച്ചു

വിപണി തകർന്ന് ചില്ലറ നിക്ഷേപകർക്ക് 30 ലക്ഷം കോടി നഷ്ടമുണ്ടായി ഇതെല്ലാം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്.

Advertisement
Advertisement