റഷ്യയിലെ നദിയിൽ ഇന്ത്യക്കാരായ നാല് മെഡിക്കൽ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
മോസ്‌കോ: നാല് ഇന്ത്യൻ വിദ്യാർത്ഥികൾ റഷ്യയിൽ മുങ്ങി മരിച്ചു. സെന്റ് പീറ്റേഴ്‌സ്‌ബർഗിന് സമീപമുള്ള നദിയിലാണ് അപകടമുണ്ടായത്. ഒരാളുടെ മൃതദേഹം കണ്ടെടുത്തു. ബാക്കി മൂന്നുപേർക്കായുള്ള തെരച്ചിൽ നടക്കുകയാണെന്നും അധികൃതർ അറിയിച്ചു.
യാരോസ്ലാവ്-ദി-വൈസ് നോവ്‌ഗൊറോഡ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ മെഡിക്കൽ വിദ്യാർത്ഥികളായ ഹർഷൽ അനന്ത്റാവു ദെസാലെ, ജിഷാൻ അഷ്പക് പിഞ്ചാരി, ജിയ ഫിറോജ് പിഞ്ചാരി, മാലിക് ഗുലാംഗസ് മുഹമ്മദ് യാക്കൂബ് എന്നിവരാണ് മരിച്ചത്. മറ്റൊരു വിദ്യാർത്ഥിനിയായ നിഷ ഭൂപേഷ് സോനവാനെയും നദിയിൽ വീണെങ്കിലും രക്ഷപ്പെട്ടു. ഇവർ ചികിത്സയിലാണ്. മഹാരാഷ്‌ട്ര ജൽഗാവ് ജില്ലാ കളക്‌ടർ ആയുഷ് പ്രസാദ് വിദ്യാർത്ഥികളുടെ മരണം സ്ഥിരീകരിച്ചു.
മരിച്ചവരിൽ മൂന്നുപേർ ജൽഗാവ് ജില്ലയിലുള്ളവരാണ്. ഹർഷൽ ദൊസാലെ, സഹോദരങ്ങളായ ജിഷാൻ അഷ്പക് പിഞ്ചാരി, ജിയ ഫിറോജ് പിഞ്ചാരി എന്നിവരാണവർ. റഷ്യയിലെ ഇന്ത്യൻ എംബസിയും സെന്റ് പീറ്റേഴ്‌സ്ബർഗിലെ കോൺസുലേറ്റും പ്രാദേശിക അധികാരികളുമായി ചേർന്ന് മൃതദേഹങ്ങൾ വീണ്ടെടുത്ത് എത്രയും വേഗം ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ്.
'മരിച്ച നാലുപേരും 18 - 20 വയസ് പ്രായമുള്ളവരാണ്. കുട്ടികളുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇവർക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്യുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. രക്ഷപ്പെട്ട വിദ്യാർത്ഥിക്ക് വേണ്ട മാനസിക പിന്തുണയും ചികിത്സയും നൽകാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട് ' - ഇന്ത്യൻ എംബസി പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞിട്ടുണ്ട്.
ഇന്ത്യയിൽ നിന്ന് നിരവധി വിദ്യാർത്ഥികളാണ് റഷ്യയിൽ എംബിബിഎസ് പഠിക്കുന്നത്. എൻട്രൻസ് പരീക്ഷ ഇല്ലാത്തതും ഇന്ത്യൻ സ്വകാര്യ മെഡിക്കൽ കോളേജുകളെ അപേക്ഷിച്ച് ഫീസ് കുറവാണ് എന്നതുമാണ് വിദ്യാർത്ഥികളെ റഷ്യയിലേക്ക് ആകർഷിക്കുന്നത്.