സബ്സിഡി നിലച്ചു, നട്ടംതിരിഞ്ഞ് ജനകീയ ഹോട്ടലുകൾ ...... അന്യമാകുന്നു 20 രൂപയുടെ ഊണ് !

Saturday 08 June 2024 12:32 AM IST

കോട്ടയം : വിലക്കയറ്റത്തിന് പിന്നാലെ സർക്കാരിൽ നിന്നുള്ള സബ്സിഡിയും നിലച്ചതോടെ കുടുംബശ്രീ ജനകീയ ഹോട്ടലുകൾ പ്രതിസന്ധിയിലേയ്ക്ക്.

ഇരുപത് രൂപയ്ക്ക് ഊണ് വിളമ്പി സാധാരണക്കാരന്റെ മനസും വയറും നിറച്ച ഹോട്ടലുകളിൽ പകുതിയിലേറെയും പൂട്ടി. ഹോട്ടലുകൾ ആരംഭിച്ച സാധാരണക്കാരായ വനിതകളാണ് വരുമാനമില്ലാതെ നട്ടംതിരിയുന്നത്. 20 രൂപയ്ക്ക് തോരനും ഒഴിച്ചുകറിയും അച്ചാറും പപ്പടവും ഉൾപ്പെടെയുള്ള ഊണിന് പ്രിയമേറിയതോടെ ഹോട്ടലുകളുടെ വളർച്ച അതിവേഗമായിരുന്നു. തുടക്കത്തിലുണ്ടായിരുന്ന 40 ഹോട്ടലുകൾ നൂറിന് മുകളിലേയ്ക്ക് ഉയർന്നു. ഒരേ പഞ്ചായത്ത് പരിധിയിൽ ഒന്നിലധികം ഹോട്ടലുകൾ വളർന്നു. 150 ന് മുകളിൽ ശരാശരി ഊണ് പോയിരുന്നു. ഇടത്തരക്കാരും സാധാരണക്കാരും ഹോട്ടലിലേയ്ക്ക് ഒഴുകി. സബ്‌സിഡിയില്ലെങ്കിലും കാപ്പിക്കും പലഹാരത്തിനും ആളെത്തി. ആറു മാസം കൊണ്ട് വരുമാനം 6.50 കോടിയായി ഉയർന്നു. എന്നാൽ സബ്സിഡി നിലച്ചതോടെ കുടുംബശ്രീ പ്രവർത്തകർ വായ്പയെടുത്തും മറ്റുമാണ് ഹോട്ടൽ ചെലവിനുള്ള പണം കണ്ടെത്തിയിരുന്നത്.

പൂട്ടിയത് 52, ശേഷിക്കുന്നത് 58

ജില്ലയിൽ 85 ഇടങ്ങളിൽ 110 ഹോട്ടലുകളാണ് തുറന്നത്. 30 രൂപയുടെ ഊണ് വിൽക്കുമ്പോൾ സബ്സിഡിയായി 10 രൂപയും സാധാരണക്കാർക്ക് 20 രൂപ നിരക്കിൽ ഭക്ഷണവുമായിരുന്നു ആകർഷണം. കെട്ടിട വാടക, വാട്ടർചാർജ്, വൈദ്യുതി ചാർജ് എന്നിവ തദ്ദേശ സ്ഥാപനങ്ങൾ നൽകുമെന്നായിരുന്നു പ്രഖ്യാപനമെങ്കിൽ ചിലയിടങ്ങളിൽ അത് നടന്നില്ല. 2022 അവസാനം മുതലാണ് സബ്സിഡി മുടന്തിയത്. ഇതോടെ 52 ഹോട്ടലുകൾ പൂട്ടി, ശേഷിക്കുന്നത് 58 എണ്ണം. പൂട്ടിപ്പോയവയ്ക്കും സബ്സിഡി കിട്ടാനുണ്ട്.

കിട്ടാനുള്ളത് : 40 ലക്ഷം

''പച്ചക്കറിക്കും മത്സ്യത്തിനും വില കൂടിയതിനാൽ വാങ്ങാൻ കഴിയില്ല. ശീമച്ചക്കയും വാഴയ്ക്കയും പപ്പായയുമൊക്കെ ആണ് കറികൾക്ക് ഉപയോഗിക്കുക. കിട്ടുന്ന തുക സാധനങ്ങൾ വാങ്ങാൻ മാത്രമേയുള്ളൂ.
ജീവനക്കാരി, ജനകീയ ഹോട്ടൽ

Advertisement
Advertisement