'വയനാട്ടിൽ പ്രിയങ്ക മത്സരിച്ചാൽ ഭൂരിപക്ഷം വർദ്ധിക്കും, ഹൈക്കമാൻഡ് ആരെ നിർത്തിയാലും സുഖമായി ജയിപ്പിക്കും'

Friday 07 June 2024 12:24 PM IST

കൽപ്പറ്റ: റായ്ബറേലിയടക്കം മത്സരിച്ച രണ്ട് മണ്ഡലത്തിലും വമ്പൻ ഭൂരിപക്ഷത്തിൽ ജയിച്ചതോടെ രാഹുൽ ഗാന്ധി തന്റെ ആദ്യ മണ്ഡലമായ വയനാട് ഒഴിയുമെന്ന കാര്യത്തിൽ ധാരണയായിട്ടുണ്ട്. ഇനി വരാൻ പോകുന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വയനാട് ചുരം കയറി ആരു വരുമെന്ന ചോദ്യം ഉയരുകയാണ്. തൃശൂരിൽ സുരേഷ് ഗോപിയോട് പരാജയപ്പെട്ട കെ മുരളീധരന്റെ പേര് മുതൽ എഐസിസി ജനറൽ സെക്രട്ടറിയും രാഹുലിന്റെ സഹോദരിയുമായ പ്രിയങ്ക ഗാന്ധി വരെയുള്ളവരുടെ പേരുകൾ ഉയർന്നുകേൾക്കുന്നുണ്ട്.

എന്നാൽ പ്രിയങ്ക മത്സരത്തിനില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. ഇനി മുരളീധരൻ മത്സര രംഗത്തില്ലെങ്കിൽ അനുയോജ്യനായ മറ്റെരാളെ കണ്ടെത്തേണ്ടിവരും. എന്നാൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഹൈക്കമാൻഡ് ആരെ തീരുമാനിച്ചാലും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുമെന്ന് വയനാട് ഡിസിസി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ കേരള കൗമുദി ഓൺലൈനിനോട് പറഞ്ഞു. പ്രിയങ്ക അല്ല ആരു വന്നാലും വയനാട്ടിൽ കോൺഗ്രസിന് വമ്പിച്ച ഭൂരിപക്ഷം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'കോൺഗ്രസിന്റെ സംവിധാനം അനുസരിച്ച് ഹൈക്കമാൻഡാണ് സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത്. പല പേരുകളും ഉയർന്നുകേൾക്കുന്നുണ്ട്. നേതൃത്വം ആവശ്യപ്പെട്ടാൽ ജില്ലാ ഘടകം പാനൽ സമർപ്പിക്കും. എന്നാൽ അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. പ്രിയങ്ക ഗാന്ധിയുടെ പേര് വരെ ഉയർന്നുകേൾക്കുന്നുണ്ട്. ഇവിടെ ആര് വന്ന് മത്സരിച്ചാലും നമുക്ക് സുഖമായി ജയിപ്പിക്കാം. ഇനി പ്രിയങ്ക ഗാന്ധി മത്സരിച്ചാൽ ഭൂരിപക്ഷം വർദ്ധിക്കുകയേ ഉള്ളൂ. ഹൈക്കമാൻഡ് ആരെ നിർത്തിയാലും ഞങ്ങൾ വിജയിപ്പിച്ച് കൊടുക്കും'- എൻ.ഡി അപ്പച്ചൻ പറഞ്ഞു.

അതേസമയം, വയനാട്ടിൽ കൂടുതൽ സാദ്ധ്യത കൽപിക്കുന്നത് പ്രിയങ്കയ്ക്കാണ്. നെഹ്രു കുടുംബത്തിൽ നിന്നുതന്നെയുള്ള പ്രിയങ്ക മത്സരിക്കുന്നതിൽ വയനാട്ടിലെ യുഡിഎഫ് പ്രവർത്തകർക്ക് സ്വീകാര്യമാവുമെന്നാണ് പൊതവേ വിലയിരുത്തുന്നത്. തൃശൂരിലെ തോൽവിയെ തുടർന്ന് ഇടഞ്ഞ കെ മുരളീധരനെ വയനാട്ടിൽ മത്സരിപ്പിക്കുമെന്ന് അഭ്യൂഹവും ഉയർന്നിരുന്നു. പൊതു ജീവിതത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പറഞ്ഞ മുരളീധരനെ തിരികെയെത്തിക്കാൻ ഇത് മാത്രമാണ് കെപിസിസിക്ക് മുന്നിലെ ഏക പോംവഴി. വയനാട്ടിൽ ഉപതിരഞ്ഞെടുപ്പുണ്ടായാൽ മുരളീധരനെ പരിഗണിക്കണമെന്ന് ഹൈക്കമാൻഡിനോട് ആവശ്യപ്പെടുമെന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കൾ നൽകുന്ന സൂചന.

Advertisement
Advertisement