'രക്തസാക്ഷികളുടെ മണ്ണാണ് കേരളം, അവിടെ നിന്നും ആദ്യമായി നമുക്ക് പ്രതിനിധിയെ ലഭിച്ചു', സുരേഷ് ഗോപിയുടെ വിജയത്തെ എൻഡിഎ യോഗത്തിൽ പ്രശംസിച്ച് മോദി

Friday 07 June 2024 2:14 PM IST

ന്യൂഡൽഹി: പതിനെട്ടാം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എൻഡിഎ നേതാക്കളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വരുന്ന പത്ത് വ‌ർഷത്തിൽ സദ്‌ഭരണത്തിലും, വികസനത്തിലും, സാധാരണക്കാരുടെ ജീവിതത്തിൽ പരമാവധി കുറച്ച് ഇടപെടുന്നതിനും എൻഡിഎ സർക്കാർ ശ്രമിക്കുമെന്നും മോദി പറഞ്ഞു.

ദക്ഷിണ ഭാരതത്തിൽ എൻഡിഎയ്‌ക്ക് ഒരു പുതിയ ഉദയമാണ് ഉണ്ടായതെന്ന് മോദി പറഞ്ഞു. എൻഡിഎയ്‌ക്ക് അധികാരമില്ലാത്ത കർണാടകയിലും തെലങ്കാനയിലും ജനങ്ങൾ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുന്നണിയെ സ്വീകരിച്ചെന്ന് നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. കേരളത്തിലെ സുരേഷ് ഗോപിയുടെ വിജയവും എൻഡിഎ യോഗത്തിൽ മോദി എടുത്തുപറഞ്ഞു. കേരളത്തിൽ പാർട്ടിയുടെ നിരവധി പ്രവ‌ർത്തക‌ർ രക്തസാക്ഷികളായി. ജമ്മു കാശ്‌മീരിലേതിനെക്കാൾ പ്രയാസമായിരുന്നു അവിടെ പാർട്ടി പ്രവർത്തകർക്ക് പ്രവർത്തിക്കാൻ. അവിടെയും വിജയിച്ചിരിക്കുന്നു. കേരളത്തിൽ നിന്നും നമുക്ക് പ്രതിനിധിയെ ലഭിച്ചു.

തമിഴ്‌നാട്ടിൽ നിന്നും മുന്നണിയ്‌ക്ക് സീറ്റ് ലഭിച്ചില്ല എന്നാൽ വളരെ ശക്തമായ സംവിധാനമാണ് അവിടെയുള്ളത്. അതിനാൽ അവിടെ വോട്ട് ഷെയർ ഉയർന്നതായും മോദി ചൂണ്ടിക്കാട്ടി. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയം എൻഡിഎയുടെ ഗംഭീരവിജയമായാണ് താൻ കാണുന്നത് എന്നാൽ പ്രതിപക്ഷം അത് തടയാൻ ശ്രമിച്ചു. പ്രതിപക്ഷം കള്ളം പ്രചരിപ്പിക്കാൻ ശ്രമിച്ചതായും കപടവാഗ്‌ദാനങ്ങൾ നൽകിയതായും 10 വർഷം കഴിഞ്ഞിട്ടും കോൺഗ്രസിന് 100 സീറ്റ് തികച്ച് ജയിക്കാൻ കഴിഞ്ഞില്ലെന്നും മോദി ആരോപിച്ചു.

എൻഡിഎ എന്നാൽ പുതിയ ഇന്ത്യ, വികസിത ഇന്ത്യ, പ്രത്യാശയുടെ ഇന്ത്യ ആണെന്ന് പറഞ്ഞ മോദി മൂന്ന് പതിറ്റാണ്ടായി എൻഡിഎ ഉണ്ടെന്ന് ഓർമ്മിപ്പിച്ചു. സഖ്യകക്ഷി നേതാക്കളെയും പ്രധാനമന്ത്രി പ്രശംസിച്ചു.

Advertisement
Advertisement