എച്ച് 5 എൻ 2 ബാധിച്ച് മരണം,​ ലോകത്ത് ആദ്യം

Friday 07 June 2024 2:28 AM IST

മെക്സിക്കോസിറ്റി: പക്ഷിപ്പനിയുടെ എച്ച് 5 എൻ2 വൈറസ് വകഭേദം ബാധിച്ചുള്ള ലോകത്തെ ആദ്യ മരണം സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ)​.

മെക്‌സിക്കോയിലാണ് മരണം. ലോകത്ത് ആദ്യം എച്ച് 5 എൻ2 വൈറസ് സ്ഥിരീകരിക്കുന്നതും ഇയാളിലാണ്.

പനി,​ ശ്വാസതടസം,​ വയറിളക്കം,​ ഓക്കാനം,​ അസ്വസ്ഥത എന്നിവയെ തുടർന്ന് മെക്‌സിക്കോ സിറ്റിലെ ആശുപത്രിയിൽ ഇക്കഴിഞ്ഞ ഏപ്രിലിലാണ് 59കാരനെ പ്രവേശിപ്പിച്ചത്. പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനിയുടെ എച്ച് 5 എൻ2 വൈറസ് വകഭേദം സ്ഥിരീകരിച്ചത്.

വെെറസിന്റെ ഉറവിടം നിലവിൽ അജ്ഞാതമാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. H5N2 വകഭേദം ബാധിച്ച് മനുഷ്യൻ മരിച്ചതായി ലബോറട്ടറി സ്ഥിരീകരിച്ച ആദ്യ കേസാണ് ഇത്. അണുബാധയുടെ ഉറവിടം തിരിച്ചറിഞ്ഞിട്ടില്ലെന്ന് മെക്‌സിക്കോ ആരോഗ്യ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്. മരണപ്പെട്ട വ്യക്തിക്ക് മൃഗങ്ങളുമായി സമ്പർക്കം ഉണ്ടായിയെന്നോ ഇറച്ചി കഴിച്ചതായോ അറിയില്ലെന്നും അധികൃതർ പറഞ്ഞു.

Advertisement
Advertisement