'അന്ന് എന്റെ അമ്മ അവിടെയിരുന്നു പ്രതിഷേധിക്കുകയായിരുന്നു'; കങ്കണയെ തല്ലിയതിനെപ്പറ്റി സുരക്ഷാ ഉദ്യോഗസ്ഥ

Friday 07 June 2024 8:49 AM IST

ചണ്ഡിഗഢ്: ബി ജെ പിയുടെ നിയുക്ത എം പിയും പ്രശസ്‌ത ബോളിവുഡ് നടിയുമായ കങ്കണ റണൗട്ടിനെ ചണ്ഡിഗഢ് വിമാനത്താവളത്തിൽ സി ഐ എസ് എഫ് ഉദ്യോഗസ്ഥ മർദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കർഷക സമരത്തെക്കുറിച്ചുള്ള കങ്കണയുടെ പഴയ പരാമർശമാണ് തന്നെ പ്രകോപിപ്പിച്ചതെന്ന് അവരെ തല്ലിയ സുരക്ഷാ ഉദ്യോഗസ്ഥ കുൽവീന്ദർ കൗർ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി.


'കർഷകർ 100 രൂപയ്ക്ക് വേണ്ടിയാണ് അവിടെ പോയി ഇരിക്കുന്നതെന്നായിരുന്നു കങ്കണ പറഞ്ഞത്. അതിനുവേണ്ടി കങ്കണ അവിടെ പോയി ഇരിക്കുമോ? അവർ അന്ന്‌ ഇങ്ങനെ പറയുമ്പോൾ എന്റെ അമ്മ അവിടെ ഇരുന്നു പ്രതിഷേധിക്കുകയായിരുന്നു...' - കുൽവീന്ദർ കൗർ പറഞ്ഞു. പഞ്ചാബ് കപൂർത്തല സ്വദേശിയായ കുൽവിന്ദർ കൗർ കർഷക കുടുംബത്തിൽ നിന്നാണ് വരുന്നത്. സംഭവത്തിന് പിന്നാലെ അവരെ സസ്‌പെൻഡ് ചെയ്തിരുന്നു.

ഇന്നലെ ഉച്ചകഴിഞ്ഞ് 3.30നായിരുന്നു സംഭവം. ഡൽഹിയിലേക്ക് പോകാനെത്തിയതായിരുന്നു കങ്കണ. സുരക്ഷാ പരിശോധനയ്‌ക്കിടെ ഉദ്യോഗസ്ഥ അവരുടെ മുഖത്ത് അടിച്ചു. തുടർന്ന്‌ വിമാനത്താവളത്തിലെ സി ഐ എസ് എഫ് അധികൃതർക്ക് കങ്കണ പരാതി നൽകി. കൂടാതെ ചണ്ഡിഗഢ് പൊലീസിനെയും വിവരമറിയിച്ചു.

സുരക്ഷാ പരിശോധനയുടെ ഭാഗമായി ഫോൺ ട്രേയിൽ വയ്ക്കാത്തതിനാണ് ഉദ്യോഗസ്ഥ മർദിച്ചതെന്നാണ് കങ്കണയുടെ ആരോപണം. സംഭവം അന്വേഷിക്കാൻ പ്രത്യേക സമിതിയേയും നിയോഗിച്ചിരുന്നു. പിന്നാലെ ഉദ്യോഗസ്ഥയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പഞ്ചാബിൽ ഭീകരപ്രവർത്തനം വർദ്ധിച്ചു വരുന്നതിൽ ആശങ്കയുണ്ടെന്നും താൻ സുരക്ഷിതയാണെന്നും കങ്കണ എക്‌സിലൂടെ പ്രതികരിച്ചിരുന്നു.

അതേസമയം, കുൽവിന്ദർ കൗറിന് പിന്തുണയുമായി കർഷക നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന്‌ സംശയമുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും കർഷക നേതാക്കൾ ആവശ്യപ്പെട്ടു.

വിവാദ പോസ്റ്റ്

2020 ഡിസംബറിൽ കർഷക സമരം നടക്കുമ്പോൾ, കർഷകർ നൂറ് രൂപയ്ക്ക് വേണ്ടിയാണ് കുത്തിയിരിക്കുന്നതെന്ന് കങ്കണ എക്സിൽ കുറിച്ചിരുന്നു. മറ്റൊരു പോസ്റ്റിൽ കർഷകരെന്ന പേരിൽ സമരം ചെയ്യുന്നവർ ഭീകരവാദികളാണെന്നും കങ്കണ കുറിച്ചിരുന്നു. കങ്കണ നിരുപാധികം മാപ്പ് പറയണമെന്ന് അന്ന് ഡൽഹി ഗുരുദ്വാര കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. പിന്നാലെ കങ്കണ പോസ്റ്റുകൾ നീക്കം ചെയ്‌തിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകവേ കങ്കണയുടെ വാഹനവ്യൂഹം കർഷകർ തടഞ്ഞിരുന്നു.

ഹിമാചൽ പ്രദേശിലെ മാണ്ഡി ലോക്‌സഭാ മണ്ഡലത്തിൽ നിന്നാണ് കങ്കണ ജയിച്ചത്. കോൺഗ്രസ് നേതാവ് വിക്രമാദിത്യ സിംഗിനെ 74,755 വോട്ടിനാണ് തോൽപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത ആരാധികയാണ്.​ പൗരത്വ നിയമം,​ കർഷക സമരം തുടങ്ങിയ വിഷയങ്ങളിൽ മോദിയെ പിന്തുണച്ച് സംസാരിച്ചിരുന്നു.

Advertisement
Advertisement