അവർ അന്ന് സഹപ്രവർത്തകനാണെന്ന് പോലും ഓർത്തില്ല, നിമിഷക്കെതിരായ സൈബറാക്രമണം കണ്ട അച്ഛൻ പറഞ്ഞത്
ലോക്‌സഭ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെയാണ് എൻ ഡി എ സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപി വിജയിച്ചത്. സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നാലെ നടി നിമിഷ സജയനെതിരെ സൈബറാക്രമണം ഉണ്ടായിരുന്നു. നാല് വർഷം മുമ്പ് നടി പറഞ്ഞ ചില കാര്യങ്ങളുടെ പേരിലായിരുന്നു ഫേസ്ബുക്കിലൂടെയും ഇൻസ്റ്റഗ്രാം പേജിലൂടെയും നടിയെ ആക്രമിച്ചത്.
'തൃശൂർ ചോദിച്ചിട്ട് കൊടുത്തില്ല, ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത്. നമ്മൾ കൊടുക്കുവോ, കൊടുക്കൂല'- എന്നായിരുന്നു നടി അന്ന് പറഞ്ഞത്. ഇതിന്റെ പേരിലായിരുന്നു സൈബറാക്രമണം. നടിക്കെതിരെയുള്ള സൈബറാക്രമണവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷ് ഇപ്പോൾ.
നിമിഷയ്‌ക്കെതിരായ സൈബറാക്രമണത്തിൽ വിഷമമുണ്ടെന്ന് ഗോകുൽ സുരേഷ് പ്രതികരിച്ചു. അതോടൊപ്പം തന്നെ സഹപ്രവർത്തകനാണെന്ന് പോലും ഓർക്കാതെയാണ് അച്ഛനെക്കുറിച്ച് നിമിഷ അന്ന് അങ്ങനെ പറഞ്ഞതെന്നും ഗോകുൽ കൂട്ടിച്ചേർത്തു.
നിമിഷ അന്ന് പറഞ്ഞത് ഗോകുൽ കേട്ടിരുന്നോ എന്ന മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'നിമിഷ അത് പറഞ്ഞപ്പോൾ മാദ്ധ്യമങ്ങൾ വൈറലാക്കിയതും ഞാൻ കണ്ടിരുന്നു. തിരിച്ച് അതേപോലെ നടക്കുന്നു. ഇതുകാരണം നിമിഷ വിഷമിക്കുന്നുണ്ടെങ്കിൽ എനിക്കോ അച്ഛനോ അതൊട്ടും സുഖമുള്ള കാര്യമല്ല, സന്തോഷം കൂടുതൽ തരുന്നുമില്ല. ഒരുപക്ഷേ അന്ന് അത് പറഞ്ഞപ്പോൾ നിമിഷയ്ക്ക് സന്തോഷമായിരിക്കാം. അത് ആളുകളുടെ വ്യത്യസ്തമായ കാഴ്ചപ്പാടും മനസുമാണ്. എന്റെ അച്ഛൻ നിമിഷയെ വെറുക്കുകയോ മോശമായി സംസാരിക്കുകയോ ഒന്നും ചെയ്തിട്ടില്ല.
അന്ന് നിമിഷയ്ക്ക് അങ്ങനെ പറയാൻ തോന്നി. എന്നാൽ ഇന്ന് നിമിഷയ്‌ക്കെതിരെ ഇങ്ങനെ വീഡിയോ വരുമ്പോൾ എന്റെ അച്ഛൻ അതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. എന്തിനാ ആൾക്കാർ ആ കുട്ടിയെ ഇങ്ങനെ ചെയ്യുന്നതെന്നാണ് എന്റെ അച്ഛന്റെ ചോദ്യം. മനസിലായില്ലേ,"- ഗോകുൽ പറഞ്ഞു.