എംവി ഗോവിന്ദനെതിരെ നാട്ടുകാരും, പാർട്ടി ഗ്രാമങ്ങളിൽ നിന്ന് ബിജെപിക്ക് വോട്ടുചോർന്നു, പാേയത് രണ്ടുലക്ഷം വോട്ടുകൾ

Friday 07 June 2024 3:55 PM IST

കണ്ണൂർ: തിരഞ്ഞെടുപ്പിലെ വൻതിരിച്ചടിയിൽ മനംനൊന്ത സിപിഎം അണികളുടെ വിമർശനം സോഷ്യൽമീഡിയയിൽ പരസ്യമാകുന്നതിനെ പ്രതിരോധിക്കാൻ കഴിയാതെ പ്രാദേശിക നേതൃത്വം കുഴങ്ങുന്നു. വോയ്സ് ക്ലിപ്പുകളടക്കം പോസ്റ്റ് ചെയ്തുള്ള വിമർശകരെ പ്രാദേശികനേതൃത്വം നേരിൽ കണ്ടും ഫോണിൽ ബന്ധപ്പെട്ടും അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.

പാർട്ടി ഗ്രൂപ്പുകളിൽ നിന്നും അനുഭാവി ഗ്രൂപ്പുകളിൽ നിന്നും നിരവധി പോസ്റ്റുകൾ പുറത്തുപോയ സാഹചര്യത്തിലാണ് ഇടപെടൽ. പാർട്ടിക്കേറ്റ തിരിച്ചടി സമചിത്തതയോടെ നേരിടാനും പ്രശ്നകാരണങ്ങൾ ഇഴകീറി പരിശോധിക്കാനും നേതൃത്വം തയ്യാറെടുക്കുന്നതിനിടെയാണ് അണികൾ രൂക്ഷമായി പ്രതികരിക്കുന്നത്.


തളിപ്പറമ്പിൽ പൊട്ടിത്തെറി രൂക്ഷം

പാർട്ടി അമരക്കാരനെന്ന റോൾ വഹിക്കുന്നതിൽ എം.വി.ഗോവിന്ദൻ പരാജയമാണെന്ന ആരോപണം സ്വന്തം മണ്ഡലമായ തളിപ്പറമ്പിൽ നിന്നുതന്നെ ഉയർന്നുകഴിഞ്ഞു. കെ.സുധാകരന് എട്ടായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചതിന്റെ ഉത്തരവാദിത്വം മണ്ഡലത്തിലെ എം.എൽ.എ കൂടിയായ ഗോവിന്ദനുണ്ടെന്ന വിമർശനമാണ് ഉയരുന്നത്.

ബി.ജെ.പിക്ക് ഗണ്യമായ വളർച്ചയുണ്ടാകുകയും പാർട്ടി വോട്ടുകൾ ചോരുകയും ചെയ്യുന്നത് അപകടകരമായ സാഹചര്യമാണുണ്ടാക്കിയെന്നാണ് പ്രവർത്തകരിൽ നിന്നുയരുന്ന വിമർശനം.മുഖ്യമന്ത്രി ജനവിധിയെ മാന്യമായി അംഗീകരിക്കാൻ തയ്യാറായപ്പോൾ ശതമാനകണക്കുകൾ പറഞ്ഞ് ലഘൂകരിക്കാൻ പാർട്ടിസെക്രട്ടറി നടത്തുന്ന പ്രതികരണങ്ങൾ പ്രതിസന്ധി മൂർച്ഛിപ്പിക്കുമെന്നും വിമർശനമുയരുന്നുണ്ട്.


കുറഞ്ഞത് 2.12 ലക്ഷം വോട്ടുകൾ

നിയമസഭ തിരഞ്ഞെടുപ്പിൽ നിന്ന് ലോക് സഭയിലെത്തുമ്പോൾ എൽ.ഡി.എഫിന് ജില്ലയിൽ 2.12 ലക്ഷം വോട്ടുകൾ കുറഞ്ഞതും വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഈ വോട്ടുകൾ വോട്ടുകൾ ബി.ജെ.പിക്കും യു.ഡി.എഫിനും ലഭിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. യു.ഡി.എഫിന് ജില്ലയിൽ 1.54 ലക്ഷത്തിന്റെ വോട്ടുവർദ്ധനയുണ്ട്.ബി.ജെ.പിക്ക് 60200 വോട്ടുകളും വർദ്ധിച്ചു. പാർട്ടി ശക്തികേന്ദ്രങ്ങളിലെ ഓരോ ബൂത്തിലും 50 മുതൽ 100 വരെ വോട്ടുകൾ സി.പി.എമ്മിന് നഷ്ടമായതായാണ് കണക്കുകൾ.

Advertisement
Advertisement